1980 കളിൽ കുറുക്കനും കുറുനരികളുടെയും ആവാസ കേന്ദ്രമായിരുന്ന കൊടിയത്തൂരിലെ കയ്യൂണമലയുടെ
മേൽവാരത്തിൽ പച്ചപ്പട്ടണിഞ്ഞ വലിയ തടായികുന്നിലെ പി ടി എം ഹൈസ്കൂളിലേക്ക് , കോട്ടയത്തെ മലയോര മേഖലയിൽ നിന്ന് റോയി മാസ്റ്റർ അധ്യാപനത്തിനായി തെരഞ്ഞെടുത്തതിവിടമായിരുന്നു.
കാരക്കുറ്റിയിലെ ഒറ്റയടിപ്പാതയിലൂടെ വലിയതടായ് കുന്നു കേറുമ്പോൾ സ്വാഗതമോതി ചീറ്റിയടിക്കുന്ന ചാറ്റൽ മഴയിൽ കയ്യിൽ കരുതിയ കാലൻ കുട നിവർത്തി പിടിച്ച് നീട്ടി വലിച്ച് കുന്നു കയറുമ്പോൾ , ആരും കരുതിയില്ല അദ്ദേഹം ഹൈസ്കൂളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് .
കണക്കിലെ അധ്യാപകനായിരുന്നദ്ദേഹം വിദ്യാർത്ഥികൾക്ക് നർമ്മം കലർന്ന ഭാഷയിൽ പാൽ പായസം പോലെ മാധുര്യമാക്കി മാത്തമാറ്റിക്സ്. വ്യാസവും , ആരവും കണക്കിലെ മാജിക്കുകളുമെല്ലാം പഠിപ്പിച്ചു വിദ്യാർത്ഥികളെ സ്നേഹവലയത്തിലാക്കി.
വിദ്യാർത്ഥികളുടെയിടയിൽ സാമൂഹ്യബോധം വളർത്തുന്നതിന് സോഷ്യൽ സർവീസ് ലീഗിന് രൂപം നൽകി. അതിന്റെ നേതൃത്വത്തിൽ സ്കൂളിന് കളിസ്ഥലം ഒരിക്കൽ ,
ചെടികൾ വെച്ച് പിടിപ്പിക്കൽ .എന്തിനേറെ പറയുന്നു, കാരക്കുറ്റിയിൽ നിന്ന് തുടങ്ങുന്ന പി ടി എം ഹൈസ്കൂളിലേക്കുള്ള റോഡ് നാട്ടുകാരുടെ കൂടെ തോളോട് തോൾ ചേർന്ന് ഞാനുൾപ്പെടെയുള്ള സോഷ്യൽ സർവീസിൽ ലീഗിൻെറ കർമ്മഭടന്മാരെ അണിനിരത്തി നിർമ്മാണ രംഗത്ത് സജീവമായതിന്നും ഓർക്കുകയാണ്.
വിദ്യാർത്ഥികളുടെ പേരും "വട്ടപ്പേരും " കൃത്യമായി ഓർമ്മയിൽ സൂക്ഷിക്കുന്ന അധ്യാപകനായിരുന്നു റോയി മാഷ്. സ്കൂൾ യുവജനോത്സവങ്ങളിൽ നിറസാന്നിധ്യമായിരുന്നു.
അധ്യാപകരുടെയും വിദ്യാർത്ഥികളെയും സൗഹൃദവലയത്തിന്റെ തിളക്കം വർദ്ധിപ്പിക്കാൻ നേതൃത്വം നൽകിയ അധ്യാപകനായിരുന്നദ്ദേഹം
1989 ൽ സ്കൂളിൽ നിന്നും പിരിഞ്ഞു പോകുമ്പോൾ കണ്ണീരോടെയാണ് വിദ്യാർത്ഥികളും അധ്യാപകരും അദ്ദേഹത്തെ യാത്രയാക്കിയത്.
അദ്ദേഹത്തിൻ്റെ വേർപാട് ചിരസ്മരണയിലെന്നും ജ്വലിച്ചു നിൽക്കും.
ആ ദീപ്ത സ്മരണക്കുമുമ്പിൽ കണ്ണീർ പ്രണാമം.
Tags:
DEATH
