Flash News

Nattu Media

വിശ്വാസങ്ങളുടെ കർക്കടകം

[ലേഖനം]
രചന: അനിൽ മണ്ണത്തുർ



കൊല്ലവർഷത്തിലെ അവസാന മാസമാണ് കർക്കടകം. ജൂലായിലും ആഗസ്റ്റിലും ആയാണ് കർക്കടകം ഉള്ളത്. പഴയ മലബാറിൽ മേടമാസത്തിൽ വർഷാരംഭം കണക്കാക്കിയതിനാൽ കർക്കടകം നാലാമത്തെ മാസമായിരുന്നു.

കർക്കടകം എന്നതിന് പകരം 'കർക്കിടകം' എന്ന് പലരും തെറ്റായി ഉപയോഗിക്കുന്നു. കനത്ത മഴയും കുളിരും തണുപ്പും ഉള്ള ഈ കാലത്ത് പല രോഗങ്ങളും പകർന്നിരുന്നു. വസൂരി പോലെയുള്ള രോഗങ്ങൾ മൂലം പല കുടുംബങ്ങളും നാമാവശേഷമായതായി പറഞ്ഞു കേട്ടിട്ടുണ്ട്.

കർക്കടകത്തെ 'ദുർഘടമാസം' എന്നും 'പഞ്ഞമാസം' എന്നും വിളിച്ചിരുന്നു. ഈ സമയത്ത് പല ആളുകൾക്കും ജോലിക്ക് പോകാൻ കഴിയുമായിരുന്നില്ല. മത്സ്യ തൊഴിലാളികളുടെ കാര്യം പറയാനുമില്ല. പഴയകാലത്ത് ശുചിമുറികളുടെ അഭാവം മൂലം മലമൂത്ര വിസർജനത്തിന് പറമ്പിൽ പോയിരുന്ന  ആളുകൾക്ക് ഈ കാലം ദുർഘടം ആയിരുന്നു.

ഉപ്പു പോലെയുള്ള അത്യാവശ്യ വസ്തുക്കൾ കർക്കടകത്തിനു മുമ്പ് തന്നെ ശേഖരിച്ചു വെക്കുമായിരുന്നു. വസ്ത്രം,സ്വർണ്ണം മുതലായവ ഈ കാലത്ത് വാങ്ങാറില്ല. ആ സമയത്ത് കവുങ്ങിൻ പാളകൾ കൊണ്ടുവരാൻ പഴമക്കാർ മടിച്ചിരുന്നു. കർക്കടകത്തിന് മുൻപ് തന്നെ പാളശേഖരിച്ചു വെക്കുമായിരുന്നു.
പെട്ടെന്ന് മഴ പെയ്യുന്നതിനാൽ കള്ളകർക്കടകം എന്നും പറഞ്ഞിരുന്നു. വല്ലായ്മയും, ഇല്ലായ്മയും കടുത്ത  രോഗങ്ങളും കർക്കടകത്തെ ഭയത്തോടെ കാണാൻ കാരണമായി.

ദുർഘടങ്ങളെ അകറ്റാനായി ഉത്തരകേരളത്തിൽ 'കലിയന്' കൊടുക്കുക എന്ന ചടങ്ങുണ്ടായിരുന്നു. മിഥുന മാസത്തിലെ അവസാന നാൾ മുതലാണ് ഈ ചടങ്ങ് നടത്തിയത്. ആളുകൾ ചൂട്ടും വാദ്യമേളങ്ങളുമായി "കലിയാ.... കലിയ" എന്ന് വിളിച്ചു ചക്കയും മാങ്ങയും കൊണ്ടുവാ എന്ന് കൂക്കി വിളിച്ചു കൊണ്ട്  കൃഷി ഇടത്തിൽ വലം വെക്കുമായിരുന്നു. കുരുത്തോല കൊണ്ട് അലങ്കരിച്ചും, ഈർക്കിൽ കൊണ്ട് ആല കെട്ടിയും പ്ലാവിലകൊണ്ട് കാളയെ ഉണ്ടാക്കിയും അലങ്കരിച്ചിരുന്നു.

അടുത്തവർഷത്തേക്ക് ചക്കയും മാങ്ങയും കൊണ്ടുവരാൻ പ്രാർത്ഥിക്കുകയും ചേട്ടഭഗവതിയെ മാറ്റി ലക്ഷ്മിയെ കൊണ്ടുവരാനുള്ള പ്രാർത്ഥനയും ആണ്. ചൂട്ട് കത്തിച്ചു ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാനുള്ള സന്ദേശമാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഇത് ഒരു കാർഷിക ഉത്സവമാണ്.

കർക്കടകത്തിൽ ദശപുഷ്പത്തിനും ഏറെ പ്രാധാന്യമുണ്ട്. വിഷ്ണുക്രാന്തി, കറുക, മുയൽച്ചെവിയൻ , തിരുതാളി, ചെറൂള, നിലപ്പന ,കയ്യോഞ്ഞി, മുക്കുറ്റി ,ഉഴിഞ്ഞ, പൂവാം കുരുന്നില എന്നിവയാണ് ദശപുഷ്പങ്ങൾ .പഴയകാലത്ത് വീട്ടമ്മമാർ ദശപുഷ്പങ്ങൾ ചൂടുകയും ,സന്ധ്യാ പ്രാർത്ഥന വേളകളിൽ ഇവ വീട്ടിൽ അലങ്കരിക്കുകയും ചെയ്യുമായിരുന്നു.

ഒരു വർഷത്തേക്ക് ആരോഗ്യം  സംരക്ഷിക്കാനായി ഈ കാലത്ത് ശ്രദ്ധിച്ചിരുന്നു.  ഉഴിച്ചിൽ, പിഴിച്ചിൽ, ഔഷധസേവ ,സൂപ്പ് കഴിക്കൽ എന്നിവ ഇതിന്റെ ഭാഗമാണ്. ഈ സമയത്ത് നാഡി കഷായം പോലെയുള്ള കഷായങ്ങളും  കുഴമ്പ് തേച്ച് കുളിയും സാധാരണമായിരുന്നു. ഇവയൊക്കെ പ്രയോഗിച്ചാൽ ഒരു വർഷത്തോളം പ്രതിരോധശേഷി കിട്ടുമെന്ന് പറഞ്ഞിരുന്നു.

നവര അരി,പൊടിയരി കുത്തരി,കുറുന്തോട്ടി അശാളി,ഉപ്പ്, ഉലുവ ജീരകം,ചുക്ക്, അയമോദകം ആദിയായവ ചേർത്ത് വിറകടുപ്പിൽ കലത്തിൽ ഉണ്ടാക്കുന്ന ഔഷധക്കഞ്ഞി ഈ സമയത്തെ പ്രത്യേകതയാണ്.

പത്തോളം ഇലകൾ കഴിക്കണം എന്നാണ് പറയുന്നത്. എന്നാൽ ഇലകളിലെ രാജ്ഞിയായ മുരിങ്ങയിലയെ ഈ സമയത്ത് ഒഴിവാക്കിയിരുന്നു. മനുഷ്യർക്ക് മാത്രമല്ല വളർത്തു മൃഗങ്ങൾക്കും കർക്കിടകത്തിൽ ഔഷധ ചികിത്സ നടത്തിയിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും കർക്കടകത്തിലെ വെയിലിനെപ്പറ്റിയും പറയണം. കർക്കടകത്തിൽ പത്ത് വെയിൽ കിട്ടും എന്നാണ് പ്രമാണം. ആ സമയത്ത് ആന തോൽ ഉണക്കാം എന്നും കേട്ടിട്ടുണ്ട്.കിടക്ക വെയിലത്തിട്ടാൽ മൂട്ട വരുമെന്നും പറയുന്നു.

ദുർഘടമാസമായി കരുതിയെങ്കിലും പഴമക്കാർ ഇത് ഉത്സവകാലമായി കണ്ടിരുന്നു.
പിതൃക്കളുടെ മോക്ഷത്തിനായി  എല്ലാ മാസവും കറുത്തവാവിന് ബലി ഇടാറുണ്ടെങ്കിലും, കർക്കടകത്തിലെ ബലി ഏറെ പ്രാധാന്യമുള്ളതാണ്.
ഈ കാലത്ത് ക്ഷേത്രത്തിലും , ഗൃഹങ്ങളിലും രാമായണ പാരായണം പതിവായിരുന്നു. സാധാരണക്കാർ തുഞ്ചത്ത് ആചാര്യന്റെ കിളിപ്പാട്ട് ഏറെ മനോഹരമായി ചൊല്ലിയിരുന്നു. 

"കാവ്യം സുഗേയംകഥ രാഘവീയം
കർത്താവു
തുഞ്ചത്തുളവായ
ദിവ്യൻ ചൊല്ലുന്നതോ
ഭക്തിമയസ്വരത്തിലാനന്ദലബ്ധിക്കിനിയെന്തുവേണം!"

വഞ്ചിക്കാരന്റെ രാമായണ പാരായണത്തെക്കുറിച്ചുള്ള ഈ വരികൾ നമ്മൾ പഠിച്ചിട്ടുണ്ട്. എന്റെ  അച്ഛമ്മയെപ്പോലെ    പലരും രാമായണം വർഷം മുഴുവൻ വായിക്കുമായിരുന്നു. കാലാവസ്ഥ മാറ്റം  നടക്കുന്നതിനാൽ ഇപ്പോൾ പഴമക്കാർ അനുഭവിച്ച പ്രയാസം ഒന്നും നമുക്കില്ലെന്നാണ് എന്റെ ധാരണ. ഈ കാലത്തും നാലമ്പല യാത്ര പോലെയുള്ള പരിപാടികളുമായി ആഘോഷിക്കാൻ ആണ് നമ്മൾ ആഗ്രഹിക്കുന്നത്.
       

രചന : അനിൽ മണ്ണത്തുർ

1 Comments

  1. പ്രസിദീകരിച്ചതിൽ സന്തോഷം

    ReplyDelete
Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)