തോട്ടുമുക്കം: യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിക്ക് പിന്നാലെ സംസ്കരിച്ച മൃതദേഹം കല്ലറയിൽനിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനം. മുക്കം, തോട്ടുമുക്കം പനംപ്ലാവിൽ പുളിക്കയിൽ തോമസ് (36) എന്ന തൊമ്മന്റെ മൃതദേഹമാണ് ഇന്ന് (തിങ്കളാഴ്ച) പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നത്.
തോമസിന്റെ പിതാവ് നൽകിയ പരാതിയിൽ അരീക്കോട് പോലീസാണ് മൃതേദഹം പുറത്തെടുത്ത് പരിശോധന നടത്താൻ തീരുമാനമെടുത്തത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ സെമിത്തേരിയിൽവെച്ച് പോസ്റ്റ്മോർട്ടം നടത്താനാണ് നിലവിലെ തീരുമാനം. ഇതിന് സാധ്യമായില്ലെങ്കിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തും.
നവംബർ നാലിനാണ് ടിപ്പർ ലോറി ഡ്രൈവറായ തോമസ് മരിച്ചത്. സ്വാഭാവിക മരണമെന്ന നിലയിൽ പനംപ്ലാവ് സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ, തോമസും സുഹൃത്തുക്കളുമായി സംഘർഷമുണ്ടായിരുന്നതായും തോമസിന് കാര്യമായ പരിക്കേറ്റിരുന്നതായും നാട്ടുകാർ കുടുംബത്തെ അറിയിച്ചത് സംസ്കാരത്തിന് ശേഷമാണ്. തുടർന്ന് പിതാവ് അരീക്കോട് പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർ നടപടികളുടെ ഭാഗമായാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നത്.
