Flash News

12 മീറ്റർ വീതിയിൽ ആധുനിക റോഡ്; ചേന്ദമംഗലൂരിൽ വികസനത്തിന്റെ പുതിയ അധ്യായം

മുക്കം: വർഷങ്ങളായി പ്രദേശവാസികൾ കാത്തിരുന്ന ചേന്ദമംഗലൂർ–കക്കാട് റോഡ് വീതികൂട്ടി നവീകരിക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾക്ക് തുടക്കമായി. റോഡിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഉദ്ഘാടനച്ചടങ്ങ് നാടിന്റെ ഉത്സവമായി മാറി.

പ്രദേശത്തെ പൗരപ്രമുഖൻ കെ.പി. അഹമ്മദ് കുട്ടി കുറ്റിയടിച്ച് സ്ഥലമേറ്റെടുക്കൽ നടപടികളുടെ ഉദ്ഘാടനം നിർവഹിച്ചു. റോഡിന്റെ വയൽഭാഗം ഉൾപ്പെടെയുള്ള മേഖലകളിൽ വീതികൂട്ടി ആധുനിക സൗകര്യങ്ങളോടുകൂടി 12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. പദ്ധതിക്കായി അധികമായി 15 സെന്റ് ഭൂമി ഏറ്റെടുക്കുന്നുണ്ട്.

ഒരു റോഡ് എന്നതിലുപരി, നടപ്പാത, യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന സമഗ്ര വികസന പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ പ്രാഥമിക ഘട്ട പ്രവർത്തനങ്ങൾക്കായി മുക്കം നഗരസഭ 24 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

റോഡിന്റെ വയൽഭാഗം വർഷങ്ങളായി വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന മേഖലയാണ്. ഈ സാഹചര്യത്തിൽ നഗരസഭയുടെ പൊതുഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് ആദ്യഘട്ടത്തിൽ റോഡ് ഉയർത്തിക്കെട്ടുന്ന പ്രവൃത്തികൾ നടപ്പാക്കുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു.

തുടർഘട്ട പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനായി പ്രദേശത്തെ കൗൺസിലർമാർ നേരത്തെ തിരുവമ്പാടി എം.എൽ.എ സി.കെ. കാസിമിന് നിവേദനം നൽകിയിരുന്നു. പദ്ധതിക്കാവശ്യമായ കൂടുതൽ തുക ബജറ്റിൽ ഉൾപ്പെടുത്തി അനുവദിക്കുമെന്ന അനുകൂല നിലപാട് എം.എൽ.എ അറിയിച്ചതായി കൗൺസിലർമാർ പറഞ്ഞു.

സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിന് കൗൺസിലർമാരായ ബനൂജ വടക്കുവീട്ടിൽ, ഷഫീഖ് മാടായി എന്നിവർ നേതൃത്വം നൽകി. കണക്കുപറമ്പ് വാർഡ് കൗൺസിലർ എ.പി. നസീം, പുൽപറമ്പ് വാർഡ് കൗൺസിലർ ജസീല അസീസ്, മുൻ കൗൺസിലർമാരായ ഫാത്തിമ കൊടപ്പനഎ. അബ്ദുൽ ഗഫൂർ, ടി.കെ. അബ്ദുറഹിമാൻ എന്നിവരും ഇസ്ലാഹി അസോസിയേഷൻ പ്രസിഡന്റ് കെ.സി. സുബൈർ, സുബൈദ തട്ടാരത്തൊടിഎം.പി. താജു, ഗഫൂർ നാഗേരി തുടങ്ങി നിരവധി പേർ പങ്കെടുത്തു.

പദ്ധതി യാഥാർഥ്യമാകുന്നതോടെ ചേന്ദമംഗലൂർ–കക്കാട് മേഖലയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുകയും പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് പുതിയ വഴിത്തിരിവാകുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)