കീഴുപറമ്പ്. ഒരു പതിറ്റാണ്ട് കാലം സ്വന്തം കെട്ടിടമില്ലാതെ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ച് പോന്നിരുന്ന കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് അങ്കണവാടിക്ക് പുതിയ കെട്ടിടമായി. 1982ൽ ആരംഭിച്ച അങ്കണവാടിയുടെ കെട്ടിടം പഴകി ജീർണ്ണിച്ചതിനെ തുടർന്ന് സുരക്ഷാ ഭീഷണി ഉള്ളതിനാൽ കുട്ടികളെ വാടക കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.എന്നാൽ പല കാരണങ്ങളാൽ പരേതനായ മൂത്തേടത്ത് അപ്പുണ്ണി സൗജന്യമായി നൽകിയ മൂന്നു സെന്റ് സ്ഥലത്ത് കുഴിയെടുത്തതല്ലാതെ മറ്റൊരു നിർമ്മാണ പ്രവർത്തിയും നടന്നില്ല. ഇതുമൂലം പത്ത് വർഷത്തോളമാണ് വാടക വീടുകൾ മാറിമാറി അങ്കണവാടിക്ക് പ്രവർത്തിക്കേണ്ടിവന്നത്.
2020 ൽ കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പുതിയ ഭരണസമിതി നിലവിൽ വന്ന ശേഷം രണ്ടാം വാർഡ് മെമ്പർ പി.കെ മുഹമ്മദ് അസ്‌ലമിന്റെ നേതൃത്വത്തിലാണ് പുതിയ അംഗണവാടിയുടെ കെട്ടിട നിർമ്മാണം ആരംഭിച്ചത്.
തൃക്കളയൂർ കല്ലിട്ട പാലം പരേതനായ പി.കെ മുഹമ്മദലി ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ് പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചത്.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഐ സി ഡി എസ് ഫണ്ടും,പ്ലാൻ ഫണ്ടും ഉപയോഗിച്ച് 16 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.
തിങ്കളാഴ്ച വൈകിട്ട് 4.30ന് ഏറനാട് എം.എൽ.എ പി.കെ ബഷീർ അങ്കണവാടിയുടെ കെട്ടിടോദ്ഘാടനം നിർവഹിക്കും.
ശേഷം തൃക്കളയൂർ ദയാ സെന്റർ പരിസരത്ത് അങ്കണവാടി കുട്ടികളുടെയും, കുടുംബശ്രീ വനിതകളുടെയും കലാവിരുന്നും അരങ്ങേറും.
Tags:
KIZHUPARAMB
