✍️ ജാഫർ - കൈക്കലാടൻ
ഓണം, വിഷു, പെരുന്നാൾ , ക്രിസ്മസ്സ് എല്ലാം നമ്മൾ ഭംഗിയായി ആഘോഷിക്കുന്നു. പുതിയ ഡ്രസ്സുകൾ വാങ്ങുന്നു, നല്ല ഭക്ഷണങ്ങൾ ഉണ്ടാക്കുന്നു , സുഹൃത്തുക്കളെ വിളിക്കുകയും അവരോടൊന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. പിന്നീട് പലരും കുടുംബ വീടുകൾ സന്ദർഷിക്കാനോ സിനിമ കാണാനോ ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ പോയിരിക്കാനോ സമയം കണ്ടെത്തുന്നു. അപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പശിയടക്കാൻ മാർഗമില്ലാതെ വിഷമിച്ചിരിക്കുന്ന ധാരാളമാളുകളുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. ഏതാനും ദിവസങ്ങൾക്ക് മുന്നെ ഒരു സുഹൃത്ത് അവന്റെ പരാധീനകൾ കാരണം സഹായിക്കാൻ പറ്റിയ വല്ല ചാരിറ്റിക്കാരുമുണ്ടോ എന്നന്വേഷിച്ച് സന്ദേശമയക്കുകയുണ്ടായി. രോഗകാരണങ്ങളാൽ പണിക്കൊന്നും പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് അങ്ങനെയൊരു സന്ദേശമയക്കാൻ അവൻ നിർബന്ധിതനായത്. അവന് ഒന്നും ചെയ്തുകൊടുക്കാൻ പറ്റിയില്ലല്ലോ എന്ന ബോധം മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു. അത്രക്കും പ്രയാസത്തിലായിട്ടല്ലാതെ ആരും തന്നെ മറ്റൊരാളുടെ മുന്നിൽ താനനുഭവിക്കുന്ന ഇല്ലായ്മകൾ തുറന്ന് കാട്ടില്ലായെന്നാണ് എന്റെ വിശ്വാസം. ദാരിദ്ര്യത്തിന്റെ ഇരുളടഞ്ഞ വഴികളിലൂടെ ഏറെ ദൂരം സഞ്ചരിച്ചവർക്ക് അത്തരം വാർത്തകൾ കേൾക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത നൊമ്പരമാണ് അനുഭവിക്കേണ്ടി വരിക.
കലാപങ്ങൾ യുധങ്ങൾ പ്രകൃതിക്ഷോഭങ്ങൾ മുതലായവ കൊണ്ട് എത്രയോ പേർക്കാണ് പിറന്നുവീണ മണ്ണിൽ നിന്നും പലായനം ചെയ്യേണ്ടി വരുന്നത്. കൂടാതെ പിഞ്ചുകുഞ്ഞുങ്ങളടക്കം ധാരാളം പേർ അനാഥരായി തീരുകയും ചെയ്യുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി മറ്റുള്ളവന്റെ മുന്നിൽ കൈ നീട്ടേണ്ടിവരുന്ന രംഗം ഓർക്കാനേ വയ്യ. രോഗപീഢകൊണ്ടും തൊഴിലില്ലായ്മയാലും മക്കൾക്ക് ഭക്ഷണം നൽകാനും വസ്ത്രങ്ങൾ വാങ്ങി നൽകാനും സാധിക്കാതെ നൊമ്പരപ്പെടുന്ന അനേകായിരങ്ങളൊഴുക്കുന്ന കണ്ണീരിനടയിൽ കൂടിയാണ് ഓരോ ആഘോഷവും കടന്നുപോകുന്നത്. അവരങ്ങനെ ആയിത്തീർന്നത് അവരുടെ കുറ്റം കൊണ്ടെല്ലായെന്ന സത്യം തിരിച്ചറിയുന്നിടത്താണ് മനുഷ്യത്വം എന്ന ചിന്ത ഉൽഭവം കൊള്ളുന്നത്. ആഘോഷങ്ങൾ ആർഭാടമാക്കാതെ അത്തരം ആളുകളെ അനുഭാവപൂർവം ചേർത്ത് പിടിക്കേണ്ടതും ഇന്നിന്റെ ആവശ്യകതയാണ്.
Tags:
My Pen
