_✍🏻️മജീദ് മാസ്റ്റർ കൊടിയത്തൂർ_
ചെവിയോർക്കുക; അന്തിമ കാഹളം എന്നോർമ്മപ്പെടുത്തി
വായനക്കാരെ വിസ്മയിപ്പിച്ച്
മുമ്പേ നടന്ന് നീങ്ങിയ 'ഒരു മനുഷ്യൻ' .
വെളിച്ചത്തിനെന്തു വെളിച്ചം!
എന്നുരുവിട്ട്
നീല വെളിച്ചം കൊണ്ടമ്പരപ്പിച്ച്,
വഴിയാകെ വെളിച്ചം വിതറി
പറച്ചിലെഴുത്തിന്റെ വാക്കുകൾക്കുള്ളിൽ
മാനവികതയുടെ 'തേന്മാവ് ' നട്ട് പഥികർക്കായ് അകവും പുറവും വെളിച്ചം കൊളുത്തിയ വിശ്രുത ജ്ഞാനി!.
മലയാള സാഹിത്യ രചനയിൽ പതിവു വഴിയിൽ നിന്ന് മാറി പുതുവഴിവെട്ടി നവ ചുവടു തീർത്ത് കാടായിത്തീർന്ന ഒറ്റമരം.
എഴുത്തു വീട്ടിലെ ഒരേയൊരു സുൽത്താൻ .
വൈക്കം മുഹമ്മദ് ബഷീറിന്റെ
ഇരുപത്തിയൊമ്പതാം ഓർമ്മ ദിനം .
കൊല്ലം മുപ്പതായിട്ടും മുറതെറ്റാതെ സുൽത്താന്റെ ബേപ്പൂരെ വൈലാലിൽ മുറ്റത്തെ മാംഗോസ്റ്റിൻ മരച്ചോട്ടിലൊരുമിക്കുന്ന നാനാ തുറകളിലുള്ള
മനുഷ്യർ എന്തൊരു വികാരപ്പുറത്തായിരിക്കും ഇങ്ങനെയൊരുമിക്കുന്നത്!
നാട്ടിൻപുറങ്ങളിൽ,
സ്കൂളുകളിൽ സാംസ്കാരിക കൂട്ടായ്മകളിൽ സർവ്വകലാശാലകളിൽ എന്നു വേണ്ട വായനയെ ഇഷ്ടപ്പെടുന്നിടങ്ങളിലെല്ലാം എല്ലാ ജൂലൈ അഞ്ചിനും സ്മരിക്കപ്പെടാൻ ഭാഗ്യം കിട്ടിയ ഒരെഴുത്തുകാരനായി യാരുണ്ടിതുപോലെയൊന്ന് ?
നമ്മുടെ ഭാഷയിൽ മറ്റൊരാൾക്കും ലഭ്യമാവാത്ത പൊതു സ്വീകാര്യതയെങ്ങനെയാണ് സുൽത്താനെ തേടിയെത്തിയത്.? എഴുതിക്കൂട്ടിയത് നോക്കിയാൽ കനപ്പെട്ട രചനകൾ വേറെയുമുണ്ടല്ലോ ?
ഇതേ പോലെ ഓർമ്മകളുടെ പൂക്കാലം നീർക്കുന്ന എഴുത്തുകാരനെ നമുക്ക് വേറെ വല്ലാതെ കാണാനാവില്ല !
കൊച്ചു കുട്ടികൾ മുതൽ ജീവിത സായാഹ്നത്തിലെത്തിയർ, സമൂഹത്തിന്റെ ഉയർച്ചയിലും താഴ്ചയിലുമുള്ള പച്ചയായ മനുഷ്യർ വരെ നിരന്തരം ബഷീർ കൃതികൾ വായിച്ചു കൊണ്ടേയിരിക്കുന്നു.
'കഥകൾ പറഞ്ഞ് കഥകൾ പറഞ്ഞ് സ്വയം ഒരു കഥയായ് മാറിയ ഇതിഹാസമാണ് ബഷീറെ'ന്ന് എം.ടി പറഞ്ഞത് വെറുതയല്ലല്ലോ ...
ജാതി മേൽക്കോയ്മയും ആഢ്യത്വവും സമ്പത്തും ലാക്കാക്കി കലാസൃഷ്ടികൾ നീങ്ങുന്ന കാലത്ത് മനുഷ്യനെന്ന പരിഗണന പോലും നൽകാതിരുന്ന മാറ്റി നിർത്തപ്പെട്ട , അരിക് വത്കരിച്ച ഒരുപാട് മനുഷ്യ ജന്മങ്ങളുടെ ഹൃദയത്തിൽ തൊട്ടെഴുതി എന്നുള്ളത് കൊണ്ട് തന്നെയാണത്.
സാധാരണക്കാരന്റെ ഉപ്പും മധുരവും കയ്പും നിറഞ്ഞ ജീവിതത്തെ ബഷീറിയൻ സ്റ്റൈലിൽ കഥാപ്രാത്രങ്ങളായ്
കഥയിലൂടെ കാര്യം പറഞ്ഞപ്പോൾ അത് ചോദ്യമായും ഉത്തരമായും ചിന്തയായും തിരുത്തായും വേദനയായും നർമമായും പല തരത്തിലുള്ള വായനാനുഭവങ്ങളായി ലോകം നെഞ്ചിലേറ്റി.
ആനവാരി രാമൻ നായരും പൊൻ കുരിശു തോമയും , കുഞ്ഞിപ്പാത്തുമ്മയും സൈനബയും,മണ്ടൻ മുത്തപ്പയും എട്ടുകാലി മമ്മൂഞ്ഞിയും, ഒറ്റക്കണ്ണൻ പോക്കരും , സാറാമ്മയും കേശവൻ നായരും, നാരായണിയും .. ഇങ്ങനെത്തുടങ്ങി കള്ളന്റെയും വേശ്യയുടെയുമെല്ലാം ജീവിത പരിസരങ്ങളെ പറ്റിയേറെ പറഞ്ഞു നമ്മെ അത്ഭുതപ്പെടുത്തി വൈക്കം മുഹമ്മദ് ബഷീർ എന്ന എഴുത്തുകാരൻ .
നീണ്ട നാളുകൾ നാടാകെയലഞ്ഞു വീട്ടിലെത്തിയപ്പോളുള്ള ഉമ്മയുടെ ചോദ്യം 'നീ വല്ലതും കഴിച്ചോ എന്നാണ്. വിശപ്പിന്റെ വിളിയുടെ അകം പുറമറിഞ്ഞ കഥാകാരന്റെ പൊള്ളുന്ന ജീവിതാനുഭവത്തിന്റെ വേഷപ്പകർച്ചകളുടെ സർഗ സൃഷ്ടികൾ നമ്മുടെ കണ്ണ് നനയിക്കും. ചിരിപ്പിക്കും ഒപ്പം ചിന്തിപ്പിക്കും.
വികസനത്തിന്റെ മറവിൽ നശിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിയോട് എങ്ങിനെ സമീപിക്കണം എന്ന് ഭൂമിയുടെ അവകാശികളെന്ന കൊച്ചു കൃതിയിലൂടെ വർഷങ്ങൾക്കു മുമ്പേ കഥാകാരൻ ഉണർത്തുന്നുണ്ട്.
ആനക്കും ഉറുമ്പിനും
അണ്ണാനും കാക്കയ്ക്കും പൂച്ചക്കും തുടങ്ങി എല്ലാവർക്കും ഈ ഭൂമിയിൽ ആദിപുരാതമായ ഒരവകാശം ദൈവം തമ്പുരാൻ കൊടുത്തിട്ടുണ്ടെന്നും ഈ ഭൂമിയെല്ലാവർക്കും
അവകാശപ്പെട്ടതാണെന്ന പരിസ്ഥിതി പാഠം പഠിപ്പിച്ച പരിസ്ഥിതി പ്രവർത്തകൻ കൂടിയായിരുന്നു ഇമ്മ്ണി ബല്യ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീർ.
എത്ര തവണ വായിച്ചാലും ഒരേ ആവേശത്തോടെ ഒറ്റയിരുപ്പിൽ വായിച്ചു തീർക്കുന്ന ബാല്യകാലസഖി പോലെ മറ്റൊരു കൃതിയേതാണ്?
ഹൃദയം പോലെ
പരിശുദ്ധമായ റോസാപ്പൂവിനെ കാട്ടി
സ്നേഹത്തിന്റെ പറുദീസ കാണിച്ച
കോലം എന്തതിശയമാണ്!
വെറുപ്പും വിദ്വേഷവും
ധ്രുവീകരണവും നടമാടുന്നയീ കാലത്ത്
സ്നേഹത്തിന്റെയും
സൗഹാർദ്ദത്തിന്റെയും
ഉള്ളുണർത്തുന്ന ഒട്ടേറെ കൃതികൾ സമ്മാനിച്ച ബഷീർ സാഹിത്യം കാലം കഴിയുന്തോറും മാറ്റ് കൂടുന്നവയാണ്.
ബഷീറെഴുതാനിരിക്കുമ്പോൾ വാക്കുകൾ വിറച്ചിരുന്നു എന്ന് പറയുന്നത് ഒരാലങ്കാരിക പറച്ചിലായിരുന്നില്ല. ചുട്ടുപൊള്ളുന്ന ജീവിതാനുഭവങ്ങളിലേക്ക് മുക്കിയ പേന കൊണ്ട് വാക്കിനെ രാകിമിനുക്കുമ്പോൾ വേദനിക്കുന്ന ഹൃദയത്തിന്റെ ഇരമ്പൽ കണ്ണീരായ് കട്ടി കണ്ണടച്ചോട്ടിലൂടെ എഴുത്തുകടലാസിനെ പൊതിർത്തുമായിരുന്നെന്ന് അനുഭവസ്ഥർ പറഞ്ഞു വെച്ചത് കാര്യമായിട്ടു തന്നെയാണ്. ബഷീറിന് ജീവിതം തന്നെയായിരുന്നു സാഹിത്യം.
വൈലാലിലെ
മാംഗോസ്റ്റിൻ മരച്ചോട്ടിൽ ഒരു ചാരു കസേര .
താഴെ ഒരു സുലൈമാനി. മുമ്പിലെ സ്റ്റൂളിൽ പേപ്പറിലൊരു പേനയും പിന്നെ കണ്ണടയും .
ഗ്രാമഫോണിൽ സൈഗാൾ വീണ്ടും പാടുന്നു.
സോജാ .... രാജകുമാരീ ... സോജാ
ശുഭം ..... മംഗളം
സൈഗാൾ വീണ
