മുക്കം: ലോകകപ്പ് ഫുട്ബോൾ ആവേശം കൊടുമുടിയിലെത്തിയിരിക്കെ, പരിസ്ഥിതി സൗഹൃദ മാതൃകയുമായി ശ്രദ്ധേയരായി മുക്കത്തെ അർജന്റീന ആരാധകർ. ഇരുവഴിഞ്ഞി പുഴയ്ക്ക് കുറുകെ 60 മീറ്റർ നീളത്തിലും 8 മീറ്റർ വീതിയിലുമുള്ള ഭീമൻ അർജന്റീന പതാക സ്ഥാപിച്ചാണ് ആരാധകർ വേറിട്ട കാഴ്ചയൊരുക്കിയത്.
കൊയിലാണ്ടി–എടവണ്ണ സംസ്ഥാനപാതയോരത്ത് മുക്കം പാലത്തിന് സമീപമാണ് തുണിയിൽ നിർമിച്ച മെഗാ പതാക ഉയർത്തിയത്. വിവിധ രാജ്യങ്ങളുടെയും താരങ്ങളുടെയും ഫ്ലക്സ് ബോർഡുകൾ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ പ്രകൃതിക്ക് ദോഷം വരാത്ത രീതിയിൽ ഫുട്ബോൾ ആവേശം പ്രകടിപ്പിക്കണമെന്ന ആശയമാണ് യുവാക്കളായ മനു മുക്കവും റഫീഖ് തോട്ടുമുക്കവും മുന്നോട്ടുവെച്ചത്.പരമ്പരാഗത ഫ്ലക്സ് സംസ്കാരത്തിൽ നിന്ന് മാറി പൂർണമായും തുണിയിൽ പതാക നിർമിക്കാനുള്ള ആശയം നാട്ടുകാർ ആവേശപൂർവം ഏറ്റെടുത്തു. പതാക നിർമാണത്തിനാവശ്യമായ പ്രത്യേക തുണി തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നാണ് എത്തിച്ചത്. ആവശ്യമായ നിറത്തിലും അളവിലുമുള്ള തുണി ലഭ്യമല്ലാതിരുന്നതിനാൽ പ്രത്യേകമായി ഓർഡർ ചെയ്യേണ്ടിവന്നതായി സംഘാടകർ അറിയിച്ചു.
ഏകദേശം 1.05 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. മുക്കത്തെ ഒരു സ്ഥാപനമാണ് പദ്ധതിയുടെ മുഴുവൻ സാമ്പത്തിക ചെലവും ഏറ്റെടുത്തത്. പതാകയുടെ മധ്യഭാഗത്ത് അർജന്റീനയുടെ ഔദ്യോഗിക സൂര്യമുദ്ര ഒരു കലാകാരൻ മൂന്ന് മണിക്കൂറോളം സമയമെടുത്ത് മനോഹരമായി വരച്ചുചേർത്തു.
രാത്രിയും പകലുമായി നീണ്ട പരിശ്രമത്തിനൊടുവിലാണ് ആരാധകർ പതാക തുന്നിച്ചേർത്ത് പുഴയ്ക്ക് കുറുകെ സുരക്ഷിതമായി സ്ഥാപിച്ചത്. പാലത്തിലൂടെ കടന്നുപോകുന്ന യാത്രക്കാർക്കും നാട്ടുകാർക്കും കൗതുകക്കാഴ്ചയായി മാറിയ പതാക കാണാനും ചിത്രങ്ങൾ പകർത്താനുമായി നിരവധി ആളുകൾ മുക്കം പാലത്തിലേക്ക് എത്തുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങളിലും മുക്കത്തെ ഈ പ്രകൃതി സൗഹൃദ അർജന്റീന പതാക വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഫുട്ബോൾ ആവേശത്തോടൊപ്പം പരിസ്ഥിതി സംരക്ഷണ സന്ദേശവും പകർന്നുനൽകുന്ന ഈ സംരംഭം മറ്റ് ആരാധക കൂട്ടായ്മകൾക്കും മാതൃകയാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
