✍🏻️ഗിരീഷ് കാരക്കുറ്റി
ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു റിട്ടേർഡ്
എസ് ഐ സുരേഷ് (57) അന്തരിച്ചു.
തൊണ്ണൂറുകളിൽ പാരലൽ കോളേജിന്റെ ഈറ്റില്ലമായിരുന്ന മുക്കത്ത് ഡസൻ കണക്കിന് പാരലൽ കോളേജും ആയിരക്കണക്കിന് വിദ്യാർത്ഥികളെയും ഉൾകൊള്ളാൻ കഴിയാനാകാതെ വീർപ്പുമുട്ടുകയായിരുന്നു ആ പ്രണയ നഗരം.
അതിലൊന്നായ പ്രേംചന്ദ് പാരലൽ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നപ്പോൾ എക്കണോമിക്സിന് ക്ലാസ്സെടുക്കാൻ അധ്യാപകനായി വന്നത് നീണ്ട വെളുത്തു മെലിഞ്ഞ നിറപുഞ്ചിരിയിലെ താടിക്കാരൻ ചാത്തമംഗലത്തെ സുരേഷ് മാഷ് ആയിരുന്നു.
പൊതുവേ തമാശക്കാരനായിരുന്ന അദ്ദേഹത്തിന്റെ ക്ലാസിലിരിക്കാൻ ഞങ്ങൾ കുട്ടികൾക്കെല്ലാവർക്കും വലിയ ഉത്സാഹമായിരുന്നു.
എനിക്ക് വലിയ താല്പര്യമില്ലാത്ത സബ്ജക്ട്
നർമ്മഭരിതമായി അവതരിപ്പിച്ച് ക്ലാസ്സിൽ മധുര പായസം വിളമ്പി എക്കണോമിക്സിനെ ഹൃദിസ്ഥമാക്കി തന്ന സുരേഷ് മാഷിനെ മറക്കാൻ കഴിയില്ല.
ജീവിതയാത്രയിൽ പല വേഷങ്ങൾ കെട്ടിയപ്പോൾ ആദ്യ വേഷം അധ്യാപകനായിരുന്നു ,പിന്നീട് നീതി പാലിക്കാൻ
കാക്കി ധരിച്ച് സബ് ഇൻസ്പെക്ടറായി ഔദ്യോഗികജീവിതം പൂർത്തിയാക്കിയപ്പോൾ നാട്ടിൽ സാമൂഹ്യ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു മറ്റൊരു വേഷം ധരിച്ച് യാത്ര തുടരുമ്പോൾ , പ്രഭാത സവാരിക്ക് ശേഷം ഷട്ടിൽ കളിക്കിടയിൽ കൂട്ടുകാരെ അറിയിക്കാതെ മരണം മാടിവിളിച്ചപ്പോൾ ആരോടും യാത്ര പറയാതെ തിരിച്ചുവരാൻ പറ്റാത്ത ലോകത്തേക്ക് യാത്ര ആരംഭിക്കുമ്പോൾ പ്രിയപ്പെട്ട സാർ മറക്കില്ലൊരിക്കലും നിങ്ങളെ .
അന്ന് മുക്കത്തെ പ്രേംചന്ദ് പാരലൽ കോളേജിൽ അങ്ങ് നൽകിയ സ്നേഹാമൃദത്തിന്റെ രുചിയും ആ നിഷ്കളങ്ക മുഖഭാവവും , നിറപുഞ്ചിരിയിലെ മിഴിയടഞ്ഞെങ്കിലും മായാതെ മനസ്സിൽ ഞങ്ങൾ സൂക്ഷിക്കും. കണ്ണീർ പ്രണാമം.
Tags:
MUKKAM
