Flash News

Nattu Media

സെറ്റാരൻ കോയാക്കയും വിടവാങ്ങി

✍️ ഗിരീഷ് കാരക്കുറ്റി


1980 കളിൽ ഇരുവഴിഞ്ഞിയുടെ സ്വന്തം കോട്ടമുഴിയിലെ നിത്യഹരിത വസന്തമായ ചീനി മര മുത്തശ്ശിയുടെ മടിത്തട്ടിലിരുന്ന് ഏതോ പരിപാടി കഴിഞ്ഞു  തോണിയിൽ നിന്നും ഇറക്കിവെച്ച സ്പീക്കർ സെറ്റ് കോട്ടമ്മൽ അങ്ങാടിയിലെ വാടക പീടിക മുറിയിലേക്ക് കൊണ്ടുപോകാൻ ഒരു കൈ സഹായം കിട്ടുമെന്ന പ്രതീക്ഷയിൽ ആരെയോ കാത്തിരിക്കുമ്പോഴാണ്   ഇരുവഴിഞ്ഞി പുഴയിൽ നീന്തി കുളിക്കാൻ വള്ളി ടൗസറും തോളിൽ കരിമ്പന കുത്തിയ തോർത്ത് മുണ്ടും തൂക്കിയിട്ടുള്ള എന്റെ വരവ് കോയാക്കളുടെ ശ്രദ്ധയിൽപ്പെട്ടത് , മൈക്കിന്റെ സ്റ്റാൻഡ് എൻെറ നേരെ നീട്ടി ഇതൊന്ന് കോട്ടമ്മലെത്തിക്കെന്നു  പറഞ്ഞു. കേട്ട പാതി കേൾക്കാ പാതി തലയാട്ടി ഓടിച്ചെന്നതും  എൻ്റെ തോളിൽ വെച്ചുതന്നതും സന്തോഷത്തോടെ കോട്ടമ്മലെ കേറ്റം കേറുമ്പോളാണ് അതിൻെറ ഭാരം അറിയുന്നത് ....
ഒരുവിതം ഞാൻ അങ്ങാടിയിൽ എത്തിച്ചു.പിന്നീടുള്ള സൗഹൃദം മരണം വരെ തുടർന്നു. 

 കരീം കൊടിയത്തൂർ സ്പീക്കർ സെറ്റ് വാങ്ങിയപ്പോൾ  കോട്ടമ്മലങ്ങാടിയുടെ സ്പന്ദനമറിയുന്ന കോയാക്കയെ തന്നെ ഓപ്പറേറ്ററായി ഏൽപ്പിക്കുകയായിരുന്നു.പിന്നീടങ്ങോട്ട് സെറ്റാരൻ കോയാക്ക എന്നറിയപ്പെട്ടു.

കൊടിയത്തൂരിന്റെ രാഷ്ട്രീയ സാമൂഹ്യ  സാംസ്കാരിക മത രംഗത്ത്  പ്രഭാഷണങ്ങൾക്കായി  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  നേതാക്കളെത്തുമ്പോൾ 
ശബ്ദ സംവിധാനം നിയന്ത്രിച്ചിരുന്നത് അദ്ദേഹത്തിൻെറ വിരലുകളായിരുന്നു.  

ഒരിക്കൽ ടി കെ ഹംസാക്ക പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ശബ്ദം കൂട്ടാനുള്ള  കോയാക്കയുടെ  തന്ത്രപ്പാടിൽ മൈക്ക് സ്വയം കൂക്കിയപ്പോൾ "കോയേ..... ആവശ്യമില്ലാതെ 
അതിൽമ്മേൽ  തിരിച്ചോണ്ട്ക്കണ്ട, സുയിപ്പ് ഇണ്ടാക്കല്ലെ " എന്ന ഹംസാക്കയുടെ കമന്റ് സദസ്സിൽ ചിരി പടർത്തി .

ജീവിതയാത്രയിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെട്ടപ്പോൾ   കുറെ കാലത്തിനുശേഷം സ്പീക്കർ സെറ്റ് തൊഴിൽ മതിയാക്കി.വലിയ വിദ്യാഭ്യാസം ഒന്നുമില്ലെങ്കിലും . ആളുകൾക്ക് റേഷൻ കാർഡ് ഉണ്ടാക്കി കൊടുക്കുകയും പേര് ചേർക്കാനും , വെട്ടാനും  കോയാക്ക മിടുക്കനായിരുന്നു. അതുകൊണ്ടുതന്നെ അയൽ പ്രദേശത്തുള്ളവർ പോലും കോയാക്കയെ തിരക്കി വന്നു.പിന്നീട് വാട്ടർ കണക്ഷൻ അപേക്ഷ പൂരിപ്പിച്ച് ആളുകൾക്ക് കണക്ഷൻ കൊടുക്കുന്ന ഏർപ്പാടായി.

ജീവിതത്തിൽ പല വേഷങ്ങളും   കെട്ടിയദ്ദേഹം
നാട്ടിൽ നടക്കുന്ന എല്ലാ തർക്കങ്ങളിലും വിഷയങ്ങളിലും ഇടപെടാറുണ്ടായിരുന്നു.അതിലൊക്കെ അദ്ദേഹത്തിന്റെതായ  അഭിപ്രായവും ഉണ്ടാവും.  സിപിഐഎമ്മിന്റെ  സന്തതസഹചാരിയാണെങ്കിലും പലപ്പോഴും വിമർശിക്കാനും അദ്ദേഹം മറക്കാറില്ല. തലയിൽ ടവ്വലും കെട്ടി, നിറ പുഞ്ചിരിയിൽ സ്നേഹ സൗഹൃദം പുതുക്കാനും വലിയ വർത്തമാനങ്ങൾ പറയാനും കൊടിയത്തൂരിലെ കോട്ടമ്മലങ്ങാടിയിലിനി കോയാക്കയില്ല. ഒത്തിരി ഒത്തിരിയോർമ്മകൾ ബാക്കിയാക്കി തിരിച്ചുവരാൻ പറ്റാത്ത ലോകത്തേക്ക് യാത്ര പോലും പറയാതെ യാത്രയായ കോയാക്കക്ക് കണ്ണീർ പ്രണാമം.....

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)