ഫുട്ബോള്‍ ടൂർണമെന്‍റിനിടെ വിദേശതാരത്തിന് കാണികളുടെ മർദനം. സംഭവത്തിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തനിക്കുനേരെ കാണികള്‍ വംശീയാധിക്ഷേപം നടത്തിയെന്നും തന്നെ കല്ലെറിഞ്ഞെന്നും ഇതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനിടെ മർദിച്ചെന്നും കാണിച്ചാണ് ഐവറികോസ്റ്റ് താരം പരാതി നല്‍കിയത്.
കളിക്കിടെ കോർണറെടുക്കാൻ പോയ തന്നെ കാണികള്‍ കുരങ്ങനെന്ന് വിളിച്ചെന്നും കല്ലെറിഞ്ഞെന്നുമാണ് ഹസൻ ജൂനിയർ പരാതിയില്‍ പറയുന്നത്. തിരിഞ്ഞു നിന്ന തന്‍റെ നേരെ ഇയാള്‍ വീണ്ടും കല്ലെറിഞ്ഞു. വംശീയാധിക്ഷേപം തുടർന്ന് കല്ലെറിഞ്ഞതോടെ താൻ അവിടെ നിന്ന് പോയി. ഇതിനിടെ എതിർ ടീമിന്‍റെ മാനേജ്മെന്‍റും കാണികളും തന്നെ ആക്രമിച്ചെന്നും എസ്പിക്ക് നല്‍കിയ പരാതിയിലുണ്ട്.
അരീക്കോട് ടൗണ്‍ ടീം ചെമ്രകാട്ടൂർ സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോള്‍ ടൂർണമെന്‍റിനിടെയാണ് സംഘർഷമുണ്ടായത്. ജവഹർ മാവൂരിന്‍റെ താരമായ ഹസൻ ജൂനിയർ ന്യൂലാല പൂക്കൊളത്തൂർ എന്ന ടീമിന് വേണ്ടി കളിക്കാനെത്തിയതായിരുന്നു. മത്സരത്തിനിടെ കാണികളോട് താരം മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദനം.
