Flash News

Nattu Media

അമ്മുട്ടിയുടെ ചായക്കട, ചന്തുവേട്ടന്റേയും.


അമ്മുട്ടി
ചേച്ചിയുടെ അച്ചൻ ചന്തുവേട്ടൻ നാടിന്റെ ഒരു കാലഘട്ടത്തെ കടുപ്പത്തിലും അല്ലാതെയുമൊക്കേയായി ധാരാളം ചായയും കടികളും കഴിപ്പിച്ചടമാണിത്. നൂറിനടുത്ത് പഴക്കം കണക്കാക്കുന്ന ഈ കെട്ടിടത്തിൽ അന്ന് പത്രം വായനക്കും, രാഷ്ട്രീയവും തമാശയുമൊക്കെ പറയാനായി സ്ഥിരമായെത്തുന്നവരുടെ സംഗമ കേന്ദ്രം കൂടിയായിരുന്നു ഇവിടം.

ഇവിടെ വന്ന് സ്ഥിരമായി ചായയും ചുട്ട പപ്പടവും കഴിച്ച് പോന്നിരുന്ന ഒന്ന് രണ്ട് ആളുകൾ കൂടി വർഷങ്ങൾക്ക് മുബ് ഈ ലോകത്തോട് വിട പറഞ്ഞ് പോയപ്പോൾ, അമ്മുട്ടി ചേച്ചിയും അച്ചൻ ചന്തുവേട്ടന്റെ ഓർമ്മകളും വീണ്ടും ദാ ഇവിടെ ഒറ്റക്കായി.

ഇന്നിവിടെ ഒരു ചായ പോലും ഉണ്ടാക്കുന്നില്ലെങ്കിലും അമ്മുട്ടി ചേച്ചി തന്റെ അച്ചന്റെ ഓർമ്മകളുറങ്ങുന്ന ഈ സ്ഥലം ദിവസവും രാവിലേയും വൈകിട്ടും വന്ന് വൃത്തിയാക്കും, ചായ കഴിക്കാനാരും വരില്ലെങ്കിലും ഓലക്കൊടി വച്ച് അടുപ്പ് കത്തിക്കും, പുക ഉയർത്തും. ഒരുപാട് പേർ അമ്മുട്ടി ചേച്ചിയോട് ആ സ്ഥലം വിൽപ്പനക്ക് ചോദിച്ചെങ്കിലും തന്റെ ജീവിതകാലം കഴിയും വരേ അച്ചന്റെ ഓർമ്മകളുറങ്ങുന്ന ഈ മണ്ണ് ആർക്കും വിട്ട് കൊടുക്കില്ലെന്ന് അമ്മുട്ടി ആവർത്തിച്ച് പറഞ്ഞു കൊണ്ടിരിക്കും. പശുക്കളെ വളർത്തിയും പാൽ വിറ്റും ജീവിതോപാധി കണ്ടെത്തുന്ന അമ്മുട്ടി ചേച്ചി ആരോടും പറയാത്ത കുറേയേറെ ജീവിത കഥകളുടെ ചെപ്പാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

"തന്റെ ഓർമ്മകളൊക്കേയും തളം കെട്ടി കിടക്കുന്ന മണ്ണിൽ, ഈ പഴയ കെട്ടിടത്തിൽ വെറുതേ അടുപ്പ് കത്തിച്ചും,മരത്തിന്റെ പഴയ നരപ്പൊളി തുറന്നും തുടച്ചും ഓർമ്മകൾ കാഞ്ഞങ്ങനെ അമ്മുട്ടി ചേച്ചി ഇന്നും ഇവിടെ ഇരിപ്പുണ്ട്."

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)