മുക്കം: ഡോൺ ബോസ്കോ കോളേജ്, മാമ്പറ്റയിൽ 2023–26 ബാച്ചിലെ ബിരുദ വിദ്യാർഥികളുടെ കോൺവൊക്കേഷൻ ചടങ്ങ് ബുധനാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോബി എം. എബ്രഹാം സ്വാഗതം ആശംസിച്ചു. കോളേജ് മാനേജർ റവ. ഫാ. മാർട്ടിൻ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ബിരുദധാരികൾ സമൂഹത്തിൽ മാതൃകാപരമായ ജീവിതം നയിക്കണമെന്നും, അറിവിനൊപ്പം മൂല്യബോധവും കരുണയും ജീവിതത്തിൽ പകർന്നുനൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ചടങ്ങ് കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ ഡോ. സെബാസ്റ്റ്യൻ സി.ഡി. ഉദ്ഘാടനം ചെയ്തു. ബിരുദം ഒരു പഠനയാത്രയുടെ സമാപ്തിയല്ല, മറിച്ച് പുതിയ ഉത്തരവാദിത്തങ്ങളുടെയും അവസരങ്ങളുടെയും തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. അറിവിനോടൊപ്പം മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുക്കുകയും, നൈപുണ്യവും നവീന ചിന്തയും കൈമുതലാക്കി സമൂഹത്തിനും രാജ്യത്തിനും സംഭാവന ചെയ്യാൻ ബിരുദധാരികൾ തയ്യാറാകണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. തുടർന്ന് മുഖ്യാതിഥികളും വിശിഷ്ടാതിഥികളും ചേർന്ന് നിലവിളക്ക് തെളിയിച്ചു.
കോളേജ് അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ഷിനോ ജോയ് ആശംസകൾ നേർന്നു. ചടങ്ങിൽ കോളേജ് മാഗസിൻ പ്രകാശനം നിർവഹിക്കുകയും വിവിധ ബിരുദ കോഴ്സുകളിലെ വിദ്യാർഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും അക്കാദമിക മികവ് പുലർത്തിയ വിദ്യാർഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡുകൾ സമ്മാനിക്കുകയും ചെയ്തു.
പൂർവവിദ്യാർഥിനി ഫാത്തിമ ഷിംന പി. ടി. പഠനകാല അനുഭവങ്ങൾ പങ്കുവെച്ച് ബിരുദധാരികൾക്ക് ആശംസകൾ നേർന്നു. കോളേജ് യൂണിയൻ സെക്രട്ടറി അലീന ഷാജി നന്ദി രേഖപ്പെടുത്തി. മിനർവ ദാസ് ആൻഡ് ടീം അവതരിപ്പിച്ച നൃത്തപരിപാടി ചടങ്ങിന് കലാമികവ് പകർന്നു.
കോൺവൊക്കേഷൻ ചടങ്ങിന്റെ കോ-ഓർഡിനേറ്റർമാരായ ഷീജ ഇ.യും പ്രണവ് എം കോളേജ് യൂണിയൻ ഭാരവാഹികളായ അക്ഷയ സേവ്യർ , അലീന ഷാജി, ആൽബിൻ ജോമോൻ എന്നിവരും ചേർന്ന്. ചടങ്ങിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ദേശീയ ഗാനത്തോടെ ചടങ്ങ് സമാപിച്ചു.
