ചെറുവാടി: ചെറുവാടി- കൊടിയത്തൂർ റോഡിലൂടെയുള്ള യാത്രാദുരിതം ഉടനെ പരിഹരിക്കുക എന്ന ആവിശ്യവുമായി കൊടിയത്തൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്.
റോഡ് നവീകരണത്തിൻ്റെ പേരിൽ ഒന്നര വർഷക്കാലമായി കൊടിയത്തൂർ ചെറുവാടി റോഡ് അലങ്കോലപ്പെട്ടിരിക്കുകയാണ്. കൂനിന്മേൽ കുരു എന്ന രീതിയിൽ ജൽ ജീവൻ മിഷൻ്റെ പുതിയ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികളും ആരംഭിച്ചിരിന്നു. ഇത് കാരണം കൂളിമാട് പന്നിക്കോട് റോഡും വെട്ടിപ്പൊളിച്ചിട്ട അവസ്ഥയിലാണ്. നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടയിൽ റോഡ് വികസനത്തിന് സ്ഥലം വിട്ടുകിട്ടാത്തതിൻ്റെ പേരിലും എസ്റ്റിമേറ്റ് തുക മതിയാകില്ലെന്ന പേരിലും ഇരു പ്രവൃത്തികളുടെയും കരാറുകാർ റോഡ് നിർമ്മാണ പ്രവൃത്തികളും പൈപ്പിടൽ പ്രവൃത്തികളും പാതിവഴിയിൽ ഉപേക്ഷിച്ചു പോയിരിക്കുകയാണ്.
ചുരുക്കത്തിൽ നാട്ടുകാർക്ക് ഇരു റോഡുകളിലൂടെയുമുള്ള കാൽനട യാത്ര പോലും ദുസ്സഹമാണ്. പരാതിപ്പെടുന്നവരോട് സ്ഥലം എം എൽ എ യും ബന്ധപ്പെട്ട അധികാരികളും നിസ്സഹായത അറിയിക്കുകയല്ലാതെ പരിഹാരശ്രമങ്ങളൊന്നും ചെയ്യുന്നില്ല.
നിലവിൽ കൊടിയത്തൂർ മുതൽ ചെറുവാടി വരെയും കൂളിമാട് മുതൽ പന്നിക്കോട് വരെയുമുള്ള യാത്ര ഏറെ പ്രയാസകരമാണ്. മഴക്കാലമായതിനാലും ഇരുവശങ്ങളിലുമുളള ഓവുചാലുകൾ അടഞ്ഞുകിടക്കുന്നതിനാലും റോഡിലുടനീളം വെള്ളക്കെട്ടുകളും വാരിക്കുഴികളുമാണ്. അധിക ഇന്ധന ചെലവും വണ്ടിക്കു സംഭവിക്കുന്ന കേടുപാടുകളും കാരണം ഓട്ടോ തൊഴിലാളികൾ ഏറെ പ്രയാസത്തിലാണ്. അങ്ങാടികളിലൊരിടത്ത് പോലും ഒരു ബൈക്കിനു പോലുമുള്ള പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ ആരും തന്നെ അങ്ങാടികളിലേക്ക് ഇറങ്ങുന്നില്ല. അതിനാൽ തന്നെ കച്ചവട സ്ഥാപനങ്ങളിൽ കാര്യമായ കച്ചവടം നടക്കുന്നില്ല. പല കച്ചവടക്കാർക്കും വാടകയും വൈദ്യുതി ബില്ലും നൽകാനുള്ള വക പോലും കിട്ടുന്നില്ല. വ്യാപാരികൾ ശക്തമായ പ്രതിഷേധത്തിലാണ്.
Ad
അധികാരികളുടെ നിസ്സംഗതയിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള പല രാഷ്ട്രീയ കക്ഷികളും വ്യാപാരി സംഘടനകളും പല തവണ പരാതികൾ സമർപ്പിക്കുകയും ധർണ്ണാ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.
ഈ ഒരു സാഹചര്യത്തിലാണ് കൊടിയത്തൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി അടിയന്തിര യോഗം ചേർന്ന് ഹർത്താൽ ഉൾപ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികൾക്ക് രൂപം നൽകുന്നത്.
സമര പരിപാടികളുടെ ആദ്യ ഘട്ടമായി ആഗസ്റ്റ് 12 ന് ശനിയാഴ്ച വൈകുന്നേരം ചെറുവാടിയിൽ ബഹുജന സമര സംഗമം സംഘടിപ്പിക്കുന്നതാണ്.
സംഗമത്തിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികൾ സംബന്ധിക്കുന്നതാണ്. തുടർ സമര പരിപാടികൾ സംഗമത്തിൽ പ്രഖ്യാപിക്കുന്നതാണ്.
Ad
ആലോചനായോഗത്തിൽ പ്രസിഡൻ്റ് എൻ കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കെ പി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പുതുക്കുടി മജീദ്, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ , വാർഡ് മെമ്പർ എം ടി റിയാസ് , ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ റഫീഖ് കൂളിമാട് ,കൊടിയത്തൂർ പഞ്ചായത്ത് മുസ്‌ലിം ഭാരവാഹിക്കളായ ഉണ്ണികമ്മു , ഷാബസ് അഹമ്മദ് . പി സി അബുബക്കർ ,വാർഡ് ലീഗ് പ്രസിഡന്റ് ടി .ടി അബ്ദുറഹിമാൻ , കെ വി നിയാസ്, യാസിൻ പി എച് ടി , അലിയാർ കൂളിമാട്, മുഹമ്മദ് തടായിൽ , സലാം ചാലിൽ ,ഉസൈൻ ,തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടരി മൂലത്ത് മജീദ് സ്വാഗതവും സെക്രട്ടറി എൻ ജമാൽ നന്ദിയും പറഞ്ഞു.
ചെറുവാടി വാട്സ്ആപ്പ് ഗ്രൂപ്പുകളിലും, വെബ്സൈറ്റിലും
പരസ്യം ചെയ്യാം.., കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യൂ..https://wa.me/918137856944



