കോഴിക്കോട്: പൂവാട്ടുപറമ്പിൽ അടച്ചിട്ടിരുന്ന വീട്ടിൽ കള്ളൻ കയറി മോഷണം നടത്തിയതായി പരാതി.
വാതിൽ കുത്തിത്തുറന്ന് നടത്തിയ കവർച്ചയിൽ പത്ത് പവൻ സ്വർണം, മുപ്പതിനായിരം രൂപ പണം, ഡയമണ്ട് കമ്മലുകൾ എന്നിവ നഷ്ടപ്പെട്ടതായി റിപ്പോർട്ട്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീടാണ് മോഷണത്തിന് ഇരയായത്. ദിവ്യയും കുടുംബവും തൃശ്ശൂരിലുള്ള സ്വദേശത്തേക്ക് പോയിരുന്ന സമയത്താണ് സംഭവം നടന്നത്. വീട്ടിലേക്ക് ഇന്നലെ വൈകിട്ട് തിരിച്ചെത്തിയപ്പോൾ വാതിൽ തകർന്ന നിലയിലായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് സ്വർണവും പണവും കാണാതായതായി കണ്ടെത്തിയത്.
സംഭവത്തിൽ പന്തീരങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു.
