വാഴക്കാട് : കുടുംബശ്രീ ജില്ലാ മിഷന്‍ മലപ്പുറo 'ബഡ്‌സ് വാരാചരണം 9 മുതല്‍ 16 വരെ നടക്കുന്നു. വാഴക്കാട് പഞ്ചായത്ത് ബഡ്‌സ് സ്‌കൂള്‍ ആദ്യദിനത്തിലെ 'ഒരു മുകുളം വൃക്ഷ ത്തൈ നടല്‍ പദ്ധതി' എളമരം എ.എം.എല്‍.പി.സ്‌കൂളില്‍ നടത്തി. വാഴക്കാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ തറമ്മല്‍ അയ്യപ്പന്‍കുട്ടി, ബഡ്‌സ് സ്‌കൂള്‍ പ്രഥമധ്യാപിക വി.പി.നിഷീദ, എ.എം.എല്‍.പി.സ്‌കൂള്‍ പ്രഥമധ്യാപകന്‍ വി.സി.അസീസ്, ബഡ്‌സ് വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് സ്‌കൂള്‍ കോമ്പൗണ്ടില്‍ ഒരു മുകുളം വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
രണ്ടാം ദിനം പൊതു ഇടം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ തറമ്മല്‍ അയ്യപ്പന്‍ കുട്ടിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ബഡ്‌സ് സ്‌കൂള്‍ പ്രഥമധ്യാപികയും ജീവനക്കാരും ചേര്‍ന്ന് കുട്ടികളുമായി വാഴക്കാട് പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. സി.ഐ.രാജന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളുമായി സൗഹൃദം പങ്കിട്ടും അടുത്ത് ഇടപഴകിയും സ്‌റ്റേഷനിലെ ഓരോ ഭാഗവും കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തു. തോക്ക്, ലാത്തി, വെടിയുണ്ടകള്‍ എന്നിവ കുട്ടികള്‍ തൊട്ടറിഞ്ഞ് പരിചയപ്പെട്ടു. കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരെ പാര്‍പ്പിക്കുന്ന ജയിലറയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. കുട്ടികള്‍ക്കിത് ജീവിതത്തിലെ വലിയൊരനുഭവമായി മാറി.
Tags:
VAZHAKKAD
