Flash News

നാല് മക്കളുമായി വർഷങ്ങളായി ചോർന്നൊലിക്കുന്ന വാടകവീട്ടിൽ; ഒഡീഷ സ്വദേശിയായ ബിനു വിന് സൗജന്യമായി ഭൂമി നൽകി സിദ്ധീഖ് പുറായിൽ

ചെറുവാടി: നാല് മക്കളുമൊത്ത് അടച്ചുറപ്പില്ലാത്ത വാടകവീട്ടിൽ കഴിയുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയായ ബിബാച്ച കുസ്ലിയ എന്ന ബിനു വിനും കുടുംബത്തിനും വീട് നിർമിക്കാൻ സൗജന്യമായി നാല് സെന്റ് ഭൂമി നൽകി പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ സിദ്ധീഖ് പുറായിൽ മാതൃകയായി. ചെറുവാടി തെനേങ്ങപറമ്പിലെ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിൽ നിന്നാണ് ഭൂമി കൈമാറിയത്.

ഒഡീഷ സ്വദേശിയായ ബിനു 16 വർഷം മുമ്പാണ് തൊഴിൽ തേടി കേരളത്തിലെത്തിയത്. പിന്നീട് കൊടിയത്തൂർ സ്വദേശിനിയായ വിജിതയെ വിവാഹം കഴിച്ച അദ്ദേഹം നാലു മക്കളുമൊത്ത് വർഷങ്ങളായി വാടകവീടുകളിൽ മാറിമാറി താമസിച്ചുവരികയായിരുന്നു. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ സർക്കാർ ഉൾപ്പെടെയുള്ള ഭവനപദ്ധതികളുടെ ആനുകൂല്യങ്ങളും ലഭിക്കാതെ കുടുംബം ദുരിതത്തിലായിരുന്നു.

റിട്ടയേർഡ് അധ്യാപിക സോഫിയ ടീച്ചറിലൂടെയാണ് കുടുംബത്തിന്റെ അവസ്ഥ സിദ്ധീഖ് പുറായിൽ അറിഞ്ഞത്. വിവരം ലഭിച്ചതോടെ മറ്റൊന്നും ആലോചിക്കാതെ ഭൂമി സൗജന്യമായി നൽകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ബിനു താമസിക്കുന്ന വാടക വീട് 

തന്റെ പിതാവിൽ നിന്ന് ലഭിച്ച സ്വത്തിന്റെ അനുഗ്രഹമാണ് ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രചോദനമായതെന്ന് സിദ്ധീഖ് പുറായിൽ പറഞ്ഞു. നേപ്പാളിലെ ഭൂകമ്പബാധിതർക്കായി വീടുകൾ നിർമിച്ചു നൽകിയ അനുഭവവും പാവപ്പെട്ടവർക്ക് താങ്ങാകണമെന്ന ആഗ്രഹവും ഇത്തരം പ്രവർത്തനങ്ങൾക്ക് കരുത്തായെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ 100 നിർധന കുടുംബങ്ങൾക്ക് വീടുവെക്കാൻ ഭൂമിയോ വീടോ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'സാന്ത്വനം ഭവന പദ്ധതി'യുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം 60-ലധികം നിർധന കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ ഭൂമി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പ്രതീക്ഷിക്കാതെ ലഭിച്ച ഈ സഹായം ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് ബിനുവും കുടുംബവും പറഞ്ഞു. വർഷങ്ങളായി ചോർന്നൊലിക്കുന്ന വാടകവീടുകളിൽ കഴിയേണ്ടി വന്ന തങ്ങൾക്ക് സ്വന്തമായി വീട് എന്ന സ്വപ്നത്തിലേക്കുള്ള ആദ്യപടിയാണ് ഈ ഭൂമിയെന്നും അവർ നന്ദിയോടെ പ്രതികരിച്ചു.

ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച സിദ്ധീഖ് പുറായിലിന്റെ ഈ മാതൃകാപരമായ പ്രവർത്തനം സമൂഹത്തിന് പ്രചോദനമാകുകയാണ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)