കോഴിക്കോട് – വയനാട് തുരങ്കപാതയ്ക്കായി വയനാട് ജില്ലയിലെ മുഴുവൻ സ്ഥലവും ലഭ്യമായി. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുന്നതോടെ നിർമാണം ജൂലൈയിൽ ആരംഭിക്കും. നിർമാണക്കരാറിനായി ടെൻഡർ നൽകിയ 13 കമ്പനികളുടെ യോഗ്യതാ പരിശോധന പൂർത്തിയാകുന്നതിനു പിന്നാലെ ടെൻഡറുകൾ തുറക്കുമെന്ന് കൊങ്കൺ റെയിൽവേ അറിയിച്ചിരുന്നു.
8.1 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടത്തുരങ്കം രാജ്യത്തെ നീളംകൂടിയ മൂന്നാമത്തെ പാതയാണ്. പത്തുമീറ്റർ വീതമുള്ള നാലുവരിയായാണ് പാത. 300 മീറ്റർ ഇടവിട്ട് ക്രോസ്‌വേകളുണ്ടാവും. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ഗതാഗതം നിലയ്‌ക്കാതിരിക്കാനാണിത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ മറിപ്പുഴയിൽ നിന്നാരംഭിച്ച് വയനാട് ജില്ലയിലെ കള്ളാടി മീനാക്ഷി ബ്രിഡ്ജിൽ അവസാനിക്കുന്നതാണ് പാത. മറിപ്പുഴയിൽ നിർമിക്കുന്ന വലിയ പാലം അവസാനിക്കുന്നിടത്തുനിന്നാണ് തുരങ്കം ആരംഭിക്കുക.
1643.33 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ഇരട്ട തുരങ്കപാത. ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ 93.12 കോടി ചെലവിൽ ആർച്ച് പാലവും നാലുവരി സമീപനറോഡും പദ്ധതിയിൽ ഉൾപ്പെടുന്നു. രണ്ട് ഘട്ടമായാണ് ടെൻഡർ ക്ഷണിച്ചത്. കിഫ്ബിയിൽ പാതയ്ക്ക് 2138 കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. പദ്ധതി 2020 ഒക്ടോബർ അഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. നാലുവർഷത്തിനകം തുരങ്കപാത പൂർത്തിയാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം.
പദ്ധതിക്ക് ഉപയോഗിക്കുന്ന വനഭൂമിക്ക് പകരം 17 ഹെക്ടറിൽ വനം ഒരുക്കണമെന്ന നിബന്ധനയോടെയാണ്
തുരങ്കപാതയ്‌ക്ക് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചത്. ഒരു മരം പോലും മുറിച്ചുമാറ്റാതെയും സാധ്യമാവുന്നത്ര പരിസ്ഥിതി സൗഹൃദമായുമാണ് നിർമാണം. 34.31 ഹെക്ടർ വനഭൂമിയാണ് ഏറ്റെടുക്കുക.
വനഭൂമിയിൽ നിർമാണപ്രവൃത്തികൾ പരമാവധി ഒഴിവാക്കും. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം നൽകാനുള്ള ഭൂമി വയനാട് ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്. സൗത്ത് വയനാട് ഡിവിഷനിലെ ചുള്ളിക്കാട്, കൊല്ലിവയൽ, മടപ്പറമ്പ്, മണൽവയൽ വില്ലേജുകളിലായാണ് 17.263 ഹെക്ടർ ഭൂമിയിൽ മരം നടുക. ഇത് റിസർവ് വനമായി വിജ്ഞാപനംചെയ്യും. ഇതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്
