✍️ ഗിരീഷ് കാരക്കുറ്റി
യുവത്വത്തിന്റെ പ്രസരിപ്പിൽ ഓടിച്ചാടി നടക്കേണ്ട കാലത്ത് ജീവിത പ്രാരാബ്ധങ്ങളുടെ മതിൽക്കെട്ടുകൾ മുറിച്ചു കടക്കാൻ ,നാലു പതിറ്റാണ്ടുകൾക്കപ്പുറം എം എ മുഹമ്മദ് സാഹിബിന്റെ തമിഴ്നാട്ടിലെ സോളയാർ ഉൾവനത്തിൽ കൂപ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്തൊരു സായംസന്ധ്യയിൽ, മുറിച്ചു കൊണ്ടിരിക്കുന്ന മരം ദേഹത്തേക്ക് മറിഞ്ഞു വീണ് അരക്കു താഴെ ഗുരുതര പരിക്കുകളോടെ നിന്ന നേരം, കൂടെയുള്ള സുഹൃത്തുക്കൾ മരം കയറ്റിക്കൊണ്ടിരിക്കുന്ന ലോറിയിൽ നിന്നും മരം ഇറക്കി ഉണ്ണിമോയി കാക്കയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് കുതിച്ച് ചികിത്സ നേടിയിട്ടും ഫലമുണ്ടായില്ല.
അന്നുമുതൽ അരക്കു താഴെ നിശ്ചലമായെങ്കിലും മനസ്സിനെയും ഓർമ്മകളെയും നിശ്ചലമാക്കാൻ കഴിഞ്ഞില്ല.ഏകദേശം നാല് പതിറ്റാണ്ടോളം വേദനകളും യാതനകളും കടിച്ചമർത്തി ജീവിതയാത്ര തുടർന്നു .യാത്രയിലുടനീളം അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരായ സി ആലികാക്ക,പള്ളിത്തൊടിക മുഹമ്മദ് കാക്ക.തറമ്മൽ അബു, കണ്ണഞ്ചേരി അബ്ദുള്ള മാസ്റ്റർ തുടങ്ങിയവരും, സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും അദ്ദേഹത്തെ ചേർത്തു പിടിച്ചപ്പോൾ .താനൊറ്റക്കല്ലയെന്ന ചിന്തയിൽ ജീവിതയാത്ര മധുര ഭരിതമായി.
അദ്ദേഹത്തിനെ ഇടക്കിടയ്ക്ക് സന്ദർശിക്കുന്ന ഒരാളെന്ന നിലക്ക് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.മരിക്കാത്ത ഓർമ്മകളുടെ ഒരു കലവറയായിരുന്നു അദ്ദേഹമെന്ന് .നാട്ടിലെ ഓരോ സ്പന്ദനങ്ങളും അദ്ദേഹത്തിനറിയാമായിരുന്നു.അതിലൊക്കെ അദ്ദേഹത്തിന് അഭിപ്രായങ്ങളുമുണ്ടായിരുന്നു.
കാലചെറുപ്പം മുതലുള്ള ചെറിയ ചെറിയ സംഭവങ്ങളും ചരിത്രങ്ങളും അദ്ദേഹത്തിനറിയാമായിരുന്നു. ചരിത്രന്വേഷകർക്കും വിദ്യാർത്ഥികൾക്കും അദ്ദേഹമൊരു പാഠപുസ്തകമായിരുന്നു.എല്ലാവരോടും സ്നേഹം മാത്രം കൈമുതലാക്കിയ അദ്ദേഹത്തിന്റെ വേർപാട് ഗ്രാമത്തിന് തീരാനഷ്ടമാണ്.
പാവന സ്മരണക്കുമുമ്പിൽ കണ്ണീർ പ്രണാമം.
