കൂളിമാട് : നിർമ്മാണം പൂർത്തിയായ കൂളിമാട് പാലം 31 ന് ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ എളമരം - കൂളിമാട് റോഡ് യാത്രക്കാർ കയ്യൊഴിഞ്ഞേക്കും. ഒരു നൂറ്റാണ്ട് പഴക്കമുള്ളതും വീതിക്കുറവും അതീവ അപകട സാധ്യതയുള്ള കയറ്റിറക്കവും വളവും തിരിവും നിറഞ്ഞതുമായ ഈ പാത നവീകരിക്കുന്നതിൽ അധികൃതരുടെ അലംഭാവവും എളമരം വയലിൽ റോഡ് നിവർത്താത്തതും കൂളിമാട് അത്തൂളിതാഴം- വെസ്റ്റ് പാഴൂർ ബൈപാസ് റോഡ് യാഥാർത്ഥ്യമാകാത്തതുമാണ് പ്രധാന കാരണം.
ചെറുവാടി, മണാശ്ശേരി, കളൻതോട് ഭാഗങ്ങളിൽ നിന്ന് മാവൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് കൂളിമാട് പാലം കടന്ന് കയറ്റിറക്കമില്ലാത്ത മപ്രം , എളമരം പാലം വഴി മാവൂരിലെത്താൻ കുറഞ്ഞ സമയം മതി. മാവൂരിൽനിന്ന് കൂളിമാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഈ പാത ആശ്രയിച്ചേക്കും. കൂളിമാട് ഭാഗത്തുനിന്ന് മെഡി: കോളേജ്, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാർക്ക് മാവൂരിൽ പോകാതെ എളമരം, വാലില്ലാപ്പുഴ , വാഴക്കാട്, ഊർക്കടവ് വഴി പെരുവയലിലെത്തുക എളുപ്പമാകും. കൂളിമാട് - എളമരം പാതയിലെ ഗതാഗത തടസ്സത്തിൽനിന്ന് അതു വഴി മോചനവും ലഭിക്കും
Tags:
KOOLIMAD
