എടവണ്ണപ്പാറ: മഴക്കാലത്ത് എടവണ്ണപ്പാറ ബസ് സ്റ്റാൻഡിൽ രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പ്രശ്നത്തിന്റെ ഗൗരവം വിലയിരുത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് എൻജിനീയറും ഓവർസീയറും കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡ് പ്രദേശം സന്ദർശിച്ച് പരിശോധന നടത്തി.
മഴ പെയ്യുമ്പോഴെല്ലാം ബസ് സ്റ്റാൻഡിലും സമീപ പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാരെയും വ്യാപാരികളെയും ഏറെ ദുരിതത്തിലാഴ്ത്തുകയാണ്. ചെളിവെള്ളം വ്യാപിക്കുന്നതോടെ കാൽനടയാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുണ്ട്. പ്രത്യേകിച്ച് മഴ തുടർച്ചയായി മൂന്നോ നാലോ ദിവസങ്ങൾ തുടരുമ്പോൾ സ്ഥിതി കൂടുതൽ രൂക്ഷമാകുന്നതായാണ് പ്രദേശവാസികളും വ്യാപാരികളും പറയുന്നത്.കഴിഞ്ഞ മൂന്ന് മുതൽ നാല് വർഷങ്ങളായി തുടരുന്ന ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം വ്യാപാരികളും നാട്ടുകാരും നിരന്തരം ഉന്നയിച്ചുവരികയായിരുന്നു. വാർഡ് മെമ്പറുടെ ഇടപെടലിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
സ്ഥലപരിശോധനയ്ക്ക് ശേഷം ഡ്രെയിനേജ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള അനുയോജ്യമായ സാങ്കേതിക മാർഗങ്ങൾ സ്വീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
പ്രശ്നപരിഹാരത്തിനായി സജീവമായി ഇടപെട്ട വാർഡ് മെമ്പർ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും ടീം ബസ് സ്റ്റാൻഡ് കൂട്ടായ്മയും നന്ദിയും അഭിനന്ദനവും അറിയിച്ചു. ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നത്തിന് എത്രയും വേഗം ശാശ്വത പരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും വ്യാപാരികളും.
