പാവപ്പെട്ട ക്യാൻസർ രോഗികളുടെ പ്രാണൻ രക്ഷിക്കാൻ ഡോ. ഹഫ്സത്ത് കാദർകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ഒരു കൂട്ടം മനുഷ്യപ്പറ്റുള്ള പ്രവാസികൾ ആറര ഏക്കർ സ്ഥലം വിലക്കെടുത്ത് കോടികൾ മുടക്കി സമൂഹത്തിലെ അർഹരായ അർബുദ ബാധിതർക്ക് സൗജന്യമായി ആധുനിക ചികിത്സ സൗകര്യമൊരുക്കിയത്. 1998 ൽ ജസ്റ്റിസ് ഫാത്തിമ ബിവി സ്ഥാപനത്തിന് തറക്കല്ലിട്ടു. 2001-ൽ ഗവർണറായിരുന്ന സുഖ്‌ദേവ്‌സിങ് കാങ് ആശുപത്രി ഉദ്ഘാടനം ചെയ്തു.
നടത്തിപ്പിന്റെ അമിത ഭാരം താങ്ങാനാവാതെ സുമനസ്സുകൾ പ്രാണനെപ്പോൽ സ്നേഹിച്ച സ്ഥാപനം മണ്ണടക്കം സംസ്ഥാന സർക്കാരിന് കൈമാറി. 2010 ൽ ആരോഗ്യ മന്ത്രി ശ്രീമതി ടീച്ചറായിരുന്നു സർക്കാരിന്റെ 'സിംഹമുദ്ര' 'പ്രാണപ്രതിഷ്ഠ'യായി തെങ്ങിലക്കടവ് മലബാർ കാൻസർ റിസർച്ച് സെന്ററിൽ പതിച്ചത്.
13 വർഷങ്ങൾക്കിപ്പുറം സർക്കാറിന്റ കുളിരേകിയ പല വാഗ്ദാനപ്രളയങ്ങളും തൊട്ടടുത്ത ചാലിയാറിലൂടെയൊഴുകി കര തൊടാതെ അറബിക്കടലേറ്റെടുത്തു. ഇന്നിപ്പോൾ ജില്ല പഞ്ചായത്ത് യമണ്ടൻ സൊസൈറ്റിയുമായി ചെറുപുഴ വന്ന് കരമുട്ടി നിൽക്കുന്നു. മലബാറിലെ പല വിശാലഹൃദയക്കാരും ഈ സ്ഥാപന നടത്തിപ്പിന് പണച്ചാക്കുമായി വെപ്പുതോണിയിൽ കെട്ടിക്കിടപ്പാണത്രേ. ഇപ്പോൾ നടക്കുന്ന അറ്റകുറ്റപണി കഴിഞ്ഞ് ജില്ല പഞ്ചായത്ത് സൊസൈറ്റി പൊതുജനങ്ങളുടെ പണം ചാക്കിലാക്കി പല സേവനങ്ങളും സൗജന്യമായി നടത്തുമത്രേ.
അപ്പം എങ്ങനെണ്ട് കാര്യങ്ങൾ കുമാരാ...?തിരുവതാംകൂറിലും കൊച്ചിയിലും നികുതിപ്പണം കൊണ്ട് പശുത്തൊഴുത്ത് പോലും കെട്ടുമെങ്കിലും പ്രിയേ, മലബാറിൽ വിശാല ഹൃദയങ്ങൾ ഇതിനൊന്നും വിടമാട്ടേ...!
എന്നെപ്പോലുള്ള ക്യാൻസർ രോഗികളിൽ പലരും ജീവച്ഛവമായി മാറുന്നത് ചികിത്സച്ചിലവിന്റെ ചെകുത്താൻ കഴുത്തു ഞെരുക്കുമ്പോഴാണ്, അല്ലാതെ ചികിത്സയില്ലാഞ്ഞല്ല.
എന്റെ അനുവാചകരിലുള്ള മാധ്യമ - രാഷ്ട്രീയ-മത-സാംസ്കാരിക-ആരോഗ്യ നേതൃത്വങ്ങളും പ്രവർത്തകരും ഞങ്ങളുടെ ദീനരോദനം കേൾക്കണം. ദൈനംദിനം വർധിച്ചുവരുന്ന ആയിരക്കണക്കിന് അർബുദരോഗികൾക്ക് മഹത്തായ സേവനമാണിത്. അത് സംസ്ഥാന സർക്കാറിനാണ് കൈമാറിയത്. അതിൽ ക്യാൻസർ ചികിത്സയും ഗവേഷണവും മാത്രമേ പാടുള്ളൂ എന്നാണ് എഴുതപ്പെട്ട രേഖ.
നാളെ തുടങ്ങുന്ന നിയമസഭ സമ്മേളനത്തിലിത് വലിയ ചർച്ച വിഷയമാവണം. മലബാറിനോടും മാരകരോഗികളോടുമുള്ള ഈ വിവേചനത്തിനറുതി വരുത്താൻ പ്രാണൻ പൊടിയുന്ന വേദനയുമായി ജീവച്ചു തീർക്കുന്ന ഞങ്ങൾക്കൊപ്പം നിങ്ങളുമുണ്ടാവില്ലേ ?
- ടി കെ ജുമാൻ ചേന്ദമംഗലൂർ
