വാഴക്കാട്: ഓപ്പറേഷൻ ക്ലീൻ ഷോട്ടിന്റെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് നടത്തിയ വ്യാപക പരിശോധനയിൽ ഗുരുതര ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മുണ്ടുമൊഴി ചിറ്റാടിക്കുന്നിൽ പ്രവർത്തിച്ചിരുന്ന എസ്.എസ്.എ ഫുഡ് പ്രൊഡക്ഷൻസിന് കീഴിലെ 'നൈസ് സ്പ്രെഡ്' ബ്രെഡ് നിർമാണ യൂണിറ്റ് പഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടി.
ലൈസൻസും തൊഴിലാളികൾക്ക് നിർബന്ധമായ ഹെൽത്ത് കാർഡുകളും ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. കൂടാതെ കാലാവധി കഴിഞ്ഞതും കടകളിൽ നിന്ന് തിരിച്ചെത്തിയതുമായ ബ്രെഡുകളും മറ്റു ഭക്ഷ്യവസ്തുക്കളും വീണ്ടും ചൂടാക്കി പൊടിച്ച് ബ്രെഡ് ക്രംബ്സും മറ്റ് ഉൽപന്നങ്ങളുമായി പുനർനിർമിക്കുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തി.നിർമാണ യൂണിറ്റിന്റെ മുകൾഭാഗത്തെ ഗോഡൗണിൽ വിൽക്കാനാകാതെ തിരിച്ചുവന്നതും പൂപ്പൽ പിടിച്ചതുമായ ബ്രെഡുകൾ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്നതും പിന്നീട് അവ പൊടിച്ച് വീണ്ടും നിർമാണത്തിനായി ഉപയോഗിക്കുന്നതുമാണ് പരിശോധനയിൽ വ്യക്തമായത്. ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും നിർമാണ മേഖലകളിലും എലിക്കാഷ്ടം, പാറ്റ, ഉറുമ്പ് എന്നിവയുടെ സാന്നിധ്യവും അതീവ വൃത്തിഹീനമായ സാഹചര്യവും കണ്ടെത്തി.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ചാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ സ്ഥാപനം അടച്ചുപൂട്ടാനും ഉടമകൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
സംസ്ഥാനത്ത് മാരക രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ ഓപ്പറേഷൻ ക്ലീൻ ഷോട്ടിന്റെ ഭാഗമായി വാഴക്കാട്, എടവണ്ണപ്പാറ, ആക്കോട്, മുണ്ടുമൊഴി തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷ്യ ഉൽപാദന കേന്ദ്രങ്ങളിലും വ്യാപക പരിശോധന തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി. സജീഷ്, കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഡി. ഷാജു, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ദാനിഷ് വി., ഹെൽത്ത് ക്ലർക്ക് സയ്യിദ് അക്ബർ ബാദുഷാ ഖാൻ, സീനിയർ ക്ലർക്ക് എം. സജിദ്, ക്ലർക്ക് രജീഷ്, ഓവർസിയർ അമീൻ, റാഷിദ് എം. മുസ്തഫ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അഭിജിത്ത് അശോക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
