" നാട്ടിലുള്ള കോഴികളെ ഒരു കള്ള കുറുക്കൻ ഇടക്കിടെ വന്ന് ശാപ്പിട്ടു പോകുന്നു. നാട്ടുകാർ കുറുക്കനെ കൊണ്ടു വലഞ്ഞു,അവസാനം കൂട്ടുകാർ ഒരുമിച്ചുകൂടി ആലോചനയിലായി. എന്ത് ചെയ്യും ? കൂട്ടത്തിലുള്ള ചേന്നമംഗലൂർ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ വി. അബ്ദുറഹിമാൻ മാസ്റ്ററുടെ മകനായ മാസ്റ്ററുടെ അബ്ദുള്ള നിർദ്ദേശിച്ചു .കെണിയുണ്ടാക്കി കുറുക്കനെ പിടിക്കാം. ഒരു കൂടു തയ്യാറാക്കി അതിൽ കോഴികളെ ഇട്ടു. കുറുക്കൻ കെണിയിൽ വീണു.ഇനിയെന്ത് ചെയ്യും.കുറുക്കന് മണി കെട്ടാമെന്ന് മുഹമ്മദ് കുട്ടി പറഞ്ഞു. അങ്ങനെ മുഹമ്മദ് കുട്ടിയും സംഘവും കുറുക്കനെ മണികെട്ടി പുറത്തുവിട്ടു. അന്നു രാത്രി മുഴുവൻ മണിയടി ശബ്ദം .! പിന്നീട് കുറുക്കന്റെ ശല്യം ഒഴിവായി.അങ്ങനെ മണികെട്ടിയ ആൾക്ക് കൊടാണി മുഹമ്മദ് കുട്ടി എന്ന പേര് വന്നു."
ചേന്നമംഗല്ലൂരിലെയും മറ്റും അനുഭവ പാഠങ്ങൾ കോർത്തിണക്കി
കെ. ടി.നജീബ് ഈയിടെ പ്രസിദ്ധീകരിച്ച "ഒതയമംഗലത്തെ മീസാൻ കല്ലുകൾ "എന്ന പുസ്തകത്തിൽ നിന്നുള്ളതാണ് ഇത്. ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ മാത്രം വശ്യമായ ശൈലിയിൽ ആവിഷ്കരിച്ചിരിക്കുന്നു. ഉറുദു കോഴ്സ് കഴിഞ്ഞു വളപട്ടണം പാലോട്ടുവയൽ സ്കൂളിൽ ഉറുദു അധ്യാപകനായി ചേർന്നു.പിന്നീട് വടക്കാഞ്ചേരി ഹൈസ്കൂൾ, കോഴിക്കോട് നടക്കാവ് ഗവൺമെന്റ് ഹൈസ്കൂൾ എന്നിടങ്ങളിൽ ജോലി ചെയ്തു.1979 നു ശേഷം പ്രവാസിയായി യമൻ,സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളിൽ ഉപജീവനം
തേടിയിട്ടുണ്ട്.
പിതാവ് കെ ടി സി ബീരാൻ സാഹിബ് കുറ്റിച്ചിറ സ്കൂളിൽ അധ്യാപകനായിരിക്കെ കുടുംബസമേതം കോഴിക്കോട് താമസമാക്കിയിരുന്നു.ആ അനുഭവങ്ങളും ഈ ഓർമ്മചെപ്പിൽ കുറിക്കുന്നുണ്ട്.
വെള്ളപ്പൊക്കം ഉണ്ടാവുന്ന അവസ്ഥ വർണ്ണിക്കുന്നുണ്ട്. കുറച്ചുകാലം ചേന്നമംഗല്ലൂരും പരിസരവും വെള്ളത്തിനടിയിൽ ആയിരിക്കും, കൊങ്ങും വെള്ളം എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്.
വർഷങ്ങൾക്കുമുമ്പ് കോഴിക്കോട് നിന്നും നിസാമുദ്ദീൻ എക്സ്പ്രസിൽ കയറി അഞ്ചംഗ സംഘം കാശ്മീരിലേക്ക് യാത്ര പോയി. യാത്രാ ലീഡർ ചാത്തൻകുട്ടി മാസ്റ്റർ പല കഥകളും പറഞ്ഞു മുന്നോട്ടു നീങ്ങി. തെയ്യത്തിൻ കടവിൽ കൊടിയത്തൂർ ഭാഗത്തുനിന്ന് വന്ന ഒരു തെയ്യം പ്രത്യക്ഷപ്പെട്ടു എന്നും ഓരോ കുടുംബത്തിനും ഓരോ സ്ഥലം നിശ്ചയിച്ചു നൽകി എന്നും ചാത്തൻകുട്ടി പറയുന്നു. ഒരു മിത്ത് . അങ്ങനെയാണ് തെയ്യത്തിന് കടവ് എന്ന പേര് വന്നത്. ഇവിടെയാണ് 1982 ജൂലൈ 15ന് മുക്കത്തെ ബി പി മൊയ്തീനും രണ്ടു പേരും തോണി .മറിഞ്ഞ് വെള്ളത്തിൽ അകപ്പെട്ടത്. ചേന്നമംഗലൂരിലെ ചില പേരുകൾക്ക് തന്നെ പ്രത്യേകതയുണ്ട്. കണക്കൻ പറമ്പ്, ചേന്നാൻ കുന്നത്ത്, ചക്കിങ്ങൽ, ചാത്ത പറമ്പ് മുതലായവ അതിൽ പെടും.
ഇരുവഴിഞ്ഞി പുഴയിലൂടെ ചാലിയാർ കടന്ന് തോണിയിൽ കോഴിക്കോട്ടേക്ക് സഞ്ചരിക്കുകയും അരി സാധനങ്ങളും മറ്റും കൊണ്ടുവരികയും ചെയ്തിരുന്നു. തെയ്യത്തിൻ കടവ് ആയിരുന്നു ഒരു കച്ചവട കേന്ദ്രം.
നെൽപ്പാടങ്ങളിലെ മീൻപിടുത്തവും ഇരുവഴിഞ്ഞി പുഴയിലെ മീൻപിടുത്തവും വർണ്ണിക്കുന്നുണ്ട്. അതിനിടയിൽ തിര വെച്ചു മീൻ പിടിക്കുന്നത് പറയുന്നുണ്ട്.പൊട്ടാത്ത തിര മുങ്ങി എടുക്കുമ്പോഴാണ് രണ്ടുപേരുടെ കൈനഷ്ടമായത്.
ചേന്നമംഗല്ലൂരിലെ പല പേരുകളും മറക്കാൻ പറ്റാത്തതാണ് എവറസ്റ്റ് മമ്മദ് കുട്ടി ഒരു കുന്നിന് തന്നെ പേര് നൽകി. ഒരുപാട് നാടൻ ചൊല്ലുകൾ ഇവിടെ വിട്ടേച്ചു കൊണ്ടാണ് അവരൊക്കെ വിടവാങ്ങിയത്. അബ്ദുള്ളാക്ക പട്ടിയെ പിടിച്ച പോലെ/ ആരാപ്പു പൂള നട്ടത് പോലെ /ആലിക്കാക്ക അരീക്കോട് പോയതുപോലെ-- ഇങ്ങനെ നമുക്കിടയിൽ അബ്ദുല്ലയും ആലിയാക്കയുംമറ്റും മരണമില്ലാതെ ജീവിക്കുന്നു.
അല്പം ബുദ്ധി കുറവുള്ള തൃക്കേത്ത് കുഞ്ഞാൻ എന്തു പണിയും എടുക്കും. എന്തു കൊടുത്താലും വാങ്ങും. നാട്ടുകാർ കുഞ്ഞാനെ പരമാവധി ഉപയോഗപ്പെടുത്തി . പൂവൻകോഴി അസൈൻ കുട്ടി, ബിച്ചുട്ട പിരാന്തൻ, തുണി അഴിച്ചോടുന്ന ചെറുപ്പക്കാരൻ- ഇവരെല്ലാം ഈ നാട്ടിലെ ഓർമ്മകൾ ആയിരുന്നു. ബോംബെ കാക്ക മറ്റൊരു കഥാപാത്രമായിരുന്നു. ഒതയമംഗലം ജുമാ മസ്ജിദിനെ പറ്റി വർണ്ണിക്കുന്നുണ്ട്.
അസൈനാക്ക ഒതയമംഗലം പള്ളിയോട് ചേർന്ന ആഴമേറിയ കിണറിൽ നിന്നും വീതിയുള്ള മരപ്പാത്തിയിലേക്ക് വെള്ളം കോരിയൊഴിക്കും. അത് പാത്തിയിലൂടെ വന്നു ഹൗളിൽ നിറയും. വിശ്വാസികളായ ഗ്രാമവാസികൾക്ക് നമസ്കാരത്തിന് മുമ്പ് അംഗശുദ്ധിക്ക് വെള്ളം കോരുന്നതിന് പുറമേ മഹല്ലിൽ ആരെങ്കിലും മരിച്ചാലും അസൈനാക്കക്ക് പണിയേറും. ഒതയ മംഗലത്തെ മിക്ക കബറുകളും അന്ന് അസൈനാക്ക വെട്ടിയതായിരിക്കും.
ഒതയമംഗലം പള്ളിയിലെ മൊല്ലാക്ക കുട്ടിഹസനും കുടുംബവും പള്ളിയോട് ചേർന്ന പറമ്പിലാണ് താമസം. മൊല്ലാക്ക ബാങ്ക് വിളിക്ക് പുറമേ പിഞ്ഞാണത്തിൽ എഴുതിക്കൊടുത്ത് രോഗത്തിന് ശിഫ ആക്കിയിരുന്നതായും മുതിർന്ന ആൾക്കാർ പറയാറുണ്ട്. പള്ളിമുറ്റത്തെ സമയം അറിയിച്ചിരുന്ന കല്ല് ഇന്ന് ഓർമ്മകളിൽ മാത്രം. പ്രസവിക്കാറായ പെണ്ണും വയറ്റിലെ ദണ്ണം അകറ്റാൻ മൊല്ലാക്കയെ തേടുന്ന നാട്ടുകാരും ഇന്ന് പഴയ കഥ.പുതിയ കാലത്തിന്റെ വിളി കേട്ട് മാറുന്ന നാടും പള്ളിയും നാളത്തെ പ്രതീക്ഷകൾക്ക് ഇനിയും നിറം ചാർത്തട്ടെ എന്ന് പ്രാർത്ഥിക്കാം.
ഗ്രാമത്തിൽ നിന്നും കോഴിക്കോട്ടേക്ക് പോയിരുന്ന ആദ്യ ബസ് ആയിരുന്നു നാഷണൽ ബസ്.
തുന്നൽക്കാരൻ കോപ്പുണ്ണി മറക്കാനാവാത്ത ഒരു കഥാപാത്രം.നാട്ടിൽ പ്രസിദ്ധമായ ഒരു ചൊല്ലുണ്ട് "നായ പറിച്ചു പോയി "സംഗതി അവതാളത്തിലായി, തന്റെ കപ്പ കൃഷി തുടക്കത്തിൽ തന്നെ നായ്ക്കൾ നശിപ്പിച്ചു കളഞ്ഞു എന്ന് സാരം. ഇത് ഏറെക്കുറെ എല്ലാവർക്കും അറിയാം. കോപ്പുണ്ണി നല്ലൊരു കലാസ്വദകനും ആയിരുന്നു എന്നാണ് ജനം പറയുന്നത്. പഴയ റേഷൻകടയുടെ വരാന്തയിൽ ഇരുന്നു എപ്പോഴും തുന്നിക്കൊണ്ടിരിക്കുന്നത് ചെറുപ്പത്തിൽ കണ്ടതായി ഓർക്കുന്നു. നാട്ടിൽ ഒരിക്കൽ അന്നത്തെ സുപ്രസിദ്ധ ഗായിക ആയിഷ ബീഗം വന്നു.മാപ്പിളപ്പാട്ടിൽ തിളങ്ങിനിൽക്കുന്ന പേരാണ് ഐഷാബീഗം. ഒപ്പം വന്ന ഹാർമോണിസ്റ്റിന് പെട്ടെന്ന് അസുഖം. അങ്ങനെയാണ് ഒരു ഹാർമോണിസ്റ്റിനെ തേടുന്നത്.അന്വേഷണം അവസാനം ചെന്നെത്തിയത് കോപ്പുണ്ണിയിലാണ്. അത്യാവശ്യം ഹാർമോണിയം വായിക്കും.അങ്ങനെ കോപ്പുണ്ണി തന്റെ പഴയ ഹാർമോണിയം സെറ്റ് എടുത്ത് തുണി അഴിച്ചു നിലത്തുവച്ചു. തൊഴുതു. ബീഗം പാടി തിമിർത്തു.
"തൊത്ത കയ്യൻ മമ്മദ് കാക്ക--- തിത്തിക്കാരി പാത്തുമ്മാനെ തൊണ്ടീന്നും തോണ്ടീല്ലാന്നും . " ആളുകൾ ഹരം പിടിച്ചു നിൽക്കുമ്പോൾ കോപ്പുണ്ണി അതാ എഴുന്നേൽക്കുന്നു. "നിൽക്കട്ടെ നിൽക്കട്ടെ" ശരിയാവുന്നില്ല. ഒന്നുകിൽ തോണ്ടീന്ന് എന്ന് പറയുക. അല്ലെങ്കിൽ തോണ്ടിയില്ല, ഏതെങ്കിലും ഒന്ന് ഉറപ്പിക്കുക,ഇത് മനുഷ്യനെ ചുറ്റിക്കുന്ന ഏർപ്പാടാ-- പിന്നെ കോപ്പുണ്ണി ഒരു പോക്കാ----- സ്വയം ചിരിക്കാൻ മറന്ന മറ്റുള്ളവരെ ചിരിപ്പിച്ച എത്രയെത്ര പേർ ഇതുവഴി കടന്നുപോയി.
ഗ്രാമത്തിലെ ചായക്കടകളായ മക്കാനികളെ പ്രതിപാദിക്കുന്നുണ്ട്. ബീഡി വലിക്കുന്നവരും ഇവിടെ പ്രതിപാദ്യമാണ്. പണ്ടുകാലത്ത് ബീഡി വലിക്കുകയും വലിപ്പിക്കുകയും സാധാരണമായിരുന്നു. കല്യാണത്തിന് മുമ്പിൽ തന്നെ ഒരു ടിന്നിൽ സിഗരറ്റ് ഉണ്ടാവും. വെറ്റില മുറുക്കേണ്ടവർക്ക് അതും ആവാം. കാലം കടന്നുപോയി. പുകവലിക്കാരും നന്നെ കുറഞ്ഞു. മുമ്പുകാലത്ത് സ്ത്രീകൾ കൂകി വിളിക്കാറുണ്ടായിരുന്നു. ജിന്ന് കയറി കുറുക്കെടുക്കൽ. അത്തരം ജിന്നുകളെ ഇപ്പോൾ കാണാനില്ല. ചേന്നമംഗല്ലൂരിലും കൊടിയത്തൂരിലും വ്യത്യസ്ത മത രാഷ്ട്രീയ സാംസ്കാരിക പാർട്ടികൾ ഉണ്ട്. എല്ലാറ്റിന്റെയും സംസ്ഥാന നേതാക്കൾ ഈ നാട്ടിലുണ്ട്.മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അവസാനമായി പ്രസംഗിച്ചത് കൊടിയത്തൂർ ആണ്. നടന്നുപോയത് ചേന്നമംഗല്ലൂർ വഴി, മരിച്ചത് പൊറ്റശ്ശേരി വെച്ച്.
ഗ്രന്ഥകാരൻ പല പ്രാവശ്യം ബാംഗ്ലൂരിലും മൈസൂരിലും പോയിട്ടുണ്ട്. അതിനിടയിൽ പല സംഭവങ്ങളും നടന്നു. ചാത്തപ്പറമ്പന്മാരെയും അവരുടെ ആനകളെയും പരിചയപ്പെടുത്തുന്നുണ്ട്.
സിനിമ കാണാൻ വേണ്ടി ആഴ്ചയിലൊരിക്കൽ മുക്കത്തെ പി സി ടാക്കീസിലേക്ക് നടക്കുമായിരുന്നു. സിനിമ ഏതെന്ന് അറിയാൻ --ബാർബർ കൃഷ്ണേട്ടന്റെ പീടികയിലെ ബോർഡിൽ പോസ്റ്റർ മാറ്റി പതിപ്പിക്കാറുണ്ടായിരുന്നു.ഒരിക്കൽ ബി പി മൊയ്തീന്റെ വീട്ടിൽ വച്ച് ചിത്രീകരിച്ച കുട്ടി കുപ്പായത്തിൽ അഭിനയിക്കാൻ എത്തിയ മധുവിനെയും ഷീലയെയും കണ്ടു. മുക്കം മുസ്ലിം അനാഥാലയെപ്പറ്റിയും അതിന്റെ നടത്തിപ്പുകാരായ മുതലാളിമാരെ പറ്റിയും പറയുന്നുണ്ട്. മുക്കം ചന്തയും പ്രതിപാദ്യ വിഷയമാണ്.
പിതാവ് കെ ടി സി വീരാൻ ഒരു യൂനാനി വൈദ്യനെ ചേന്നമങ്ങല്ലൂരിൽ കൊണ്ടുവന്നു താമസിപ്പിച്ചു. അയാളുടെ സഹായിയായി ഗ്രന്ഥകാരനും നിന്നിരുന്നു.നാട്ടുകാർ അദ്ദേഹത്തെ "ഖാനാ പീനാ "എന്ന് വിളിച്ചു. അന്നുതൊട്ട് യൂനാനിയോടും ഉറുദുവിനോടും ഒരു മമതയുണ്ടായി. അനുജൻ അജ്മൽ അറിയപ്പെടുന്ന യൂനാനി ഡോക്ടർ ആയി. കേരളത്തിലെ ഏക യുനാനി ഹെർബൽ ഫാക്ടറി ചേന്നമംഗല്ലൂരിൽ പ്രവർത്തിക്കുന്നു.
35 വർഷം മുമ്പ് മലയാളിയായ അബ്ദുല്ലയെ കണ്ടുമുട്ടിയ കഥ പറയുന്നുണ്ട്. ബോംബെയിൽ നിന്നും കള്ള ലോഞ്ച് കയറി ഏദൻ വഴി സനയിലെ മാരിബ് എന്ന സ്ഥലത്ത് വന്നെത്തിയ മലയാളിയാണ് അദ്ദേഹം. അയാൾ വിദഗ്ധനായ ഡോക്ടർ ആയിരുന്നു. വ്യാജനാണെങ്കിലും അയാളുടെ ചികിത്സ ബദുക്കൾക്കിടയിൽ നന്നായി ഫലിച്ചിരുന്നു. അയാൾക്ക് ഗോത്രത്തലവന്റെ എല്ലാ സംരക്ഷണവും ഉണ്ടായിരുന്നു. സനയിൽ വന്നിറങ്ങിയപ്പോൾ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരുന്നു. അവിടെ ബാബ് യമൻ കവാടത്തിനടുത്ത് ഫോട്ടോ ഫ്രെയിം ചെയ്തു കൊണ്ടിരുന്ന രാജുവാണ് അബ്ദുല്ലയെ പരിചയപ്പെടുത്തി തന്നത്.രണ്ടുപേരും ഒന്നിച്ചു നാടുവിട്ടവരാണ്. രണ്ടുപേരും ഇപ്പോൾ പക്കാ യമനികളും. ഞാൻ ഒന്നും ആലോചിക്കാതെ അയാൾക്കൊപ്പം സനപട്ടണത്തിൽ നിന്നും യാത്ര തിരിച്ചു. ഒരു സഹായിയായി ഒപ്പം കൂടി.അയാൾ എന്നെ സൂചി വെക്കാൻ പഠിപ്പിച്ചു,മുറികൾ തുന്നിക്കെട്ടാനും,പ്രസവ കേസുകൾ അറ്റൻഡ് ചെയ്യാൻ വരെ.അന്ന് അയാൾക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ഒരു മലയാളി ഒപ്പം കിട്ടിയതിൽ.പക്ഷേ ഞാൻ വളരെ ഭയത്തോടെയാണ് അയാളോടൊപ്പം കഴിച്ചുകൂട്ടിയത്. ഒരിക്കൽ ഗ്രാമത്തിലെ ഒരു ഊടുവഴിയിലൂടെ നടക്കുമ്പോൾ ഒരു സ്ത്രീ എന്റെ അടുത്തു വന്നു. അവരുടെ ഒക്കത്ത് ഒരു കുട്ടിയും ഉണ്ടായിരുന്നു.ആ കുട്ടിയെ ചൂണ്ടി ഒപ്പമുണ്ടായിരുന്ന സ്ത്രീ പറഞ്ഞു :"ഹാദാ ഇബ്‌നക്ക "(ഇത് നിന്റെ കുട്ടിയാണ്). ഞാൻ ആദ്യം ഒന്ന് പകച്ചു പോയി.പിന്നെ മനസ്സിലായി.ഞാൻ അവരുടെ പ്രസവത്തിന് അറ്റൻഡ് ചെയ്തിരുന്നു. അങ്ങനെ ഒരുപാട് ഓർമ്മകൾ. ഒരിക്കൽ മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയ കഥ പറയുന്നുണ്ട്. അവസാനം പുണ്യഭൂമിയായ മക്കയിൽ എത്തി.
ബന്ധുക്കൾ കുറെ ഉണ്ടായിരുന്നത് കൊടിയത്തൂരിൽ ആണ്.അതുകൊണ്ട് കൊടിയത്തൂരുമായി നല്ല ബന്ധമായിരുന്നു. ഡൽഹിയിൽ യാത്ര ചെയ്ത ഓർമ്മ പുതുക്കുമ്പോൾ അബൂ മിയാൻ എന്ന അബുൽ ഹസൻ നദ് വിയുടെ Muslims in India(മുസ്ലിംകൾ ഇന്ത്യയിൽ )എന്ന പുസ്തകത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.
ചെന്നമംഗലൂർ ഹൈസ്കൂളിൽ പഠിച്ച അനുഭവങ്ങൾ അയവിറക്കുന്നുണ്ട്. ഹെഡ്മാസ്റ്റർ മാഞ്ഞു മാസ്റ്റർ,റസാക്ക് മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, മൊയ്തീൻ മാസ്റ്റർ, പരമേശ്വരൻ മാസ്റ്റർ, വിശ്വനാഥൻ മാസ്റ്റർ തുടങ്ങിയവരെ പറ്റിയൊക്കെ പറയുന്നു. എല്ലാവരും കഴിവുറ്റ അധ്യാപകർ. അവിടെ മക്കാനി നടത്തിയിരുന്നത് ഉമ്മർ കുട്ടിയാക്കയായിരുന്നു. അവിടത്തെ കായപ്പത്തിന് പ്രത്യേക രുചിയായിരുന്നു. അതുകൊണ്ടുതന്നെ അടിച്ചു മാറ്റുന്നതിൽ പ്രത്യേക വൈദഗ്ധ്യം നേടിയവരായിരുന്നു പലരും.
ഇടക്ക് ആന കാര്യവും പറയുന്നുണ്ട്.
മോയിനാക്കാ എന്നയാൾ ആയിരുന്നു ആൺകുട്ടികളുടെ സുന്നത്ത് കർമ്മം നിർവഹിച്ചിരുന്നത്. അധിക കുട്ടികളും ഇയാളെ ശത്രുവായിട്ടാണ് കണ്ടിരുന്നത്. ഗർഭിണികളായ സ്ത്രീകൾക്ക് വേലത്തിയമ്മ മറക്കാനാവില്ല.നാടൻ വയറ്റാട്ടിയായിരുന്നു വേലത്തിയമ്മ. പെണ്ണിന് പേറ്റുനോവ് തുടങ്ങിയാൽ വേലത്തിയമ്മയെ തിരയാൻ ഒരു കൂട്ടർ ഓടുമ്പോൾ, മറ്റൊരുകൂട്ടർ ഒതയമംഗലം പള്ളിയിൽ ഇരുന്ന് നഫീസത്ത് മാല ചൊല്ലും.
പലപ്പോഴും ഫെയ്സ്ബുക്കിലും മറ്റും എഴുതിയ കുറിപ്പുകൾ സമാഹരിച്ചു വയലോരം ബുക്സ് പ്രസിദ്ധപ്പെടുത്തിയതാണ് ഈ കൃതി. ചിന്തകനും എഴുത്തുകാരനുമായ ഹമീദ് ചേന്നമംഗല്ലൂർ ആണ് അവതാരിക എഴുതിയത്: അദ്ദേഹം എഴുതുന്നു :" ജീവിതയാത്രയിൽ താൻ എത്തിപ്പെട്ട ഇന്ത്യക്കകത്തും പുറത്തുമുള്ള ദേശങ്ങളിലെ പൊള്ളുന്നതും അല്ലാത്തതുമായ അനുഭവങ്ങൾ വായനക്കാരെ പിടിച്ചുനിർത്തുന്ന വിധം ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നു. ബാംഗ്ലൂരിലും മുംബൈയിലും ഡൽഹിയിലും എല്ലാം താൻ കണ്ടുമുട്ടിയവരെ കുറിച്ചും മനസ്സിൽ നിന്നും മായാത്ത അനുഭവങ്ങളെപ്പറ്റിയും നജീബ് എഴുതുന്നുണ്ട്. ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശിരസുയർത്തി നിൽക്കുന്ന ചരിത്ര സ്മാരകങ്ങളിലും നൂറ്റാണ്ടുകൾക്കപ്പുറം അവിടെ വികസിച്ചു വന്ന മതസമന്വയാത്മക സംസ്കാരത്തിലും അദ്ദേഹത്തിന്റെ ദൃഷ്ടി പതിയുന്നു. "
വെറും 94 പേജിൽ ഒട്ടേറെ കാര്യങ്ങൾ കുത്തിനിറച്ച ഈ കൃതി വായിക്കേണ്ടത് തന്നെ.
---------------------------------
എ ആർ കൊടിയത്തൂർ
