Flash News

പള്ളികളിൽ കള്ളന്മാരുടെ കണ്ണ്; മലയോര മേഖലയിൽ തുടർച്ചയായ മോഷണങ്ങൾ

മുക്കം: മലയോര മേഖലയിലെ മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ചുള്ള മോഷണ പരമ്പര തുടരുന്നതോടെ വിശ്വാസികളും നാട്ടുകാരും ആശങ്കയിൽ. കഴിഞ്ഞ രണ്ട് മാസത്തിനിടെ പത്തോളം പള്ളികളിലാണ് ഇൻവെർട്ടർ ബാറ്ററികൾ, ആംപ്ലിഫയറുകൾ തുടങ്ങിയ ഉപകരണങ്ങൾ മോഷണം പോയതായി റിപ്പോർട്ട്. ഏറ്റവും ഒടുവിൽ കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പറോഡ് സലഫി മസ്ജിദിൽ നിന്ന് ഇൻവെർട്ടറിന്റെ ബാറ്ററി മോഷണം പോയ സംഭവമാണ് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിച്ചത്.

ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പള്ളിയിലെത്തിയ അപരിചിതനായ ഒരു യുവാവ് നമസ്കാരത്തിനും ഖുർആൻ പാരായണത്തിനുമായി എത്തിയതാണെന്ന ഭാവത്തിൽ പള്ളിക്കുള്ളിൽ സമയം ചെലവഴിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. പള്ളിയിലുണ്ടായിരുന്നവർ മടങ്ങിപ്പോകുന്നത് വരെ ഇയാൾ അവിടെ തുടർന്നിരുന്നു.

പിന്നീട് പള്ളിയുടെ ഇമാം കുളിക്കാനായി പോകുമ്പോൾ മോട്ടോർ പ്രവർത്തിച്ചാൽ ഓഫ് ചെയ്യണമെന്ന് ഇയാളോട് ആവശ്യപ്പെട്ടതായും പറയുന്നു. ഇതിനിടെ പള്ളിയിൽ നമസ്കാരത്തിനെത്തിയ മറ്റൊരാൾ ഇൻവെർട്ടറിന്റെ ബാറ്ററി പുറത്തേക്ക് മാറ്റിവെച്ച നിലയിൽ കണ്ടെങ്കിലും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതാണെന്നാണ് കരുതിയത്. കുറച്ചുസമയം കഴിഞ്ഞ് ഇമാം പുറത്തുവന്നപ്പോഴാണ് ബാറ്ററി കാണാതായ വിവരം വ്യക്തമായത്. അപ്പോഴേക്കും യുവാവ് സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞിരുന്നു.
സംഭവത്തിൽ പള്ളി ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച നെല്ലിക്കാപറമ്പ്–പന്നിക്കോട് റോഡിലെ ചേലാംകുന്ന് പള്ളിയിൽ നിന്ന് ആംപ്ലിഫയർ മോഷണം പോയിരുന്നു. ഒരു മാസം മുമ്പ് ഓമശ്ശേരി തെച്ചാടങ്ങാടിയിലെ നമസ്കാര പള്ളിയിൽ നിന്ന് ഇൻവെർട്ടർ ബാറ്ററിയും, മാമ്പിടിച്ചാലിലെ പള്ളിയിൽ നിന്ന് മൈക്ക് ആംപ്ലിഫയറും മോഷണം പോയിരുന്നു. ഇതുകൂടാതെ തിരുവമ്പാടി പച്ചക്കാട്, ഗേറ്റുംപടി, തേറുപറമ്പ്, മരഞ്ചാട്ടി തുടങ്ങിയ പ്രദേശങ്ങളിലെ നമസ്കാര പള്ളികളിലും സമാന രീതിയിലുള്ള മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പകൽ സമയങ്ങളിൽ ആളൊഴിഞ്ഞുകിടക്കുന്ന ആരാധനാലയങ്ങൾ മുൻകൂട്ടി നിരീക്ഷിച്ച ശേഷമാണ് മോഷണം നടത്തുന്നതെന്നാണ് സംശയം. എല്ലാ സംഭവങ്ങൾക്കും പിന്നിൽ ഒരേ സംഘമാണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ആരാധനാലയങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)