മുക്കം : സംസ്ഥാനത്ത് അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലൈംഗികാതിക്രമങ്ങളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയാകുന്നതും സർക്കാറിൻ്റെ തല തിരിഞ്ഞ മദ്യനയവും പോലീസിന്റെ ജാഗ്രതക്കുറവ്മൂലമാണെന്നും വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി പറഞ്ഞു.
വിമൻ ജസ്റ്റിസ് മൂവ്മെൻറ് ചേന്ദമംഗലൂരിൽ സംഘടിപ്പിച്ച തിരുവമ്പാടി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. അന്യസംസ്ഥാന തൊഴിലാളികളുടെ പെൺകുട്ടികൾ വരെ വീടകങ്ങളിൽ സുരക്ഷിതരല്ലെന്നും ഏതവസരത്തിലും പെൺകുട്ടികളുടെ മാനം പിച്ചിചീന്താൻ പറ്റുന്ന സാഹചര്യമാണ് ഇന്ന് സംസ്ഥാനത്ത് ഉള്ളത്. അതിൻറെ ഏറ്റവും പുതിയ ഉദാഹരണമാണ് ആലുവയിലെ വീട്ടിൽ കിടന്നുറങ്ങിയ 8 വയസ്സ്കാരി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്. ഇനിയും കുട്ടികൾക്ക് നേരെയുള്ള ലൈംഗിക പീഡനങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാറും പോലീസും ജാഗ്രത പാലിക്കണമെന്നും
ഇത്തരം പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ജില്ലാ കമ്മറ്റി അംഗം റംല ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മറ്റി അംഗം ബൾക്കീസ്, മണ്ഡലം കൺവീനർ ഇ എൻ നദീറ എന്നിവർ സംസാരിച്ചു .
മണ്ഡലം ഭാരവാഹികളായി ഇ എൻ നദീറ, അനുപമ പൊറ്ററ്റേരി ,സഫീറ കൊളായിൽ എന്നിവരെയും തെരഞ്ഞെടുത്തു.
പഞ്ചായത്ത് മുൻസിപ്പൽ കൺവീനർമാരായി നസീബ ബഷീർ, ഷാഹിന, ഷംന ,മുബീന എം.ടി, ജമീല എന്നിവരെയും തെരഞ്ഞെടുത്തു.
Tags:
MUKKAM

