Flash News

Nattu Media

കൊടിയത്തൂർ - തെയ്യത്തുംകടവ് റോഡിന്റെ ശോച്യാവസ്ഥ: വ്യാപാരികൾ എം.എൽ.എയ്ക്ക് നിവേദനം നൽകി.

കൊടിയത്തൂർ: തെയ്യത്തുംകടവ് – കൊടിയത്തൂർ റോഡ് പണി ശാസ്ത്രീയ രീതിയിൽ ത്വരിതപ്പെടുത്തണമെന്നും യാത്രാദുരിതം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊടിയത്തൂർ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി എം.എൽ.എ. സി.കെ. കാസിമിന് നിവേദനം നൽകി.

റോഡിന്റെ ഒച്ചിന്റെ വേഗതയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും ശാസ്ത്രീയമല്ലാത്ത നിർമ്മാണ ശൈലികളും യാത്രാദുരിതം വർദ്ധിപ്പിക്കുന്നു. കേരള സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 36 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന മണാശ്ശേരി - ചൂള്ളിക്കാപറമ്പ് റോഡിന്റെ ഭാഗമായ 900 മീറ്ററോളം വരുന്ന ഈ ഭാഗം കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞു നിൽക്കുകയാണ്. കാലവർഷം തുടങ്ങുകയും, വിദ്യാലയങ്ങൾ തുറക്കുകയും ചെയ്യുന്നതോടെ ഈ വഴിയിലുള്ള യാത്ര ഏറെ ദുഷ്കരമാകും.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്ന മേഖലയിലാണ് ഈ യാത്രാദുരിതം. കാൽനടയാത്ര പോലും ദുസ്സഹമായതിനാൽ കൊടിയത്തൂർ ജി.യു.പി സ്കൂൾ, പി.ടി.എം ഹൈസ്കൂൾ, ചേന്ദമംഗലൂർ ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ഏറെ ദുരിതത്തിലാണ്.

പഞ്ചായത്ത് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി, യൂണിറ്റ് ഭാരവാഹികളായ ടി.കെ. അനീഫ്, സി.പി. മുഹമ്മദ്, കെ.സി . അഫ്സൽ, ജയഫർ പൂളക്കൽ, ടി.കെ. അബൂബക്കർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)