✍️ ജാഫർ - കൈക്കലാടൻ
ജൂണിൽ മാറി നിന്ന മഴ ജൂലായിൽ തിമിർത്ത് പെയ്തുകൊണ്ടിരിക്കുന്നു. പുഴയും തോടും കരകവിഞ്ഞൊഴുകി പാടത്തും പറമ്പിലും വെളളം എത്തിതുടങ്ങി. താഴ്ന്ന പ്രദേശങ്ങളിൽ വസിക്കുന്നവർ കൊങ്ങംവെള്ളത്തെ ഭയന്ന് കഴിയുന്ന അവസ്ഥയിലുമായി . മഴ ഒഴിഞ്ഞ്നിന്നപ്പോൾ പെയ്തിരുന്നെങ്കിലെന്ന് ആശിച്ചവർ ഇപ്പോൾ അതിനെ അശ്രീകരം എന്നു പറഞ്ഞുതുടങ്ങി.
മഴ പെയ്ത്ത് തുടങ്ങിയിട്ടേയുള്ളൂ , അപ്പോഴേക്കും പുഴ കരകവിഞ്ഞൊഴുകാൻ തുടങ്ങി. ഇനിയും ശക്തി പ്രാപിച്ചാൽ എന്തായിരിക്കും അവസ്ഥ. വർഷങ്ങൾക്ക് മുമ്പ് വരെ മഴ പെയ്യുമ്പോഴേക്കും ഇന്നത്തെ പോലെ നമ്മൾ ഭീതിയോടെ കഴിയാറില്ലായിരുന്നു. അതിനുള്ള കാരണം വെള്ളം പാടത്തും പറമ്പിലും അരിച്ചിറങ്ങി മഴ പിന്നെയും ശക്തി പ്രാപിച്ചാൽ മാത്രമേ പുഴ കരകവിഞ്ഞൊഴുകുകയുള്ളൂയെന്ന വിശ്വാസമായിരുന്നു. ഇന്നാ അവസ്ഥക്കൊക്കെ മാറ്റം വന്നു. കുന്നായ കുന്നെല്ലാം ഇടിച്ചു നിരത്തി വെള്ള സംഭരണിയായ പാടങ്ങളെല്ലാം മണ്ണിനാൽ നികത്തി. കൂടാതെ വെള്ളത്തിന് അരിച്ചിറങ്ങാൻ സാധിക്കാത്ത വിധത്തിൽ വീടുകളുടെ മുറ്റമെല്ലാം ഇന്റർലോക്ക് കട്ടകൾ പാകുകയും ചെയ്തു. കിണറുകളിലേക്കും ധാരാളം വെള്ളം അരിച്ചിറങ്ങാറുണ്ടായിരുന്നു. കുഴൽ കിണറുകൾ വ്യാപകമായതോടെ ആ മാർഗവും അടഞ്ഞു. മണലിന് പകരമായി പാറപ്പൊടി വീടു നിർമാണങ്ങൾക്ക് ഉപയോഗിക്കാൻ തുടങ്ങിയതോടെ പുഴകളെല്ലാം കൂടുതൽ വെള്ളം ഉൾക്കൊള്ളാൻ പറ്റാത്ത അവസ്ഥയിലായി തീരുകയും ചെയ്തു. മണൽ വാരാൻ അനുമതി നിഷേധിച്ചതും ഒരു കാരണമാണ്. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലുള്ള മണൽ വാരൽ ആരംഭിക്കുകയും ബാക്കിയുള്ള ചതുപ്പുനിലങ്ങൾ നികത്താതിരിക്കുകയും ചെയ്താൽ ഒരു പരിധിവരെ ഇപ്പോഴത്തെ അവസ്ഥയെ നമുക്ക് പ്രതിരോധിക്കാം. പ്രകൃതിയുടെ സന്തുനലാവസ്ഥക്ക് കോട്ടം വരുത്തിയാൽ അതിനുള്ള ശിക്ഷ നമ്മൾ അനുഭവിക്കുക തന്നെ ചെയ്യും എന്ന് സാരം.
Tags:
My Pen
