ദക്ഷിണ സൗദിയിലെ അബ്ഹയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ഹാരിസിന്റെ മൃതദേഹം നാട്ടിലെത്തിക്കും . അൽസുദ-റിജാൽ അൽമ റോഡിലെ ചുരത്തിൽ വാഹനം മറിഞ്ഞ് ചെറുവാടി സ്വദേശി അക്കരപറമ്പിൽ ഹാരിസാണ് (35) മരിച്ചത്. കൂടെ ഉണ്ടായിരുന്ന മലപ്പുറം വാഴക്കാട് സ്വദേശി ഫാദിൽ സാദിക്ക്, കോഴിക്കോട് മുക്കം സ്വദേശി മുജീബ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്.
അബ്ഹയിൽനിന്ന് റിജാൽ അൽമയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. അബ്ഹയിലെ ഖാലിദിയ്യ ജംഇയ്യത്തുൽ മനാസിൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹാരിസ് ചെറുവാടിയും സുഹൃത്തുക്കളും പൗരാണിക ഗ്രാമമായ റിജാൽ അൽമയിലേക്ക് പോകുകയായിരുന്നു. യാത്രക്കിടയിൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിടുകയായിരുന്നു. ഹാരിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
നേരത്തെ സൗദിയിലുണ്ടായിരുന്ന ഹാരിസ് പ്രവാസം അവസാനിപ്പിച്ച് പോയശേഷം ആറുമാസം മുമ്പാണ് പുതിയ വിസയിൽ തിരിച്ചെത്തിയത്.
അലിക്കുട്ടി-ആയിഷുമ്മ ദമ്പതികളുടെ മകനാണ് ഹാരിസ്. സഹോദരങ്ങളായ അമീറുദ്ദീർ, ശംസുദ്ദീൻ, നിസാർ അഹമ്മദ് എന്നിവർ സൗദിയിലുണ്ട്. ഫസീഹയാണ് ഹാരിസിന്റെ ഭാര്യ. മക്കൾ: മുഹമ്മദ് സയ്യാൻ അലി (അഞ്ച്), ആയിഷ നൈറ (രണ്ട്).

