മോഷണത്തിനായി വീടിനുള്ളിൽ കയറിയ കള്ളൻ വേഷം മാറി അണിഞ്ഞൊരുങ്ങിയത് അഞ്ചു വട്ടം. മലപ്പുറം നിലമ്പൂരിനടുത്ത വടപുറം പാലാപ്പറമ്പിലാണ് കള്ളന്റെ വേറിട്ട പ്രകടനങ്ങൾ സിസിടിവിയിൽ പതിഞ്ഞത്. പാലാപറമ്പിലെ ആൾത്താമസമില്ലാത്ത വീട്ടിൽ കയറിയ കള്ളൻ തകർത്ത് അഭിനയിക്കുകയായിരുന്നു. വെഞ്ചാലിൽ ജയിംസിന്റെ മകൾ ജെയ്സിയുടെ വീട്ടിലാണ് സംഭവം. ജെയ്സിയും കുടുംബവും വിദേശത്താണ്. ജയിംസ് ദിവസവും വന്ന് വീട് നോക്കിപ്പോകും. 31ന് രാത്രി 8.30ന് മാസ്കും മങ്കി ക്യാപ്പും ധരിച്ച കള്ളൻ റോഡിലൂടെ വരുന്നത് സിസിടിവിയിൽ കാണാം. മുണ്ടും വരയൻ ടീ ഷർട്ടുമാണ് വേഷം.
Ad
വീടിന്റെ കിഴക്കുഭാഗത്തെ മതിലിൽ ചാടിക്കടന്ന് മുറ്റത്തെത്തി. ടോർച്ച് തെളിച്ച് ജനാലയിലൂടെ നോക്കി. വീട്ടിൽ ആളില്ലെന്ന് ഉറപ്പാക്കി. ധൃതിയിൽ വീടിനു ചുറ്റും നടന്നു. അടുക്കളഭാഗത്തുനിന്ന് തൂമ്പ എടുത്തുകൊണ്ടുവന്ന് മുൻവാതിലിൻ്റെ പൂട്ട് പൊളിക്കാൻ ശ്രമിച്ചു. ഓടാമ്പൽ തകർന്ന് താഴെ വീണങ്കിലും വേറെ പൂട്ട് ഉള്ളതിനാൽ തുറക്കാൻ കഴിഞ്ഞില്ല. കട്ടിളയും വാതിൽപ്പാളികളും കേടുവന്നു. പിന്നീട് ഭിത്തി വഴി തൂങ്ങി ഒന്നാം നിലയിൽ കടക്കാൻ 2 വട്ടം ശ്രമിച്ചെങ്കിലും താഴെ വീണു.
തുടർന്ന് നിരാശനായി വരാന്തയിൽ ഇരുന്ന് പുകവലിച്ചു. അൽപം മദ്യപിക്കുകയും ചെയ്തു. കുറച്ചുനേരം മലർന്ന് നീണ്ടുനിവർന്ന് കിടന്ന് ആലോചനയിലാണ്, ക്ഷീണം മാറിയതോടെ വീണ്ടും എഴുന്നേറ്റിരുന്നു. തുടർന്ന് കാണുന്നത് പാന്റസും ടീഷർട്ടും ധരിച്ച് മുറ്റത്തുകൂടി നടക്കുന്നതാണ്. പിന്നാലെ മിഡിയും ടോപ്പും ധരിച്ച് പ്രത്യക്ഷപ്പെട്ടു. മുടി കുടുമ പോലെ കെട്ടിവച്ചിട്ടുണ്ട്. ഒടുവിൽ വരാന്തയിൽ ഇരുന്ന് സ്ത്രീവേഷം മാറി. മുണ്ടും ടീഷർട്ടും ധരിച്ചു. പലവട്ടം പ്രശ്ചന്നവേഷം നടത്തി 5 മണിക്കൂർ വീട്ടിൽ ചിലവഴിച്ചിട്ടും മോഷണത്തിൽ മാത്രം വിജയിക്കാതെയായിരുന്നു കള്ളന്റെ മടക്കം.
Ad

