തൃക്കളയൂർ വണ്ടിപ്പൂട്ട് മത്സരം കാണാനെത്തിയ ജനങ്ങൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് റിയൽ ഫ്രണ്ട്സ് ക്ലബ് അംഗങ്ങൾ മാതൃകയായി.
ഇന്നലെ ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായ വണ്ടിപ്പൂട്ട് മത്സരത്തിന് ശേഷമാണ് പ്രദേശം മുഴുവൻ പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങൾ കൊണ്ടും നിറഞ്ഞത്.പരിസര മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും മുൻകൂട്ടിക്കണ്ട് റിയൽ ഫ്രണ്ട്സ് ക്ലബ്ബിലെ അംഗങ്ങൾ ഇന്ന് രാവിലെ തന്നെ ശുചീകരണ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങുകയായിരുന്നു. മത്സര സ്ഥലവും പരിസര പ്രദേശങ്ങളും പൂർണ്ണമായും വൃത്തിയാക്കിയ ക്ലബ്ബ് അംഗങ്ങൾ, ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുന്നതിനായി അധികൃതർക്ക് കൈമാറി.
പ്രകൃതി സംരക്ഷണത്തിനും നാടിന്റെ നന്മയ്ക്കും വേണ്ടി റിയൽ ഫ്രണ്ട്സ് ക്ലബ്ബ് നടത്തിയ ഈ പെട്ടെന്നുള്ള ഇടപെടലിനെ നാട്ടുകാരും സംഘാടകരും അഭിനന്ദിച്ചു. ക്ലബ് ഭാരവാഹികളായ ശശികുമാർ , രഞ്ജു, ഫസലുദ്ദീൻ, മനീഷ് ,സുലൈമാൻ, ഫാസിൽ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും ഇത്തരം സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.
