Flash News

Nattu Media

ഓർമ്മയിലെ പാഴൂർ

✒️വി.ടി എ റഹ്മാൻ മാസ്റ്റർ, പാഴൂർ




ഇന്നത്തെ PHED അന്നത്തെ മഠത്തിൻ പാറയും പാഴൂർ കട ണ്ടവുമായിരുന്നു. പിന്നെ നോർത്ത് പാഴൂരും വെസ്റ്റ് പാഴൂരുമായി ഇപ്പോൾ പാഴൂർ.         
           പാഴൂരിലേക്ക് ആദ്യമായി 1972 ൽ SWT ബസ്സ് സർവീസ് തുടങ്ങി. ആദ്യമായി ബസ്സ് വന്നപ്പോൾ സ്വീകരിക്കാൻ ധാരാളം പേർ ഉണ്ടായിരുന്നു. ബസ്സ് തിരിക്കാനുളള സ്ഥലം നാട്ടുകാർ ശ്രമ ദാനമായി ഉണ്ടാക്കി. പാഴൂരിൽ നിന്ന് പുൽപറമ്പ് കുന്ദമംഗലം വഴി കോഴിക്കോട്ടേക്ക് 90 പൈസയും  മാവൂരിൽ നിന്നും കോഴിക്കോട്ടേക്ക് 65 പൈസയും ആയിരുന്നു ബസ് കൂലി. മിനിമം ചാർജ്ജ് 10 പൈസ. 1969ലാണ് ചക്കാലൻക്കുന്നത്ത് കോൺഗ്രീറ്റ് പാലം ഉണ്ടാക്കിയത്. മുമ്പ് നടന്ന് പോവാൻ മാത്രമുള്ള മരപ്പാലമായിരുന്നു.പാഴൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പ്ലാവില, ചക്ക, മാങ്ങ, തേങ്ങ എന്നിവ തോണിയിൽ ചേന്ദമംഗല്ലൂരിലെ കുട്ട്യാമു കാക്കയും മക്കളും കൊണ്ടു പോവുകയുo അവിടെ നിന്ന് അരി ശർക്കര, ഉപ്പ്, മുതലായവ കൊണ്ടുവരികയും ചെയ്യും. ആഴ്ചയിൽ ഒരിക്കലാണ് കോഴിക്കോടൻ തോണി വരിക. തോണി വരുന്നതും നോക്കി ചിറ്റാരിപ്പിലാക്കലിൽ നിന്ന് കുട്ടികളും വലിയവരും പാഴൂരിൽ വരും. ചെറിയ വട്ടിയിലാണ് സാധനങ്ങൾ വരിക. വട്ടി തലയിൽ ചുമന്ന് അവിടെ എത്തിച്ചാൽ വലിയവർക്ക് ഒരണയും കുട്ടികൾക്ക് രണ്ട് ഓട്ട മുക്കാലും കുട്ടുസ്സഹാജി കൊടുക്കും.പാഴൂരിലെ ഇന്നത്തെ ഗ്രൗണ്ട് നെൽകൃഷി ചെയ്യുന്ന പാടമായിരുന്നു. നെല്ല് കൊയ്ത്ത് കഴിഞ്ഞാൽ പുഴയിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം അടിച്ച് കാളപ്പൂട്ട് നടത്തും. വർഷത്തിൽ നാലോ, അഞ്ചോ തവണ ഉണ്ടാവും. വാഴക്കാട്, പൊന്നാട്, ചെറുവാടി കൊണ്ടോട്ടി മുതലായ സ്ഥലങ്ങളിൽ നിന്ന് കാളകൾ ഉണ്ടാവും. അന്ന് ഒരു ഉൽസവം തന്നെയാണ്. അന്ന് താൽക്കാലികമായി ഷെഡ് കെട്ടി ചായ മക്കാനി ഉണ്ടാക്കും. 30 പൈസക്ക് ഒരു ചായയും കടിയും കിട്ടും.
കല്യാണങ്ങൾ അധികവും രാത്രിയിലാണ് ഉണ്ടാവുക. ഇന്നത്തെ പോലെ ദൂരസ്ഥലങ്ങളിൽ നിന്നല്ല അന്നത്തെ കല്യാണങ്ങൾ. രാത്രി ഭക്ഷണ ശേഷമാണ് പുതിയാപ്ലപോക്ക്. ഒന്നോ, രണ്ടോ പെട്രോൾമാക്സ് ഉണ്ടാവും. അതും തലയിൽ വെച്ച് ഒരാൾ മുന്നിൽ നടക്കും. അയാളുടെ കൂടെ പാട്ടും പാടി മറ്റുള്ളവരും നടക്കും.
പാഴൂരിൽ ആദ്യമായി ബിരിയാണി വെച്ചത് പരേതനായ സി.കെ അബ്ദുല്ല ഹാജിയുടെ ആശാരിക്കണ്ടിയിലുണ്ടാക്കിയ വീടിന്റെ ഗ്യഹ പ്രവേശത്തിനാണ്. പരിസര പ്രദേശത്ത് മുക്കത്ത് മാത്രമായിരുന്നു. ഒരു ഡോക്ടർ ഉണ്ടായിരുന്നത്. ഡോ: മുഹമ്മദ് കുഞ്ഞിക്ക് അന്ന് ഒരു ജീപ്പ് ഉണ്ടായിരുന്നു. നടുവത്ത്  അസ്സൻ കുട്ടികാക്കക്ക് ( ടി.കെ റഷീദ് മാസ്റ്ററുടെ പിതാവ്) രോഗമായപ്പോൾ ഡോ: മുഹമ്മദ് കുഞ്ഞിയെ കൊണ്ടുവന്നു. അദ്ദേഹം വന്ന് ജീപ്പ് കാണാനും ഒന്ന് തൊടാനും കുട്ടികളായ ഞങ്ങൾ തിക്കും തിരക്കും കൂട്ടിയിരുന്നു. ഉൽപ്പല്ലി കുഞ്ഞാലൻ കാക്ക ആദ്യമായി സൈക്കിൾ വാങ്ങി പാഴൂരിൽ കൊണ്ടു വന്നു.കാണാനും ഒന്ന് തൊടാനും കുട്ടികളെ സൈക്കിളിൽ ബെല്ലടിക്കാൻ ഞങ്ങൾ പരസ്പരം മൽസരിച്ചു . പാഴൂരിൽ ആദ്യമായി കുറിക്കല്ല്യാണത്തിന് സ്പീക്കർ സെറ്റ് കൊണ്ട് വന്നതും നെയ്ച്ചോറും ഇറച്ചിയും വിതരണം ചെയ്യ് തതും അദ്ദേഹം ആയിരുന്നു. പുതിയോട്ടിൽ പരീതിന്റെ വീട്ടിലായിരുന്നു അന്ന് റേഡിയോ  ഉണ്ടായിരുന്നത്. നോമ്പും പെരുന്നാളും അറിയാൻ ആളുകൾ അവിടെ ഒരുമിച്ച് കൂടും.
ചാത്തമംഗലം പഞ്ചായത്ത് പാഴൂരിലേക്ക് ഒരു റേഡിയോ അനുവദിച്ചു. അത് താത്തൂരിലേക്ക് വേണമെന്ന് അവിടത്ത് കാർ വാശി പിടിച്ചു. അവർ പാഴൂരിലേക്ക് പ്രകടനം നടത്തി. അവസാനം പാഴൂരിൽ തന്നെ റേഡിയോ വെച്ചു.
പാഴൂരിൽ ആദ്യമായി മോട്ടോർ സൈക്കിൾ വാങ്ങിയത്നടുവത്ത് റഷീദിന്റെ പിതാവ് നടുവത്ത് അബൂബക്ക൪കാക്കയായിരുന്നു. തിരുവമ്പാടിയിൽ വ്യാപാരിയായ അദ്ദേഹം വീട്ടിലേക്ക് വരുന്ന വഴി അഗസ്ത്യമുഴിയിൽ വെച്ച് ബസ്സ് തട്ടി മരണപ്പെട്ടു.
ബലിപെരുന്നാളിന്റെ തലേ ദിവസം ഉമ്മക്ക് മരുന്ന് വാങ്ങാൻ മാരിലേക്കു പോയ കൊശോരുക്കണ്ടി കുഞ്ഞാലിക്കുട്ടി വൈകുന്നേരം മാവൂരിൽ വെച്ച് ബസ്സ്  തട്ടി മരണപ്പെട്ടു. പിറ്റേന്ന് ബലിപെരുനാളിനാണ് മയ്യത്ത് മറവ് ചെയ്തത്. നാടിനെ നടുക്കിയ ഒരു അപകട മരണമായിരുന്നു അത്. ബസ്സ് മുതലാളി നഷ്ടപരിഹാരം നൽകാൻ തയ്യാറാവാത്തതിൽ പ്രതിഷേധിച്ച് പാഴൂർ  നിവാസികൾ മാവൂരിലേക്ക് പ്രകടനമായി പോയി ബസ്സ് തടഞ്ഞു. കൂടാൻ കുഴി അബ്ദുല്ല(ഡോ. കെ. കെ അഹമ്മദ് കുട്ടിയുടെ സഹോദരൻ) ഗവ: സർവ്വീസിൽ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം കോഴിക്കോട് വെച്ച് ബസ്സ് തട്ടി മരണപ്പെട്ടു. വാവാട്ട് ഉണ്ണിക്കമ്മു മുന്നൂരിൽ വെച്ച് ബസ്സ് തട്ടി മരണപ്പെട്ടു. വാവാട്ട് ബഷീറിന്റെ പിതാവ് ഉണ്ണിമോയിൻ കുട്ടി. മീൻ പിടിക്കുമ്പോൾ പുഴയിൽ മുങ്ങി മരണപ്പെട്ടു. സർക്കാർ സർവ്വീസിൽ അദ്ധ്യാപകനായിരുന്ന എന്റെ സഹോദരൻ വി.ടി മരക്കാർ കുട്ടി ടെറ്റനസ് ബാധയെ തുടർന്ന് മരണപ്പെട്ടു. അതിനു ശേഷം പല അപകട മരണങ്ങളും ചെറുപ്പക്കാരുടെ മരണങ്ങളും നാട്ടിലുണ്ടായി. മുക്കം ചെറുവാടി പുഴ മാട്ടുമ്മൽ വെച്ച്  രാത്രി വഅള് ഉണ്ടാവും. വൈലിത്തറ, തഴവ, കരുനാഗപ്പള്ളി, എന്നീ പേരുകളിൽ അറിയപ്പെടുന്ന തെക്കൻ ജില്ലക്കാരായ പണ്ഡിതരാണ് വഅള് പറഞ്ഞിരുന്നത്. ധാരാളം പേർ പാഴൂരിൽ നിന്ന് നടന്ന് വഅള് കേൾക്കാൻ പോവാറുണ്ടായിരുന്നു. മുന്നുര് പള്ളിക്ക് മുമ്പിലുള്ള ഇപ്പോൾ ഊരാളി അബ്ദുള്ളയുടെ വീട് ഉള്ള സ്ഥലത്ത് വെച്ച്  വയിലിത്തറയുടെ 3  ദിവസം നീണ്ട് നിൽക്കുന്ന വഅള് നടത്തിയിരുന്നു. അദ്ദേഹം അന്ന് താമസിച്ചിരുന്നത് എം.കെ അബ്ദുസലാം മാസ്റ്ററുടെ വീട്ടിലായിരുന്നു. മാസ്റ്ററും കുടുംബവും അന്ന് വെള്ളിമാട് ക്കുന്നിലാണ് താമസിച്ചിരുന്നത്.ആ വഅളിനാണ് പള്ളിക്ക് ധാരാളം തെങ്ങുകൾ സംഭാവനയായി ലഭിച്ചത്. പാഴൂർ സ്കൂൾ ഗ്രൗണ്ടിൽ ശുകപുരം മൗലവിയുടെ വഅള് വിപുലമായി നടത്തിയിരുന്നു.

റമളാൻ 17ന് ബദരീങ്ങളുടെ ആണ്ട് പള്ളിയിൽ വെച്ച് വിപുലമായി നടത്തിയിരുന്നു. പത്തിരി നേർച്ച എന്നായിരുന്നു കുട്ടികൾ പറഞ്ഞിരുന്നത്. ഒന്നോ രണ്ടോ,മൂരികളെ കമ്മറ്റിക്കാർ വാങ്ങും. അതിന്റെ എല്ലും ലിവറും പതിരുമൊക്കെ ലേലം ചെയ്യും. മിക്കവാറും എല്ലാവലിയവരും ലേലം വിളി ച്ചെടുക്കും. നല്ല ഒരു സംഖ്യ ഈ ലേലം മുഖേന കിട്ടും. വൈകുന്നേരം എല്ലാ വീടുകളിൽ നിന്നും പത്തിരി കൊണ്ട് വരും. അധികവും ഗോതമ്പുപത്തിരി ആയിരിക്കും. അരിപ്പത്തിരി വളരെ കുറവായിരിക്കും. അസറിന് ശേഷം മഹല്ലിന്റെ ലിസ്റ്റ് വായിച്ച് ഇറച്ചിയും പത്തിരിയും വിതരണം ചെയ്യും. ഇന്ന ത്തെ പോലെ വാങ്ങാത്ത വീടുകൾ അന്ന് ഉണ്ടായിരുന്നില്ല.

ചിറ്റാരിപ്പിലാക്കൽ, കൂളിമാട് പി എച്ച് ഇ.ഡി എന്നിവിടങ്ങളിൽ ജുമു അത്ത് പള്ളികൾ അന്ന് ഇല്ലായിരുന്നു. ചെറിയ നിസ്ക്കാര പള്ളികളായിരുന്നു ഉണ്ടായിരുന്നത്. വെള്ളിയാഴ്ച താത്തൂരിലേക്കും മുന്നൂരിലേക്കും ജുമുഅക്ക് പോവലായിരുന്നു.

റമളാൻ മാസമായാൽ മുന്നൂര് പള്ളിക്ക് മുമ്പിൽ എളമ്പിലാശ്ശേരി പീടിക വരാന്തയിലും റോഡിലും വെച്ച് കുട്ടിട്ടബീഡിയും പൂശുഇട്ടബീഡി യും തെരച്ച് വിൽക്കുന്നവർ ഉണ്ടായിരുന്നു. പലരും ബീഡി വാങ്ങി രാത്രി വലിക്കും. ഒരു പ്രത്യേക ഗന്ധമായിരുന്നു.

പള്ളിക്ക് മുമ്പിൽ തരിക്കഞ്ഞി കച്ചവടം ഉണ്ടാവും. പലരും തരിക്കഞ്ഞി കുടിക്കുകയും കുട്ടികൾക്ക് വാങ്ങികൊടുക്കുകയും ചെയ്യും. വീടുകളിൽ തരിക്കഞ്ഞി ഉണ്ടാക്കൽ അപൂർവ്വമായിരുന്നു.

മുന്നൂര് പള്ളിക്ക് അടുത്തായിരുന്നു മക്കാനി മുസ്സാക്കയുടെ (മക്കാനി ബഷീറിന്റെ പിതാവ്) വീട്. ഈ വീട് പലർക്കും ഒരു അഭയകേന്ദ്രമായിരുന്നു സാധനങ്ങൾ സൂക്ഷിക്കാനും ചൂട്ട് (അന്ന് ടോർച്ച്' ഇല്ല) വാങ്ങാനും ആളു കൾ ഈ വീട്ടിൽ കയറും. എല്ലാവരെയും വളരെ സന്തോഷത്തോടെ ആ കുടുംബം സ്വീകരിക്കും.

റമളാനിൽ ഇശാക്ക് എല്ലാ പുരുഷൻമാരും നോമ്പ് തുറന്ന ഉടനെ പള്ളിയിൽ വരും. പള്ളിയിൽ മുസ്ഹഫിന്റെ എണ്ണം കുറവാ യിരുന്നു. ചില കുട്ടികൾ അസറിന് പള്ളിയിൽ വരുമ്പോൾ മുസ്ഹഫ് എടു ത്ത് ഒളിപ്പിച്ച് വെക്കും. ഖുർആൻ ഖത്തം തീർക്കുന്ന കാര്യത്തിൽ കുട്ടികൾ തമ്മിൽ മൽസരമായിരുന്നു.

പാഴൂർ തമ്പലങ്ങോട്ട് കടവിൽ ഒരു ചെറിയ സ്രാമ്പ്യ (നിസ്ക്കരിക്കുന്ന സ്ഥലം) ഉണ്ടായിരുന്നു. അവിടെ തറാവീഹ് ഉണ്ടായിരുന്നില്ല. എല്ലാവരും 20 റകഅത്ത് തറാവീഹും 3 റകഅത്ത് വിതം കഴിഞ്ഞേ പോവാറുള്ളു.

റമളാനിൽ ളുഹറിന് ശേഷം മുന്നൂര് പള്ളിയിൽ പ്രഗൽഭരായ ഉസ്താദുമാരെ കൊണ്ടു വന്ന് വഅള് നടത്തിയിരുന്നു. നാലോ അഞ്ചോ, ദിവസം ഒരു ഉസ്താദ് തന്നെയാണ് വഅള് പറഞ്ഞിരുന്നത്. അന്ന് പള്ളി യിൽ കറന്റോ സ്പീക്കറോ ഇല്ലായിരുന്നു. വഅളിന് വന്ന പൊൻമള ഫരിദ് മുസ്ലിയാരുടെ കൂടെ എം കെ കോമു മോയിൻഹാജി തന്റെ മൂത്തമകൻ അബ്ദുൽ കരീമിനെ ഓതാൻ പറഞ്ഞയച്ചു. വർഷങ്ങളോളം ഒരേ ഉസ്താദി
ന്റെ കീഴിൽ കിത്താബോതി വെല്ലൂർ ബാഖിയാത്തിൽ നിന്നും ബാഖവി ബിരുദം നേടി തിരിച്ചുവന്നു.

മുന്നുര് പള്ളിയിൽ കറന്റ് കിട്ടിയത്. 1971ലാണ്. അന്നത്തെ ഉസ്താദ് ടിസി മുഹമ്മദ് മുസ്ലിയാരുടെ ശ്രമഫലമാണ് കറന്റ് കിട്ടിയത്. പള്ളിയിൽ ഉസ്താദിനുള്ള റൂമും ടോയ്ലറ്റും ഉണ്ടാക്കിയതും അദ്ദേഹം തന്നെ അതിന് മുൻപ് ഉസ്താദും ശിഷ്യൻമാരും കുളിക്കാൻ പുഴയിലേക്കും മലവിസർജജ നത്തിനായി പള്ളിപറമ്പിലേക്കും പോവലായിരുന്നു.

ചിറ്റാരിപ്പിലാക്കൽ താമസിച്ചിരുന്ന എന്റെ അമ്മാവൻ എ പി അഹ കുട്ടി മുസ്ലിയാർ അറബി ഉറുദു ഭാഷകളിൽ പണ്ഡിതനായിരുന്നു. തുടർച്ച യായി 30 വർഷത്തിലധികം കക്കോവിൽ മുദരിസ്സായിരുന്നു അക്കാലത്ത് കക്കോവിൽ നിന്ന് പെരുമണ്ണ വഴി നടന്നായിരുന്നു അദ്ദേഹം നാട്ടിൽ വന്നിരുന്നത്. പാഴൂരിൽ നിന്നും എസി സീതി മൗലവി, കൂടാൻ കുഴി വീരാൻ മൗലവി,കെ സി വി മുഹമ്മദ് മൗലവി, കെ സി സി മുഹമ്മദ് മൗലവി എന്റെ സഹോദരൻമാരായ വി ടി അഹമ്മദ്കുട്ടി മൗലവി വി ടി മരക്കാർ കുട്ടിമാസ്റ്റർ എന്നിവരെ കിതാ ബോതാൻ കക്കോവിലേക്ക് കൊണ്ടു പോയി. അവിടെ നിന്ന് അറബി മുൻഷി പരീക്ഷ എഴുതിച്ചു. അക്കാലത്ത് ഏഴാം ക്ലാസ്സ് പ്രൈവറ്റായി എഴുതാൻ സൗകര്യമുണ്ടായിരുന്നു. അവർക്ക് അറബി അദ്ധ്യാപകരായി വിവിധ സ്ക്കൂളുകളിൽ ജോലിയും ലഭിച്ചു.

എം കെ അബ്ദുസ്സലാം മാസ്റ്റർ BA BT പാസ്സായി അദ്ദേഹം മുക്കം ഹൈസ്ക്കൂളിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് JDT ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായി അവിടെ നിന്ന് പിരിഞ്ഞു. എ ഇസ്മാലുട്ടി മാസ്റ്റർ, സി കെ ഉസ്മാൻമാസ്റ്റർ എന്നിവർ BSC BEd കഴിഞ്ഞു. അവർക്ക് സർക്കാർ ഹൈസ്ക്കൂളിൽ ജോലി കിട്ടി. ഇസ്മാലുട്ടി മാസ്റ്റർക്ക് ഹെഡ്മാസ്റ്ററായി പ്രമോഷൻ ലഭിച്ചു. നാട്ടിലെ ആദ്യത്തെ സർക്കാർ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ അദ്ദേഹമാണ്. പുത്തലത്ത് വീരാൻ കുട്ടി മാസ്റ്റർ, കെ ടി അബ്ദുല്ല ഇപ്പോൾ അരീക്കോട് താമസിക്കുന്ന കെ എം അബ്ദുല്ല എന്നിവർ TTC പഠിച്ചു. കെ എം അബ്ദുല്ല ടെലഫോൺ ഓഫീസറായും മറ്റ് രണ്ട് പേർഅദ്ധ്യാപകനായും ജോലി ചെയ്തു.

എന്റെ സഹോദരൻ വി ടി മുഹമ്മദിന് TTCപഠിക്കുമ്പോൾ ഗവ സർവ്വീസിൽ ജോലി ലഭിച്ചു വയനാട്ടിൽ സഹകരണ വകുപ്പിൽ ഓഡിറ്ററായി ജോലിയിൽ പ്രവേശിച്ചു. പിന്നെ പ്രമോഷൻ  ലഭിച്ചു. 10 വർഷ ക്കാലം ഗസറ്റഡ് ഓഫീസർ പദവിയിലിരുന്നു. നാട്ടിലെ ആദ്യത്തെ ഗസറ്റഡ് ഓഫീസർ അദ്ദേഹമായിരുന്നു.

പാഴൂരിലെ ആദ്യ MBBS ഡോക്ടർ കെ.കെ അഹമ്മദ് കുട്ടിയും ആദ്യ എഞ്ചിനിയർ പുത്തലത്ത് മുസ്തഫയും ആദ്യ അഡ്വക്കേറ്റ് കാവു ങ്ങൽ അശോകനുമാണ്. ആദ്യ കോളേജ് ലെക്ചർ സി കെ അഹമ്മദും ആണ്.സി.ടി അലി അത്തിക്കോട്ടുമ്മൽ അബ്ദുല്ല, തമ്പലങ്ങാട്ട് അബ്ദു

റഹിമാൻ, പരേതനായ ഇമണ്ണിൽ ഉണ്ണിമോയി എന്നിവർക്ക് ഗവ സർവ്വീ സിൽ ജോലി ലഭിച്ചു. പാഴൂരിൽ നിന്ന് ആദ്യമായി ഗൾഫിലേക്ക് പോയത് ചിറ്റാരിപ്പിലാ

ക്കൽ താമസിച്ചിരുന്ന കുറുമ്പറമ്മൽ കുഞ്ഞാലൻ കുട്ടിയാണ് 1973ൽ വി.ടി അഹമ്മദ്കുട്ടി മൗലവി പുതുതായി ഉണ്ടാക്കിയ പുല ക്കുത്ത് പുറായി വീട്ടിൽ വെച്ച് രാത്രി ഒരു ഉറുദു ക്ലാസ് നടത്തിയിരുന്നു. ഹസ്സൻ വായോളി, ടി കെ അബ്ദുറഹിമാൻ, മാങ്ങാട്ട് പറമ്പിൽ ഹമീദ് കെ എം അബ്ദുറഹിമാൻ,എം ടി മുഹമ്മദ്, സി.കെ അബ്ദുല്ല മാസ്റ്റർ കെ രാഘ വൻ മാസ്റ്റർ എന്നിവർ ഈ ക്ലാസിൽ പഠിച്ച് അദ്ധ്യാപകരായവരാണ്. എല്ലാ വരും ഇപ്പോൾ സർവ്വിസിൽ നിന്നും റിട്ടയർ ചെയ്തു.

സി.കെ അഹമ്മദ്കുട്ടി, സി.കെ ഉമ്മർ എന്നിവർ പൊതുമരാമത്ത് വകുപ്പിൽ നിന്ന് റിട്ടയർ ചെയ്തവരാണ്. പി.പി അബ്ദുറഹിമാൻ മാസ്റ്റർ, പി.പി മുസ്സമാസ്റ്റർ, വൈതല അഹമ്മദ് കുട്ടിമാസ്റ്റർ എന്നിവർ റിട്ടയർ ചെയ്ത അദ്ധ്യാപകരാണ്.

ചിറ്റാരിപ്പിലാക്കലിലെ ഇ സി എം ബഷീർമാസറ്റർ 18 വയസ്സ് തികഞ്ഞ അന്ന് തലശ്ശേരിയിൽ അദ്ധ്യാപകനായി സർവ്വീസിൽ പ്രവേശിച്ചു.  ഇത് ഒരു റിക്കാർഡാണ്.മുക്കുവൻ കടവത്ത് കുഞ്ഞാലിഹാജി,എം കെ സി അബ്ദുസ്സലാം ഹാജി, എന്നിവർ കേന്ദ്രസർക്കാർ സർവ്വീസിൽ നിന്നും റിട്ടയർ ചെയ്തവരാണ്.

പുലക്കുത്ത് ഇബ്രാഹിം, പുലക്കുത്ത് മുഹമ്മദ്, ചാലിക്കുഴി അബ്ദുല്ല, ചാലിക്കുഴി അബ്ദുറഹിമാൻ, ചാലിക്കുഴി അസ്സൻഹാജി, മകൻ അബ്ദു റഹിമാൻ, സി കെ മുഹമ്മദ്, പുതിയോട്ടിൽ പരീത് ഉൽപ്പല്ലി ചേക്കുട്ടി മുക്കു വൻ കടവത്ത് അഹമ്മദ്കുട്ടി ഹാജി കെ ടി അബൂബക്കർ വി ടി സി അഹ യദ്കുട്ടി, കൊശോരു കണ്ടി അബ്ദുറഹിമാൻ, കണിയാത്ത് അബ്ദുല്ല, പറമ്പിൽ കുഞ്ഞാലി, മങ്ങാട്ടു പറമ്പിൽ മുഹമ്മദ് ഹാജി, മങ്ങാട്ടുപറമ്പിൽ അബ്ദുല്ല ഹാജി, എറക്കോട്ട് ചോല മാമുക്ക ഹാജി, അസൈൻ ഹാജി, ഉണ്ണി മോയിൻ ഹാജി, ചെറിയാപ്പു, അഹമ്മദ് കുട്ടി, കെ. എം കുട്ടി കാക്ക, കെ. എം സഫീർ, കള്ളി വളപ്പിൽ അഹമ്മദ് അലി എന്നിവർ ഗ്വാളിയോർ റയോൺസിൽ ജോലി ചെയ്തവരാണ്.

നടുവത്ത് മുഹമ്മദ് മാസ്റ്ററായിരുന്നു ആദ്യത്തെ പി ടി അദ്ധ്യാപകൻ. തിരുരങ്ങാടി, ചേന്ദമംഗല്ലൂർ ഹൈസ്കൂളുകളിൽ കായികാധ്യാപകനായി ജോലി ചെയ്തു കൂടാൻകുഴി കുഞ്ഞായികാക്ക, തമ്പലങ്ങാട്ട് കൂടാൻകുഴി അബ്ദുറഹിമാൻകാക്ക, കെസി മുസ്സഹാജി എ സി അബ്ദുറഹിമാൻകുട്ടി ഹാജി വാവാട്ട് മുഹമ്മദ് ഹാജി, ഇളമ്പിലാശ്ശേരി മുഹമ്മദ്ഹാജി, മേലെ ഇള ബിലാശ്ശേരി അബ്ദുല്ല ഹാജി പാറക്കാൻ തൊടിക ബീരാൻകുട്ടി കാക്ക മല പുറം കുഞ്ഞാലികാക്ക സി ടി ആലി എന്നിവർ പാഴൂരിലെ കച്ചവടക്കാരാ യിരുന്നു.

ഉൽപ്പല്ലി അബൂബക്കർകാക്ക, തെക്കെക്കണ്ടി മമ്മദ്കുട്ടി കാക്ക ടി കെ അസ്സൻകുട്ടികാക്ക, TKC അബ്ദുസ്സലാം ഹാജി, രായിൻ മമ്മദ്ഹാജി എന്നി വർ മരക്കച്ചവടക്കാരായിരുന്നു.

കൂളിമാട് മണാശ്ശേരി റോഡ് നിർമ്മിച്ചത് കാസർക്കോട്ടെ ഒരു കോൺട്രാക്ടറാണ്. അന്ന് ലോറിയിൽ മണ്ണ് കൊണ്ടുവരുമ്പോൾ കുട്ടികൾ ലോറിയിൽ കയറും. മുക്കത്ത് എല്ലാഞായറാഴ്ചയും ആഴ്ചചന്ത നടത്തിയി രുന്നു. ആറുപുരം വഴി നടന്നായിരുന്നു അന്ന് പലരും പോയിരുന്നത്. മുക്കത്ത് നിന്നും സാധനങ്ങൾ വാങ്ങി തലയിൽ വെച്ച് കൊണ്ട് വരും.

ടിസി വീരാൻ മാസ്റ്റർ, ചാലിക്കുഴി അബുബക്കർ മൗലവി വി ടി അഹമ്മദ്കുട്ടി മൗലവി എന്നിവർ ഹോമിയോ ചികിൽസ നടത്തിയിരുന്നു. RS കല്ലാട്ട് എന്ന ഹോമിയോ ഡോക്ടർ നാട്ടിൽ താമസമാക്കി. നായർകുഴിയിലെ കണ്ടൻകുട്ടി വൈദ്യർ, പാഴൂരിലെ അപ്പുവൈദ്യർകൊടിയത്തൂരിലെ അയ്യപ്പൻ വൈദ്യർ എന്നിവർ ആയുർവേദ വൈദ്യൻമാരായിരുന്നു. താത്തൂരിലെ ഉണ്ണിമോയിൽ മുസ്ലിയാർ, P H E Dയിലെ പൊന്നാനി മുഹമ്മദ് മുസ്ലിയാർ, അശാരിക്കണ്ടി ആഇല്ല ഹാജി എന്നിവർ ചികിത്സാ രികളായിരുന്നു.

അന്ന് ഗുരുതരരോഗമായാൽ ചെറുവണ്ണൂരിലെ മുഹമ്മദ് ഡോക്ടറുടെ ഹോസ്പിറ്റലിലേക്ക് പാഴൂരിൽ നിന്നും തോണിയിൽ കൊണ്ടുപോകും. നാര ങ്ങാളി അസ്സൈൻകാക്കയായിരുന്നു തോണിക്കാരൻ.
അൽപം പഴയ ചരിത്രം പങ്ക് വെച്ചു എന്ന് മാത്രം - പുതിയ തലമുറക്ക് പഴയ തലമുറയെ പറ്റി ഓർക്കാൻ ഇത് ഉപകരിക്കുമെന്ന പ്രതീക്ഷയോടെ.....

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)