✍️ഗിരീഷ് കാരക്കുറ്റി
കൊടിയത്തൂർ കോട്ടമ്മൽ ആലിക്കുട്ടി(74) (നിഷ) നിര്യാതനായി.
കൊടിയത്തൂർ കോട്ടയിൽ ജനിച്ചു വളർന്ന് കാലത്തിന്റെ കുത്തൊഴുക്കിൽ മായ്ക്കപ്പെടാതെ, ഗ്രാമത്തിൽ മറക്കാത്ത അടയാളങ്ങൾ ബാക്കിയാക്കി സ്നേഹസമ്പന്നതയിൽ സുകൃതം ചെയ്ത് തിരിച്ചുവരാൻ പറ്റാത്ത ലോകത്തേക്ക് യാത്രയായി.
കാല ചെറുപ്പം മുതലേ ആരെയും വെറുപ്പിക്കാതെ സ്നേഹാമൃതം പുരട്ടിയ പുഞ്ചിരിയിൽ പടുത്തുയർത്തിയ സ്നേഹ സൗഹൃദവലയത്തിനുടമ യായിരുന്നദ്ദേഹം.
ജീവിതയാത്രയിലൊരുപാട് വേഷങ്ങൾ കെട്ടിയിട്ടുണ്ട്. സൈക്കിൾ ഷോപ്പ്, റിക്കാർഡ് പാട്ടുപെട്ടിയും സ്പീക്കർ സെറ്റും. ഓട്ടോക്കാരൻ ,ഡ്രൈവർ അങ്ങനെയങ്ങനെ എന്തു തൊഴിലെടുക്കാനും അദ്ദേഹം തയ്യാർ.
1980 കളിൽ കൊടിയത്തൂർ കോട്ടയിലെ സൈക്കിൾ ഷാപ്പ് പ്രസിദ്ധമായിരുന്നു. ഞാനുൾപ്പെടെയുള്ളവർ "കാവണ്ടി " സൈക്കിൾ വാടകക്കെടുത്ത് വിലസിയിരുന്ന കാലഘട്ടം ഓർത്തു പോവുകയാണ്.
അതേ കാലയളവിൽ കല്യാണ വീടുകളിലും, കുറിക്കല്യാണങ്ങളിലും നാട്ടിലെ ഒട്ടുമിക്ക പരിപാടിയിലും ആലിക്കുട്ടിക്ക തുടങ്ങിയ നിഷ സൗണ്ട്സ് പ്രസിദ്ധമായിരുന്നു.
പാട്ടുപെട്ടിയിലെ തിരിയുന്ന റിക്കാർഡിൽ വളരെ ശ്രദ്ധയോടെ അതിൽ ഘടിപ്പിച്ച ദണ്ടിന്റെ അറ്റത്തുള്ള ആണി ഘടിപ്പിക്കുമ്പോൾ സ്പീക്കർ കോളാമ്പിയിൽ നിന്നും ഉയരുന്ന ഗാനത്തിന്റെ മാധുര്യമിന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു കാതുകളിൽ .
കൊടിയത്തൂരിൽ ആദ്യമായി ഓട്ടോറിക്ഷ കൊണ്ടുവന്നതും നാട്ടുകാരെ പരിചയപ്പെടുത്തിയതും ഓടിച്ചതും അദ്ദേഹമായിരുന്നു.
1989 ൽ കണ്ണഞ്ചേരി അസീസ് മാസ്റ്റർ
കാസർകോട്ടെ പടന്ന കടപ്പുറത്തെ ദീപ്പിൽ നഴ്സറി സ്കൂൾ തുടങ്ങിയപ്പോൾ യാത്ര സൗകര്യത്തിന് സൈക്കിൾ അല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലാത്ത ആ കൊച്ചു ദീപുകാർക്ക് കൗതുകമായി ഓട്ടോറിക്ഷ കൊണ്ടുവന്നപ്പോൾ അതിന്റെ മുൻ സീറ്റിലിരുന്ന് നിയന്ത്രിച്ചിരുന്നത് ദീപ്പുകാർക്ക് പ്രിയങ്കരനായി മാറിയ ആലിക്കുട്ടിക്കയായിരുന്നു. പിന്നീടത് പത്ര മാധ്യമങ്ങളിൽ വാർത്തയായി.
അങ്ങനെ എത്രയെത്ര അനുഭവങ്ങൾ അടയാളങ്ങൾ കാലത്തിന്റെ ചുവരുകളിൽ മായ്ച്ചാലും മായാതെ ജ്വലിച്ചു നിൽക്കും ചിരസ്മരണയിലെന്നും പ്രിയപ്പെട്ട ആലിക്കുട്ടിക്ക. കണ്ണീർ പ്രണാമം.
