പഴയകാല 'അമ്മാവൻ' ബസ് വീണ്ടും നിരത്തിലെത്തി. കെ.എസ്.ആർ.ടി.സി.യാണ് മൺമറഞ്ഞ പഴയകാല ബസ് പുനഃസൃഷ്ടിച്ചത്. പണ്ട് തലസ്ഥാന നഗരിയിലൂടെ ഓടിയിരുന്ന ബസിന്റെ മാതൃകയിൽ പാപ്പനംകോട് സെൻട്രൽ വർക്സിലാണ് പുനഃസൃഷ്ടിച്ചത്. കെ.എസ്.ആർ.ടി.സി. ഉപയോഗിച്ചുകൊണ്ടിരുന്ന പുതിയ മോഡൽ ബസിന്റെ ബോഡിയിൽ മാറ്റംവരുത്തിയാണ് വിന്റേജ് സ്പെഷ്യൽ തയ്യാറാക്കിയത്. ഉൾഭാഗവും പഴയതുപോലെയാക്കി.
വിന്റേജ് സ്പെഷ്യൽ എന്നുപേരിട്ടുള്ള ബസ് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നിരത്തിലിറക്കി. സി.എം.ഡി. ഡോ. പി.എസ്. പ്രമോജ് ശങ്കർ സന്നിഹിതനായിരുന്നു. പേരൂർക്കട-കവടിയാർ-കിഴക്കേക്കോട്ട റൂട്ടാണ് പരിഗണനയിലുള്ളത്. പഴയ ബസ് യാത്ര ആസ്വദിക്കാൻ പുതിയ തലമുറയ്ക്ക് അവസരം ഒരുക്കുകയാണ് ലക്ഷ്യം. ചെറിയ ഗ്രില്ലും രണ്ടായി തിരിച്ച മുകളിലേക്ക് ഉയർത്താവുന്ന മുൻ ഗ്ലാസും മുകൾഭാഗത്തെ ഡെസ്റ്റിനേഷൻ ബോർഡും ഉൾപ്പെടെ ബസിന്റെ പഴമ അതേപടി നിലനിർത്തിയിട്ടുണ്ട്.
പിൻവശത്തും ഇരട്ട ഗ്ലാസാണ്. നീണ്ട ഗിയർ ലിവറും ഡാഷ്ബോർഡും കമാനാകൃതിയിലെ എൻജിൻ കവറും ഉൾപ്പെടെ ഡ്രൈവർ കാബിനും 1965ലേതാക്കി. പച്ചയും വെള്ളയുമാണ് നിറം. പഴയകാല ബസുകളിലെ വശങ്ങളിലെ ഗ്രാഫിക്സ് അതേപടി നിലനിർത്തിയിട്ടുണ്ട്.
2013 മോഡൽ അശോക് ലെയ്ലാൻഡ് ബസാണ് വിന്റേജ് രീതിയിൽ മാറ്റിയിരിക്കുന്നത്. 52 പേർക്ക് യാത്രചെയ്യാനാകും. ബജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കാനും പദ്ധതിയുണ്ട്. കല്യാണ ഫോട്ടോഷൂട്ടുകൾക്കും ബസ് വാടകയ്ക്കു നൽകും.
വിന്റേജ് വാഹനങ്ങളുടെ അമൂല്യശേഖരത്തിനു സാധ്യതയുണ്ടായിരുന്നെങ്കിലും പഴയ വാഹനങ്ങൾ സംരക്ഷിക്കുന്നതിൽ കെ.എസ്.ആർ.ടി.സി. വീഴ്ചവരുത്തിയിരുന്നു. ഇറക്കുമതിചെയ്ത ബെൻസ്, ആദ്യകാല ലെയ്ലാൻഡ് തുടങ്ങിയവയുടെ അമൂല്യശേഖരം കൈവശമുണ്ടായിരുന്നെങ്കിലും ഉപയോഗ കാലാവധി കഴിയുമ്പോൾ പൊളിച്ചുകളഞ്ഞു.
ഇതിനു പ്രായശ്ചിത്തമായി വാഹന മ്യൂസിയം സജ്ജീകരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. പഴയകാല കെ.എസ്.ആർ.ടി.സി. ബസുകളുടെ ചിത്രങ്ങൾ ശേഖരിച്ചിരുന്നു. ചെറുപതിപ്പുകൾ ഉണ്ടാക്കി പ്രദർശിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
