അരീക്കോട്: വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് മഞ്ചേരി, അരീക്കോട്, കാവനൂർ, പൂക്കളത്തൂർ, തൃപ്പനച്ചി തുടങ്ങിയ മേഖലകളിൽ രാസലഹരി മരുന്നുകൾ വിതരണം നടത്തിയിരുന്നുവെന്ന് സംശയിക്കുന്ന അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 14.120 ഗ്രാം എംഡിഎംഎ (MDMA) പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.
അരീക്കോട് കൈപ്പകുളത്തെ ഒരു സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് ദിൽഷാദ് (24), ഷഹൽ നമാസ് (21), സജ്മീർ (34), ഫിദാ ഫാത്തിമ (20) എന്നിവർ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ്സ ജോണിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ 'ഓപ്പറേഷൻ തൂഫാൻ' നടപടിക്കിടെയാണ് അറസ്റ്റ്.
കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാറിന്റെയും അരീക്കോട് ഇൻസ്പെക്ടർ ശൈലേഷിന്റെയും നേതൃത്വത്തിൽ ഡാൻസാഫ് സംഘവും അരീക്കോട് പോലീസും ചേർന്നാണ് പരിശോധന നടത്തിയത്.
അറസ്റ്റിലായ ദിൽഷാദും സജ്മീറും മുൻപ് ലഹരിക്കടത്ത് കേസുകളിൽ പ്രതികളായി ജയിൽശിക്ഷ അനുഭവിച്ചവരാണെന്ന് പോലീസ് അറിയിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷവും ഇരുവരും ലഹരി വ്യാപാരത്തിൽ സജീവമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
