ചെറുവാടി: ആറു ദിവസം മുൻപ് തെയ്യത്തുംകടവിൽ കാണാതായി നാടിന്റെ നോവായി മാറിയ ഉസ്സൻകുട്ടി സാഹിബിനു വേണ്ടി രാവെന്നോ പകലെന്നോ നോക്കാതെ തളർച്ചയറിയാതെ ഇറങ്ങിയിരിക്കുകയാണ് ഇടവഴിക്കടവ് സന്നദ്ധ സേനാംഗങ്ങൾ. ജോലികളെല്ലാം മാറ്റിവെച്ചു കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയത്തും ഇവർ ഇരുവഴിഞ്ഞിയുടെ നിഗൂഢതകളിൽ ഉസ്സൻ കുട്ടി സാഹിബിന് വേണ്ടി തിരച്ചിലിലായിരുന്നു. തങ്ങളുടെ അശ്രദ്ധ കൊണ്ടും അലസത കൊണ്ടും ഉറ്റവരുടെ കാത്തിരിപ്പും സങ്കടവും നീണ്ടുപോവാൻ പാടില്ല എന്ന നിശ്ചയദാർഢ്യമാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്. ഈ ഉദ്യമത്തിൽ കൂടെയുള്ള സർക്കാർ സംവിധാനങ്ങൾക്കും മറ്റ് സന്നദ്ധ കൂട്ടായ്മകൾക്കും കരുത്തുറ്റ പിന്തുണ നൽകി പകൽ സമയങ്ങളിൽ ഇരുവഴിഞ്ഞിയുടെ മുക്കിലും മൂലയിലും രാത്രി ഇടവഴിക്കടവ് പാലത്തിൽ നിന്ന് നിരീക്ഷിച്ചും ഈ കൂട്ടായ്മ സഹജീവിക്കു വേണ്ടി നിതാന്തജാഗ്രതയിലാണ്.
Ad
നാസർ തെന്നഞ്ചേരി, ജുനൈദ് കാഴായിക്കൽ, സാലിം പാറമ്മൽ, സി പി ശമീർ, ഫായിസ് കമ്പളത്ത്, അമീൻ കാട്ടയാട്ട്,അലി കല്ലങ്ങൽ,ബിച്ചൻ തെക്കെത്തോടിക, യാസർ കട്ടയാട്ട്, ഇബ്രാഹിം കട്ടയാട്ട്, ഷറഫലി കട്ടയാട്ട്, ഹക്കീം പാറമ്മൽ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷപ്രവർത്തനം നടക്കുന്നത്.

