ചെറുവാടി : സ്വന്തം വീട്ടിൽ നിന്നും പൊതിഞ്ഞെടുത്തു കൊണ്ടുവന്ന സ്നേഹത്തിൻ്റെ ഒരു പൊതി ചോറുമായി ഒരു കൂട്ടം കുട്ടികൾ അഗതിമന്ദിരത്തിലെത്തി.അവർക്കത് കേവലം ഒരു സന്ദർശനമായിരുന്നില്ല, മറിച്ച് ഒരു പoനപ്രവർത്തനത്തിൻ്റെ ഭാഗം തന്നെയായിരുന്നു.
ചെറുവാടി ഗവ.ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളാണ് കേരളാ പാഠാവലിയിലെ കാഴ്ചപരിമിതരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന പാഠം പഠിക്കുന്നതിൻ്റെ ഭാഗമായി വ്യത്യസ്തമായ പoനാനുഭവം തേടി മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ തൃക്കളയൂരിൽ പ്രവർത്തിക്കുന്ന അന്ധരുടെ അഗതിമന്ദിരത്തിൽ എത്തിയത്. അന്തേവാസികൾക്കുള്ള ഉച്ചഭക്ഷണം കുട്ടികൾ കൊണ്ടുവരികയായിരുന്നു.
കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി വന്നു ചേർന്ന 35 അന്തേവാസികളുമായി കുട്ടികൾ അല്പനേരം സംവദിച്ചു. കുടുംബകാര്യങ്ങൾ വിവരിച്ചപ്പോഴും ജീവിതാനുഭവങ്ങൾ പങ്കുവച്ചപ്പോഴും പാട്ടു പാടിയപ്പോഴും കുട്ടികൾ അച്ചടക്കമുള്ള കേൾവിക്കാരായി..... കൂടുതൽ സമയം ചെലവഴിക്കാനും കലാപരിപാടികൾ അവതരിപ്പിക്കാനും
വീണ്ടും കൂടുതൽ കൂട്ടുകാരുമായി സ്ഥാപനത്തിൽ എത്തുമെന്ന വാഗ്ദാനം അന്തേവാസികൾക്കു നൽകിയാണ് കുട്ടികൾ മടങ്ങിയത്. ഹൈസ്കൂളിലെ മലയാളം അധ്യാപകരായ K. ഉണ്ണികൃഷ്ണൻ , യു .പി.അബ്ദുൽ നാസർ , ഷൈജു AP എന്നിവർ കുട്ടികളെ അനുഗമിച്ചു.
ഉത്തര സുനിൽ, രേവ, ജിഷ്ണു, അശ്വജിത്ത്, അംന അസ്ലം ,ആദിഷ് എന്നിവർ നേതൃത്വം നൽകി.
Tags:
CHERUVADI
