മുക്കം: മാട്രിമോണി സൈറ്റുകളും സോഷ്യൽ മീഡിയയും വഴി വിവാഹമോചിതരായ സ്ത്രീകളെ പരിചയപ്പെട്ട് പണവും സ്വർണവും തട്ടിയെടുത്തെന്ന കേസിൽ ജയിലിൽ കഴിയുന്ന യുവാവിനെ മുക്കം പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.
മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഷിബിലി (30)യെയാണ് മഞ്ചേരി പോലീസ് നേരത്തെ പിടികൂടി പെരിന്തൽമണ്ണ ജയിലിൽ അടച്ചിരുന്നത്. കൊടിയത്തൂർ സ്വദേശിനിയായ വിവാഹമോചിതയും സ്കൂൾ അധ്യാപികയുമായ യുവതിയുടെ പരാതിയിലാണ് മുക്കം പോലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. അധ്യാപികയിൽ നിന്ന് മാത്രം 4.85 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി വ്യാജ പ്രൊഫൈലുകൾ വഴിയാണ് ഇയാൾ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നതെന്നാണ് ആരോപണം. ബിസിനസ് ആവശ്യങ്ങൾക്കും മറ്റ് അത്യാവശ്യങ്ങൾക്കുമെന്ന പേരിൽ പണം കടം വാങ്ങുകയും ക്രെഡിറ്റ് കാർഡ് വഴിയും നേരിട്ടും പണം കൈപ്പറ്റുകയും ചെയ്തിരുന്നുവെന്നാണ് വിവരം.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ഏഴോളം കേസുകൾ നിലവിലുണ്ടെന്ന് മുക്കം പോലീസ് എസ്.ഐ. മുഹമ്മദ് ശകീബ്വ്യ ക്തമാക്കി. ഇരകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ മാത്രം 85 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ അന്വേഷണം വ്യാപിപ്പിക്കുന്നതോടെ തുക ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഓൺലൈൻ വഴി പരിചയപ്പെടുന്നവർ വിവാഹ വാഗ്ദാനം നൽകി പണം ആവശ്യപ്പെട്ടാൽ ജാഗ്രത പാലിക്കണമെന്ന് മുക്കം പോലീസ് മുന്നറിയിപ്പ് നൽകി. വ്യക്തികളുടെ പശ്ചാത്തലം ഉറപ്പുവരുത്തിയശേഷം മാത്രം വിശ്വാസത്തിലാകണമെന്നും സംശയാസ്പദമായ പണമിടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്നും നിർദേശിച്ചു.
