വാഴക്കാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ഓണം വിപണന മേള വന്‍ വിജയം. വാഴക്കാട് ബസ്റ്റാന്റ് പരിസരത്ത് വിശാലമായ പന്തലില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന വിപണന മേളയില്‍ നിരവധി കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച മേളയില്‍ 102 സ്റ്റാളുകളില്‍ നിന്നായി ഓരോ ദിവസവും അഞ്ച് ലക്ഷത്തിന് മുകളില്‍ കച്ചവടം നടക്കുകയും മൊത്തം പതിനാറര ലക്ഷം രൂപയുടെ വില്‍പ്പന നടന്നു.
രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന മേള വൈകുന്നേരം ആറ് മണിക്കാണ് ഓരോ ദിവസവും അവസാനിക്കാറ്. ഓരോ യൂണിറ്റില്‍ നിന്നും വ്യത്യസ്ത ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ എത്തിച്ചത്. ചിരട്ടകയില്‍, മണ്‍പാത്രങ്ങള്‍, പട്ട ചൂല്‍, വിവിധ തരത്തിലുള്ള അച്ചാറുകള്‍, പായസങ്ങള്‍, മസാലകൂട്ടുകള്‍, ചെടികള്‍, നാടന്‍ പച്ചക്കറിവിഭവങ്ങള്‍, ചെമ്പരത്തി ഇലയുടെ പൊടി, മൈലാഞ്ചി പൊടി, പൂവ് കച്ചവടം, അലങ്കാരമത്സ്യങ്ങള്‍, മുടികൊഴിച്ചില്‍ എണ്ണകള്‍, പലഹാരങ്ങള്‍, ഡി.ഡി.യു.ജി.വൈ.കെ, സ്പാം എന്നിവയുടെ രജിസ്‌ട്രേഷനും സ്റ്റാളുകളിലുണ്ടായിരുന്നു.
മേളയുടെ മുന്നൊരുക്കത്തിനായി വിവിധ മീറ്റിംഗുകള്‍ നടത്തുകയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി സ്വാഗത സംഘം രൂപീകരിച്ച് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് മേള ഇത്ര കണ്ട് വിജയിച്ചതെന്ന് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷറഫുന്നീസ പറഞ്ഞു. അമ്പത് രൂപയുടെ കൂപ്പണ്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഓരോ വീടുകളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിച്ചു. ഇതില്‍ അഞ്ചും പത്തും കൂപ്പണ്‍ ഓരോ വീട്ടുകാര്‍ വാങ്ങിയിരുന്നു. കൂപ്പണുമായി വരുന്നവര്‍ക്ക് ആ തുകയ്ക്കുള്ള സാധനം എടുക്കാനും കൂടുതല്‍ വരുന്ന സംഖ്യമാത്രമെ പിന്നീട് നല്‍കേണ്ടതായി വന്നിട്ടുള്ളുവെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
Tags:
VAZHAKKAD


