✍️ ഗിരീഷ് കാരക്കുറ്റി
ബ്രിട്ടൻ ഇന്ത്യ അടക്കി ഭരിച്ച കാലത്ത്, ദാഹിക്കുന്നവർക്ക് കോരി കുടിക്കാൻ കൊടിയത്തൂരിന്റെ നെടുങ്കോട്ടയിൽ കുത്തിയ പൊതു കിണർ ഏവർക്കും ആശ്രയമായിരുന്നു. നൂറ്റാണ്ടിന്റെ സാക്ഷിക്ക് കഥകളേറെ പറയാനുണ്ടാവും. ഇതിൻെറ ഓരത്തിരുന്ന്, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ തുരത്തുവാൻ പടയണി ഒരുക്കിയതും, നേരംപോക്കിന് കളി തമാശകൾ പറഞ്ഞിരുന്നതും, രാജ്യം ഉറ്റു നോക്കിയിരുന്ന രാഷ്ട്രീയ സാംസ്കാരിക മതരംഗത്തെ നേതാക്കന്മാരുടെ ഉജ്ജ്വല പ്രഭാഷണങ്ങൾ കൊണ്ട് പുളകിതമായതും, ജാതിമത രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ പോർവിളികളും, സഹവർത്തിത്തങ്ങളും കണ്ടുമടുത്തതും, വിഎം കുട്ടിയുടെയും, സി വി എം കുട്ടി ചെറുവാടിയുടെയും, മഞ്ചേരിയിലെ ബ്ലൈൻഡ് ബ്രദേഴ്സിന്റെയും ഗാനമാധുര്യം നുകർന്നാസ്വദിച്ചതുമെല്ലാം ഇവിടമായിരുന്നു.
കൊടിയത്തൂരിലെ സാംസ്കാരിക നായകൻ ഉസ്സൻ മാസ്റ്റർ തൻ്റെ തലമുടി ചുരുളിലൂടെ വിരലോടിച്ച് ചിന്തിച്ചിരിക്കുമ്പോൾ സാഹിത്യങ്ങളും നാടകങ്ങളും പിറവിയെടുക്കുന്നത് ഇതിൻെറ ഓരത്ത് വച്ചായിരുന്നു.
പണി കഴിഞ്ഞു വൈകിട്ടല്പം സേവിച്ച് ആടികുഴയുന്നവർക്കും സ്വറപറഞ്ഞിരിക്കുന്നവർക്കും, വഴിപോക്കർക്കും അത്താണിയായിരുന്നിവിടം. എൻെറ പ്രിയ സുഹൃത്ത് സലീമിന്റെ ജീവനെടുത്തതുമുതൽ നാട്ടുകാർക്ക് വെറുപ്പായി ഇവനോട്.
അങ്ങനെ അന്നവനെ സ്ലാബിട്ടു മൂടിയതായിരുന്നു. എന്നാൽ മണാശ്ശേരി കൊടിയത്തൂർ ചുള്ളിക്കാപറമ്പ് റോഡിൻെറ വികസനത്തിനു വേണ്ടി കുന്നോളം ഓർമ്മകളെ വഴിയിലുപേക്ഷിച്ചു ഗ്രാമത്തിന്റെ ഓരോ വളർച്ചക്കും മൂകസാക്ഷിയായ ഈ പൊതു കിണറിനെ ചരിത്രങ്ങൾക്ക് വഴി മാറാൻ മണ്ണിട്ട് മൂടുകയാണ് കൊടിയത്തൂരിന്റെ മുഖച്ഛായ മാറാൻ , പുതുതലമുറക്കായ് വഴിമാറുകയാണിവൻ .
നാളെ ഓർത്തിരിക്കാൻ ഒരുപാട് ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു വിട പറയുകയാണവൻ.


