Flash News

Nattu Media

മെയ് 12 വരെ സംസ്ഥാനത്ത് 55 ഡിഗ്രി താപനില: വൈറല്‍ വാട്‌സ്ആപ്പ് സന്ദേശം വ്യാജം

സംസ്ഥാനത്ത് വേനല്‍ കനത്തതോടെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ സജീവം. 'ഏപ്രിൽ 29 മുതൽ മെയ് 12 വരെ കേരളത്തിലെ താപനില 45°C മുതൽ 55°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും, ആർക്കെങ്കിലും ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ രോഗങ്ങള്‍ മൂര്‍ച്ഛിക്കുകയോ ചെയ്‌താല്‍ ഉടന്‍ ഡോക്‌ടറെ സമീപിക്കുക'- എന്നും 'സിവിൽ ഡിഫൻസ് വകുപ്പ്' മുന്നറിയിപ്പ് പുറപ്പെടുവിച്ചതായാണ് വൈറല്‍ വാട്‌സ്ആപ്പ് ഫോര്‍വേഡിലുള്ളത്. എന്നാല്‍ ഈ വാട്‌സ്ആപ്പ് മെസേജ് ആരും വിശ്വസിക്കരുത്, സിവിൽ ഡിഫൻസ് വകുപ്പ് പുറത്തിറക്കിയതായി പറയുന്ന മുന്നറിയിപ്പ് സന്ദേശം വ്യാജമാണ്. മുന്നറിയിപ്പില്‍ പറയുന്ന സിവിൽ ഡിഫൻസ് വകുപ്പ് എന്ന വകുപ്പ് പോലും വ്യാജമാണ്. 

👆വൈറലായ മുന്നറിയിപ്പ് സന്ദേശത്തിന്‍റെ സ്‌ക്രീന്‍ഷോട്ട് 


ആളുകളെ ആശങ്കയിലാഴ്‌ത്തിയ മുന്നറിയിപ്പിന്‍റെ വസ്‌തുത

കേരളത്തില്‍ താപനില 45°C മുതൽ 55°C വരെ ഉയരാൻ സാധ്യതയുണ്ടെന്ന തരത്തില്‍ സിവില്‍ ഡിഫന്‍സ് വകുപ്പിന്‍റെ പേരില്‍ പ്രചരിക്കുന്ന വാട്‌സ്ആപ്പ് സന്ദേശം വ്യാജമാണ്. സിവില്‍ ഡിഫന്‍സ് വകുപ്പ് എന്നൊരു വകുപ്പ് കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ ഇല്ല എന്നതാണ് ഒരു യാഥാര്‍ഥ്യം. സംസ്ഥാനത്ത് താപനില 45°C മുതൽ 55°C വരെ ഉയരുമെന്ന തരത്തില്‍ ഒരു മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയിട്ടില്ല എന്നതാണ് മറ്റൊരു വസ്‌തുത. സംസ്ഥാനത്ത് സാധാരണയായി ഇത്രയേറെ ഉയര്‍ന്ന താപനില രേഖപ്പെടുത്താറില്ല എന്നതുകൊണ്ടുതന്നെ ആരും ഈ വൈറല്‍ വാട്‌സ്ആപ്പ് ഫോര്‍വേഡ് വിശ്വസിച്ച് ആശങ്കയിലാവേണ്ടതില്ല. സിവിൽ ഡിഫൻസ് വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പ് എന്ന തരത്തിലുള്ള വാട്‌സ്ആപ്പ് മെസേജ് വ്യാജമാണെന്നും, മുന്‍ വര്‍ഷങ്ങളിലും ഇതേ വാട്‌സ്ആപ്പ് ഫോര്‍വേഡ് തെറ്റായി പ്രചരിച്ചിരുന്നതാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ വിദഗ്‌ധനായ രാജീവന്‍ എരിക്കുളം പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)