മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മുരിങ്ങംപുറായിയിൽ തെരുവുനായ ശല്യം രൂക്ഷമായതിനെ തുടർന്ന് വിദ്യാർത്ഥിനിക്ക് പരിക്കേൽക്കുകയും പരീക്ഷ നഷ്ടമാകുകയും ചെയ്ത സംഭവത്തിൽ വലിയ രോഷവും രൂക്ഷവിമർശനവുമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും ഉയരുന്നത്. പ്രദേശത്ത് തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർവലിയ രോഷവും രൂക്ഷവിമർശനവും അധികൃതർക്കെതിരെ ഉയർത്തുന്നത്.
ഇന്നലെ രാവിലെ മദ്രസയിലേക്ക് പോകുകയായിരുന്ന മൂന്ന് വിദ്യാർത്ഥികളെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിച്ചതോടെ ഭയന്നോടുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫാത്തിമ സിയ വീണ് കൈക്കും കാലിനും പരിക്കേറ്റു. സമീപത്തുണ്ടായിരുന്ന ഒരു യുവാവ് ഇടപെട്ടതിനാൽ നായയുടെ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന സിയയ്ക്ക് അന്നത്തെ പ്ലസ് വൺ മദ്രസ പരീക്ഷ എഴുതാൻ സാധിക്കാതിരുന്നതോടെ പ്രധാനപ്പെട്ട പരീക്ഷയും നഷ്ടമായി.
മുരിങ്ങംപുറായി മേഖലയിൽ കഴിഞ്ഞ കുറേക്കാലമായി തെരുവുനായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. സ്കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന കുട്ടികളും പ്രായമായവരും ഭീതിയോടെയാണ് യാത്ര ചെയ്യുന്നതെന്നും മുൻപും നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടും ശാശ്വത പരിഹാര നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും അവർ ആരോപിക്കുന്നു.
തെരുവുനായ ശല്യം നിയന്ത്രിക്കാൻ അടിയന്തരവും ഫലപ്രദവുമായ നടപടി സ്വീകരിച്ച് പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർക്ക് ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെടാനുള്ളത്.