Flash News

തെരുവിലെ ഏകാന്തതയിൽ നിന്ന് സാന്ത്വനത്തിന്റെ സ്നേഹത്തണലിലേക്ക്; ചന്ദ്രേട്ടന് പുതുജീവിതം

ഗോതമ്പറോഡ്: ജീവിതത്തിന്റെ സായാഹ്നത്തിൽ ആരോരുമില്ലാതെ തെരുവോരങ്ങളിൽ അലഞ്ഞുതിരിഞ്ഞിരുന്ന എൺപതുകാരനായ ചന്ദ്രേട്ടന് ഒടുവിൽ സ്നേഹത്തിന്റെയും കരുതലിന്റെയും ഒരു തണലിടം ലഭിച്ചു. ഗോതമ്പറോഡിലെ ടീം വെൽഫെയർ പ്രവർത്തകരുടെ ഇടപെടലിലൂടെ അദ്ദേഹം എൻ.ഐ.ടിയിലെ 'സാന്ത്വനം' സ്നേഹഭവനിൽ പുതിയ ജീവിതത്തിലേക്ക് കടന്നു.

പൂഞ്ഞാർ സ്വദേശിയായ ചന്ദ്രശേഖരന്റെ ജീവിതം ദുരന്തങ്ങളുടെ തുടർച്ചയായിരുന്നു. കൂപ്പിൽ ജോലി ചെയ്തിരുന്ന കാലത്ത് അവധിക്ക് നാട്ടിലെത്തിയപ്പോൾ, ഭാര്യയും കൈക്കുഞ്ഞും പ്രസവാനന്തരം മരിച്ചെന്ന വാർത്തയാണ് അദ്ദേഹത്തെ കാത്തിരുന്നത്. ആ ആഘാതത്തിൽ നാട്ടുവിട്ട് ബംഗളൂരുവിലേക്ക് പോയ അദ്ദേഹം നാല് പതിറ്റാണ്ടിലേറെ ചുമട്ടുതൊഴിലാളിയായി ജീവിച്ചു. കാലക്രമേണ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമാവുകയും ചെയ്തതോടെ നാട്ടിലേക്ക് മടങ്ങിയെങ്കിലും, ബന്ധുക്കളോ വീടോ ഇല്ലാത്ത അവസ്ഥയിൽ ഒറ്റപ്പെടലിന്റെ ലോകത്തേക്കാണ് അദ്ദേഹം എത്തിയത്.

മഴയും വെയിലും സഹിച്ച് തെരുവോരങ്ങളിൽ കഴിയുമ്പോഴും ഒരാളുടെയും മുന്നിൽ കൈ നീട്ടാൻ ചന്ദ്രേട്ടൻ തയ്യാറായിരുന്നില്ല. ആക്രി പെറുക്കി കിട്ടുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു ഭക്ഷണവും മരുന്നും കണ്ടെത്തിയത്.

ഗോതമ്പറോഡിലെ ആളൊഴിഞ്ഞ ഒരു പീടികക്കോലായിൽ അവശനിലയിൽ കിടന്നിരുന്ന ചന്ദ്രേട്ടനെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ടീം വെൽഫെയർ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. വാർഡ് അംഗം യൂസുഫ് ബാവുക്ക, ടീം വെൽഫെയർ ക്യാപ്റ്റൻ ബാവ പവർവേൾഡ്, സാലിം ജീറോഡ് എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് ആദ്യം സുരക്ഷിതമായ താമസസൗകര്യം ഒരുക്കി.

തുടർന്ന് കുളിപ്പിക്കുകയും മുടിയും താടിയും വെട്ടി വൃത്തിയാക്കുകയും പുതിയ വസ്ത്രങ്ങൾ അണിയിക്കുകയും ചെയ്ത ശേഷം വെൽഫെയർ ആംബുലൻസിൽ 'സാന്ത്വനം' സ്നേഹഭവനിലെത്തിച്ചു. ആവശ്യമായ ശയ്യോപകരണങ്ങളും മറ്റ് സാമഗ്രികളും വാങ്ങി നൽകി ചന്ദ്രേട്ടനെ അവിടെ ഏൽപ്പിക്കുകയായിരുന്നു.

ഇനി സ്നേഹഭവനിലെ മറ്റ് അന്തേവാസികളോടൊപ്പം സുരക്ഷിതമായ ജീവിതം നയിക്കാനാണ് ചന്ദ്രേട്ടന്റെ യാത്ര. "ഞങ്ങളിനിയും കാണാൻ വരും" എന്ന പ്രവർത്തകരുടെ വാക്കുകൾ കേട്ടപ്പോൾ നന്ദിയും ആശ്വാസവും നിറഞ്ഞ കണ്ണുകളോടെയാണ് അദ്ദേഹം അവരെ യാത്രയാക്കിയത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)