താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപത്തെ ജൂവലറിയുടെ ഭിത്തി തുരന്ന് അമ്പതുപവന്‍ സ്വര്‍ണം കവര്‍ച്ചചെയ്ത മൂന്നംഗ കവര്‍ച്ചാസംഘത്തിലെ മറ്റു രണ്ട് പ്രതികള്‍ക്കൂടി പിടിയില്‍. നേരത്തെ പിടിയിലായ പൂനൂര്‍ പാലം തലക്കല്‍ നവാഫി (27)ന്റെ സഹോദരന്‍ നിസാര്‍ (25), ഒളവണ്ണ പുത്തോട് പാടം നസീറ മല്‍സിലില്‍ മുഹമ്മദ് നിഹാല്‍ (21) എന്നിവരാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
കവര്‍ച്ച ചെയ്ത സ്വര്‍ണത്തിന്റെ ഒരുഭാഗവും ഇവരില്‍നിന്ന് പിടിച്ചെടുത്തു. കവര്‍ച്ചചെയ്തതില്‍ 157 ഗ്രാം സ്വര്‍ണം നേരത്തെ പ്രതിയുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. പ്രതികളെ താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തുവരികയാണ്. റൂറല്‍ ജില്ലാ പോലീസ് മേധാവി താമരശ്ശേരിയിലെത്തി പ്രതികളെ ചോദ്യംചെയ്യും.
ബുധനാഴ്ച താമരശ്ശേരി പള്ളിപ്പുറത്തെ വാടകക്വാര്‍ട്ടേഴ്സില്‍നിന്നാണ് കോഴിക്കോട് റൂറല്‍ എസ്.പി. ഡോ. അര്‍വിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും താമരശ്ശേരി ഡിവൈ.എസ്.പി പി. പ്രമോദിന്റെ മേല്‍നോട്ടത്തിലുള്ള സംഘവും ചേര്‍ന്ന് മുഖ്യപ്രതി നവാഫിനെ പിടികൂടിയത്. താമരശ്ശേരി കോരങ്ങാട്ട് സഹോദരനൊപ്പം ചേര്‍ന്ന് 'കെ.പി. ചിപ്സ്' എന്ന കട നടത്തിവരുന്ന നവാഫ് പെട്ടെന്ന് പണമുണ്ടാക്കുന്നതിനും ആഡംബരജീവിതം നയിക്കുന്നതിനും വേണ്ടിയാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറയുന്നു.
ഈ കേസിനുപുറമേ കഴിഞ്ഞ ഡിസംബര്‍ 28-ന് പുലര്‍ച്ചെ ഈങ്ങാപ്പുഴയിലെ കുന്നുമ്മല്‍ ജൂവലറിയില്‍നിന്ന് മുപ്പതിനായിരം രൂപ വിലവരുന്ന വെള്ളിയാഭരണങ്ങളും പതിനായിരം രൂപയും കവര്‍ന്ന കേസിലും മുഖ്യപ്രതിയാണ് നവാഫെന്ന് പോലീസ് അറിയിച്ചു. 2020-ല്‍ താമരശ്ശേരിയില്‍ മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയതിന് പിടിക്കപ്പെട്ട ഇയാള്‍, ഒരുമാസം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.
താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപത്തെ 'റന ഗോള്‍ഡി'ല്‍നിന്ന് ജനുവരി 24-ന് പുലര്‍ച്ചെയാണ് നവാഫും സഹോദരന്‍ നിസാറും സുഹൃത്ത് നിഹാലും ചേര്‍ന്ന് ലോക്കര്‍ തകര്‍ത്ത് 23 ലക്ഷം രൂപ വിലമതിക്കുന്ന 400 ഗ്രാമോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. പ്രതികളെ കണ്ടെത്താനായി താമരശ്ശേരിമുതല്‍ കോഴിക്കോടുവരെയും മലപ്പുറത്തെ കൊണ്ടോട്ടിവരെയുമുള്ള നൂറോളം സി.സി.ടി.വി. ക്യാമറകള്‍ പോലീസ് പരിശോധിച്ചിരുന്നു.
എന്നിട്ടും പ്രതികളെക്കുറിച്ച് കാര്യമായ സൂചനയൊന്നും ലഭ്യമാവാതിരുന്ന സാഹചര്യത്തില്‍ താമരശ്ശേരി പരിസരത്തെ മുന്‍കുറ്റവാളികളുടെ വിവരങ്ങള്‍ തേടി. അങ്ങനെയാണ് മുന്‍കുറ്റവാളിയായ നവാഫിന്റെ കുടുംബം പോലീസ് സ്റ്റേഷന്റെ ചുറ്റുമതിലിന് അമ്പതുമീറ്റര്‍ പരിധിക്കുള്ളില്‍ താമസിച്ചിരുന്നതായും പിന്നീട് സംശയാസ്പദമായ നിലയില്‍ വീടൊഴിഞ്ഞുപോയതായും കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നവാഫിന്റെ പങ്ക് വെളിവാകുന്നതും ഇയാള്‍ പിടിയിലാവുന്നതും.
മൂന്നംഗസംഘം വാടകയ്ക്ക് താമസിച്ചതും കവര്‍ച്ച ആസൂത്രണംചെയ്തതും പോലീസ് സ്റ്റേഷന് സമീപത്തെ വാടകവീട്ടില്‍വെച്ചാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. സ്വര്‍ണക്കവര്‍ച്ച കേസിലെ മുഖ്യപ്രതി പൂനൂര്‍ പാലംതലക്കല്‍ നവാഫും ഭാര്യയും കൊടുവള്ളി പറക്കുന്ന് എന്ന സ്ഥലത്തായിരുന്നു താമസം. അതേസമയം, സഹോദരനും കേസിലെ മറ്റൊരു പ്രതിയുമായ നിസാര്‍ ഉമ്മയ്ക്കും മറ്റു സഹോദരങ്ങള്‍ക്കുമൊപ്പം താമസിച്ചത് പോലീസ് സ്റ്റേഷന്റെ ചുറ്റുമതിലിന്റെ പിന്‍ഭാഗത്തുനിന്ന് അമ്പതുമീറ്ററോളം അടുത്തായി സ്ഥിതിചെയ്യുന്ന വാടകവീട്ടിലായിരുന്നു. മൂന്നാഴ്ചയോളംമാത്രം താമസിച്ച താമരശ്ശേരി ടൗണിലെ ഈ വാടകവീട്ടില്‍വെച്ചായിരുന്നു കവര്‍ച്ചയുടെ ആസൂത്രണം.
കവര്‍ച്ചയ്ക്ക് പിന്നാലെയുള്ള അന്വേഷണത്തിനൊടുവില്‍ ജൂവലറിയില്‍നിന്ന് മണം പിടിച്ച പോലീസ് നായ ഇവരുടെ വാടകവീടിന് സമീപത്തെ വയല്‍പ്രദേശംവരെ വന്നിരുന്നു. കവര്‍ച്ചകഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുശേഷംതന്നെ ഇരുവരും തങ്ങളുടെ വാടകവീട് ഒഴിയുകയും ചെയ്തു. നവാഫ് പള്ളിപ്പുറം ഭാഗത്തെ വാടകക്വാര്‍ട്ടേഴ്സിലേക്കും നിസാറും കുടുംബവും ഇരൂള്‍ക്കുന്നിലെ വാടകവീട്ടിലേക്കും താമസം മാറുകയായിരുന്നു. ഇരുള്‍ക്കുന്നിലെ വീട്ടില്‍നിന്നാണ് 20 പവനോളം സ്വര്‍ണവും കവര്‍ച്ചാസമയത്ത് ഉപയോഗിച്ച കോട്ടുകളുമെല്ലാം പോലീസ് ബുധനാഴ്ച കണ്ടെടുത്തിരുന്നു.
