പത്തിലേറെ അപകടങ്ങൾ, പൊലിഞ്ഞത് നിരവധി ജീവനുകൾ. ഇന്ന് രാവിലെയും അപകടം. മാവൂർ റോഡിൽ അപകടങ്ങൾ തുടർ കഥയാകുമ്പോഴും നിസ്സംഗരായി റോഡ് സുരക്ഷ വകുപ്പും നിയമപാലകരും.
✒️സഫറുള്ള കൂളിമാട്
മാവൂർ: കോഴിക്കോട് മാവൂർ റോഡിൽ കഴിഞ്ഞമാസങ്ങളിൽ പത്തിലധികം അപകടങ്ങളിൽ പൊലിഞ്ഞത് കൊച്ചുകുട്ടികൾ മുതൽ വൃദ്ധർ വരെയാണ്. പലപ്പോഴും എത്ര ശ്രദ്ധിച്ചു വാഹനം ഓടിക്കുമ്പോഴും എതിരെ വരുന്ന വാഹനത്തിന്റെ വേഗതയും മത്സരപ്പാച്ചിലും നിസ്സഹായരായി നോക്കിനിൽക്കാൻ മാത്രമാണ് കാൽനടയാത്രക്കാർ അടക്കമുള്ള സാധാരണക്കാർക്ക് സാധ്യമാവുകയുള്ളു. ഒരു അപകടം നടന്ന് സാമൂഹ്യ പ്രവർത്തകർ, അവിടെ എത്തി മത,സാമൂഹിക, രാഷ്ട്രീയ സംഘടനകൾ സൗജന്യമായി നൽകുന്ന ആംബുലൻസുകളിൽ മെഡിക്കൽ കോളേജുകളിലും പ്രൈവറ്റ് ആശുപത്രികളിലും എത്തിക്കുമ്പോൾ മതിയായ ചികിത്സ ലഭ്യമാക്കാൻ പോലും നമ്മുടെ റോഡ് സുരക്ഷ സംവിധാനങ്ങൾക്ക് ആവുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ഇന്ന് പട്ടാപ്പകൽ രാവിലെ എട്ടുമണിക്ക് പെരുവയലിന്റെയും മാവൂരിന്റെയും ഇടയിൽ നടന്ന ഈ അപകടം ഏറെ ഞെട്ടലോടെയാണ് യാത്രക്കാരും നാട്ടുകാരും കണ്ടത്. അപകടം നടന്ന മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒരു നിയമപാലകരെയും അവിടെ കണ്ടില്ല റോഡ് സുരക്ഷയ്ക്കായി ക്യാമറകൾ സ്ഥാപിച്ചുകൊണ്ട് കൃത്യമായ നിരീക്ഷണങ്ങളിലൂടെ ഒരു പരിധിവരെ ഇത്തരം വിഷയങ്ങളിൽ സമയബന്ധിതമായി ഇടപെടാൻ സാധിക്കും. ലൈസൻസും, ഹെൽമറ്റും കർശനമായി പരിശോധിക്കപ്പെടണം. കൂട്ടത്തിൽ അപകട സാഹചര്യങ്ങളെ ക്രിയാത്മകമായി ശാസ്ത്രീയമായി നേരിടാൻ ഇനിയും റോഡ് സുരക്ഷ വകുപ്പും നിയമപാലകരും പരിശ്രമിച്ചില്ലെങ്കിൽ തെരുവിൽ പൊലിയുന്ന ജീവനുകൾക്ക് ഒരു അവസാനമുണ്ടാവില്ല.
