Flash News

Nattu Media

ജൂലൈ 15ൻ തോണിയപകട ഓർമ്മയിൽ കണ്ണീർകടവിലെ നൊമ്പരമായി കാണാമറയത്ത് ഉസ്സൻ കുട്ടിക്ക

✍️ ഗിരീഷ് കാരക്കുറ്റി

പ്രിയ സുഹൃത്ത് ഉസ്സൻ കുട്ടിക്ക ജീവിച്ചു കൊതി തീർന്നിട്ടില്ല.നീണ്ട വർഷക്കാലം ജീവിതത്തിൻെറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി തിരിച്ചയാത്രയിൽ  പ്രവാസ ലോകത്തെ വിയർപ്പിൽ ബാക്കിവെച്ച സമ്പാദ്യവുമായി നാട്ടിലേക്ക് തിരിച്ചു മക്കളും മരുമക്കളുമൊത്ത് സന്തോഷകരമായി  കടന്നുപോകുമ്പോൾ . അപ്രതീക്ഷിതമായി വിരുന്നെത്തുന്ന വിഷാദ ത്തിനുമുമ്പിൽ പിടികൊടുക്കാതെ സ്നേഹസമ്പന്നനായി രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവസാന്നിധ്യമായിരുന്നദ്ദേഹം.

ഹരിത പതാകയോട് ചേർന്ന് നിന്ന്   ആവേശത്തിമർപ്പിൽ സംഘടനാ പ്രവർത്തനം നടത്തുമ്പോഴും ഞാനുൾപ്പെടെയുള്ള പൊതുപ്രവർത്തകരെ ബഹുമാനിക്കുകയും സ്നേഹം പങ്കിടുകയും ചെയ്തിരുന്നു.

കാലം എത്ര കഴിഞ്ഞാലും,  ഇരുവഴിഞ്ഞി കര കവിഞ്ഞെത്രയൊഴുകിയിട്ടും, മായ്ച്ചിട്ടും  മായാതെ കിടക്കുന്നു 82ലെ ആ തോണിയപകടവും കണ്ണീരോർമയിലെ ആ മൂന്നുപേരും , ഇപ്പോൾ കാണാമറയത്ത് ഉസ്സൻ കുട്ടിക്കയും ഗ്രാമത്തിന്റെ നൊമ്പരമായി അവശേഷിക്കുന്നു.

Ad
41 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു ജൂലായ് 15ന്ന് കര കവിഞ്ഞൊഴുകുന്ന ഇരുവഴിഞ്ഞിപുഴയിലെ  തെയ്യത്തും കടവിൽ  അരച്ചാൺ വയറ് നിറക്കാനും  ജീവിതത്തിൻെറ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിന്  ജോലി തേടി പോകുന്നവനും, കൂടാതെ വിദ്യാർഥികളും, ബന്ധു വീടുകളിലേക്ക് പോകുന്നവനും, കൈക്കുഞ്ഞുങ്ങളേന്തിയ അമ്മമാരും    എല്ലാവരുമുണ്ടായിരുന്നു ആ തോണിയിൽ .

ചേന്നമംഗലൂരിൽ നിന്ന് പുറപ്പെടുന്ന ബസ്സിൽ കയറി പറ്റാൻ വേണ്ടിയുള്ള വെപ്രാളത്തിൽ എട്ടോ ഒമ്പതോ ആൾക്ക് കഷ്ടിച്ച് കയറാവുന്ന  തോണിയിൽ  ഇരട്ടിയിലധികം ആളുകൾ കയറിയതാണ് മരണയാത്രയിലേക്ക് വഴിവെച്ചത് .

 കൂലംകുത്തി ഒഴുകുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ തെയ്യത്തും കടവിൽ മുക്കത്തിന്റെ പ്രണയ നായകൻ  മൊയ്തീൻ, കാഞ്ചനയെ തനിച്ചാക്കി ഉസൻകുട്ടിയെയും അംജിത് മോനെയും മാടി വിളിച്ച് ഇരു വഴിഞ്ഞിയുടെ അഘാത ഗർത്തത്തിലേക്ക്  ഊളിയിട്ടു പോയ  അതെ തെയ്യത്തും കടവിനെ ,  അതേ ജൂലൈയിൽ വീണ്ടും കണ്ണീർ കടവാക്കി മാറ്റി.

എന്റെ ഗ്രാമം ഉറങ്ങിയിട്ടില്ല.കണ്ണീർമഴ പെയ്തുകൊണ്ടേയിരിക്കുന്നു .രൗദ്രഭാവം പൂണ്ട് നക്കിതുടച്ചൊഴുകുന്ന ഇരുവഴിഞ്ഞിയുടെ ഏതോ കോണിൽ ഞങ്ങളുടെ ഉസ്സൻകുട്ടി കാക്കയെ തണുത്ത മെത്തയിൽ കിടത്തിയുറക്കിയിട്ടുണ്ടാവും.  

ഇരുവഴിഞ്ഞിയുടെ ഇരുതീരത്തും നൂറുകണക്കിനാളുകൾ കോരിച്ചൊരിയുന്ന മഴയിലും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അയാൾ തിരിച്ചു വരുമെന്ന് .

സന്നദ്ധ സംഘടനകളും,പോലീസും ഫയർഫോഴ്സും രാത്രി വൈകിട്ടും തിരച്ചിൽ തുടരുക തന്നെയായിരുന്നു.
പന്ത്രണ്ടാം നാളിലും  എൻ്റെ നാട്ടുകാരും സന്നദ്ധ സംഘടന പ്രവർത്തകരും കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുകയാണ് തിരിച്ചുതരും എന്ന പ്രതീക്ഷയിൽ,

 എന്നാൽ ഇരുവഴിഞ്ഞിയുടെ  സ്നേഹപങ്കിടലിനൊരവസാനമില്ലെ? തിരിച്ചു തരാതെ മാറിലെവിടെയോ ഒളിപ്പിച്ചു ഞങ്ങളെ പരീക്ഷിക്കല്ലേ ....

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)