മുക്കം ഉൾപ്പെടെ ഉള്ള മലയോര മേഖലയിലെ മസ്ജിദുകൾ കേന്ദ്രീകരിച്ച് മാസങ്ങളായി തുടരുന്ന ഇൻവെർട്ടർ ബാറ്ററി മോഷണത്തിന് ഒടുവിൽ വഴിത്തിരിവ്. കോഴിക്കോട്–മലപ്പുറം ജില്ലകളിലെ നിരവധി പള്ളികളിൽ സമാന മോഷണങ്ങൾ നടന്നതായാണ് വിവരം. പകൽ സമയത്ത് ആളൊഴിഞ്ഞ പള്ളികൾ ലക്ഷ്യമിട്ടായിരുന്നു മോഷണം.
വ്യാജ നമ്പർ പതിച്ച ഇരുചക്രവാഹനത്തിലെത്തിയ പ്രതി, ഉച്ച നമസ്കാരത്തിനും വൈകുന്നേരത്തെ നമസ്കാരത്തിനും ഇടയിലുള്ള സമയമാണ് മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്.
മലയോര മേഖലയിലെ പള്ളികളിൽ തുടർച്ചയായി മോഷണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ വിശ്വാസികൾക്കിടയിൽ ആശങ്ക നിലനിൽക്കുന്നതിനിടെയാണ് അറസ്റ്റ്. നേരത്തെ കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പറോഡ് സലഫി മസ്ജിദ് ഉൾപ്പെടെ വിവിധ പള്ളികളിൽ നിന്ന് ഇൻവെർട്ടർ ബാറ്ററികളും ആംപ്ലിഫയറുകളും മോഷണം പോയിരുന്നു. നെല്ലിക്കാപറമ്പ്–പന്നിക്കോട് റോഡിലെ ചേലാംകുന്ന് പള്ളി,ചെറുവാടി ചുള്ളിക്കാപറമ്പ് - പന്നിക്കോട് റോഡിലെ നടൂലങ്ങാടിയിലെ പള്ളിയിൽ നിന്നും, ഓമശ്ശേരി തെച്ചാടങ്ങാടി, മാമ്പിടിച്ചാൽ, തിരുവമ്പാടി പച്ചക്കാട്, ഗേറ്റുംപടി, മരഞ്ചാട്ടി തുങ്ങിയ പ്രദേശങ്ങളിലും സമാന മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മുക്കം ഇൻസ്പെക്ടർ റഫീഖിന്റെ നിർദേശപ്രകാരം നടത്തിയ ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ബാറ്ററിയുമായി കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
മുക്കം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീസ്, നഹാസ്, അഭിലാഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

