വാഴക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗ്ലോബൽ ഒഐസിസി വാഴക്കാട് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇലക്ഷൻ പ്രവചന മത്സരത്തിലെ വിജയിക്കുള്ള കാൽലക്ഷം രൂപയുടെ സമ്മാനം കൈമാറി. മുണ്ടുമുഴി സ്വദേശിയും താൽക്കാലിക ബാങ്ക് ജീവനക്കാരനുമായ എം.പി. വേണുയാണ് മത്സരത്തിൽ വിജയിയായത്.
കേരളത്തിലും ഗൾഫ് രാജ്യങ്ങളിലുമായി വലിയ ശ്രദ്ധ നേടിയ മത്സരത്തിൽ അയ്യായിരത്തിലധികം പേർ പങ്കെടുത്തു. ഒരു ലക്ഷത്തിലേറെ പേരിലേക്ക് എത്തിയ മത്സരത്തിൽ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളാണ് മത്സരാർത്ഥികൾ സമർപ്പിച്ചത്. കൃത്യമായ ഉത്തരങ്ങൾ നൽകിയ അമ്പതോളം പേരിൽ നിന്നാണ് വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.ഒമാനിലെ എ.കെ. ഹോൾഡിങ്‌സ് ഉടമയും ഇൻകാസ്-ഒഐസിസി നേതാവുമായ അനീഷ് കടവിൽ സ്പോൺസർ ചെയ്ത കാൽലക്ഷം രൂപയുടെ ക്യാഷ് അവാർഡാണ് വിജയിക്ക് നൽകിയത്.“യുഡിഎഫ് എത്ര സീറ്റുകൾ നേടി അധികാരത്തിലെത്തും?”, “എൽഡിഎഫിൽ നിന്ന് യുഡിഎഫ് കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കുന്ന ജില്ല ഏത്?” എന്നീ രണ്ട് ചോദ്യങ്ങളാണ് മത്സരത്തിലുണ്ടായിരുന്നത്.
വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ കെപിസിസി സെക്രട്ടറി വി.എ. കരീം വിജയിക്ക് സമ്മാനം വിതരണം ചെയ്തു. ഗ്ലോബൽ ഒഐസിസി സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ സി.കെ. അൻവർ (ജിദ്ദ) അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ ഒഐസിസി ഭാരവാഹികളായ ഷബീർ അലി (ദോഹ), സി.കെ. മൻസൂർ (ദുബായ്), ഹർഷിദ് ചിറ്റൻ (റിയാദ്), കെ.പി. ശരീഫ് (ഒമാൻ), ജൈസൽ (ദോഹ) എന്നിവരും മീഡിയ വിംഗ് അംഗങ്ങളായ റിയാസ് എളമരം, ശംവിൽ എളാംകുഴി എന്നിവരും മത്സരത്തിന്റെ ഏകോപനത്തിന് നേതൃത്വം നൽകി.
മണ്ഡലം കോൺഗ്രസ് അധ്യക്ഷനും ജില്ലാ പഞ്ചായത്ത് അംഗവുമായ ജൈസൽ എളമരം, കോൺഗ്രസ് നേതാക്കളായ കെ.എം.എ. റഹ്മാൻ, സി.എ. കരീം എളമരം, പി.കെ. മുരളീധരൻ, എം.പി. വിശ്വൻ, ബി.പി. ഹമീദ്, ആലുങ്ങൽ ആമിന എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ശരീഫ് മുണ്ടുമുഴി സ്വാഗതവും മനാഫ് എടവണ്ണപ്പാറ നന്ദിയും രേഖപ്പെടുത്തി.

