Flash News

സഹപാഠികളുടെ നെഞ്ചകം

 


---------------------------------

 പ്രശസ്ത കവി ജ്ഞാനപീഠ പുരസ്കാര ജേതാവ് ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്ന ഒ.എൻ.വി കുറുപ്പ് പാടി :

 ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന/ തിരുമുറ്റത്തെത്തുവാൻ മോഹം/ തിരുമുറ്റത്തൊരു കോണിൽ/

 നിൽക്കുന്നൊരാ നെല്ലി/

 മരമൊന്നുലുത്തുവാൻ മോഹം/

 അടരുന്ന കായ് മണികൾ പൊഴിയുമ്പോൾ /

 ചെന്നെടുത്ത് അതിലൊന്ന് തിന്നുവാൻ മോഹം/ സുഖമേഴും കയ്പ്പും പുളിപ്പും മധുരവും/ നുകരുവാനിപ്പോഴും മോഹം.

 കൊടിയത്തൂർ തടായിക്കുന്നിലെ പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹൈസ്കൂളിൽ 40 വർഷം മുമ്പ് ഒന്നിച്ചിരുന്ന് പഠിച്ചു 1986ൽ എസ് എസ് എൽ സി പഠനം പൂർത്തിയാക്കിയവരുടെ കൂട്ടായ്മയാണ് ഫോസ്മെറീസ്. ഇവർ അണിയിച്ചൊരുക്കിയ ഒരു സുന്ദര സൃഷ്ടിയാണ് നെഞ്ചകം. 

മേത്തരം കടലാസിൽ നൂറോളം പേജുകളിലായി സുവർണ്ണ കാലത്തിന്റെ ഓർമ്മച്ചെപ്പ് തിളങ്ങുന്നു.


ഫോസ്മറീസ് കമ്മറ്റിയുടെ ചെയർമാൻ അബുദാബി നാഷണൽ ഓയിൽ കമ്പനി ഇൻസ്‌ട്രുമെന്റേഷൻ വിഭാഗം മേധാവിയായ സി പി ബഷീറും ജനറൽ സെക്രട്ടറി സി. ഇമ്പിച്ചാലിയും ട്രഷറർ എം എ ശൗബിനയുമാണ്. കെ പി രഹ് ന ,എം എ നൂർജഹാൻ,പ്രദീപ്,പി. സി മുജീബ്,വി.സലീന, നാസർ കൂടത്തിൽ, ബഷീർ എ വൺ, റിയാസ് ചാലിൽ എന്നിവർ സഹ ഭാരവാഹികളാണ്. 28 അംഗ പ്രവർത്തക സമിതിയും ഉണ്ട്.


നെഞ്ചകം മാഗസിൻ എഡിറ്റോറിയൽ ബോർഡ് ചെയർമാൻ സി പി ബഷീറും, ചീഫ് എഡിറ്റർ കെ പി സലാഹുദ്ദീനും ആണ്. സി ഇമ്പിച്ചാലി,  പ്രദീപ്‌,  കെ പി റഹന,  എം എ ശൗബിന, വി സലീന,  പി സി മുജീബ്  എന്നിവർ എഡിറ്റർബോർഡ്‌ അംഗങ്ങളാണ് . സഹപാഠികളിൽ ഭൂരിഭാഗം പേരും ഈ സൃഷ്ടിയിൽ പങ്കാളികളായിട്ടുണ്ട്.

 കുറെ നാളത്തെ അധ്വാനമാണ് ഈ രചനയെന്ന് കണ്ടാൽ അറിയാം.2025 ജൂലൈ 12 ന് ഇവർ ഒരുമിച്ചു കൂടിയതിന്റെ ഫലമായിരിക്കും ഈ ഓർമ്മച്ചെപ്പ്. ഗുരുവന്ദനം എന്ന പേജിൽ ജീവിച്ചിരിപ്പുള്ള തങ്ങളുടെ പ്രിയ ഉസ്താദുമാരുടെ ഫോട്ടോ കൊടുക്കുന്നുണ്ട്. തൊട്ടടുത്ത പേജിൽ മൺമറഞ്ഞ  അധ്യാപകരെയും സ്റ്റാഫിനെയും ഇത്തിരി വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. മൺമറഞ്ഞുപോയ സഹപാഠികളെയും സ്മരിക്കുന്നു.

 കുറുക്കന്മാരുടെയും കുറുനരികളുടെയും ആവാസ കേന്ദ്രമായിരുന്ന കൊടിയത്തൂരിലെ കയ്യുണമലയുടെ മേൽവാരത്തിൽ പച്ചപ്പട്ടണിഞ്ഞ വലിയ തടായിക്കുന്നിലെ പി ടി എം ഹൈസ്കൂളിലേക്കുള്ള വരവ് സാഹസം നിറഞ്ഞതായിരുന്നു. വഴിയരികിലെ കുറ്റിക്കാടുകളും മഴവെള്ളം ഒലിച്ചിറങ്ങുന്ന ഇടവഴിയിലൂടെയുള്ള യാത്രയിൽ വഴുതിവീഴുന്നതും മുറിവ് പറ്റുന്നതും സാധാരണയായിരുന്നു. കുന്നു കയറി തടായിൽ എത്തുന്നതും എത്രയും പെട്ടെന്ന് ക്ലാസിലെത്താനുള്ള ശ്രമവും ഇന്നത്തെ പോലുള്ള ആധുനിക സൗകര്യമൊന്നുമില്ലാത്ത കുടിൽ പോലുള്ള ക്ലാസ് മുറികൾ നിലത്ത് പൊടിമണ്ണ്,ഉച്ചയായാൽ പൊതിച്ചോറ് പങ്കുവെക്കൽ,എല്ലാ കാര്യങ്ങളും വർണ്ണിക്കുന്നുണ്ട്. തേച്ചു മിനുക്കാത്ത നാലുവരി കൽപ്പടവുകളിൽ നാട്ടിയ തൂണുകളിൽ ചെറിയ ഒരു കാറ്റു വീശിയാൽ ഏത് സമയത്തും പറന്നു പോകുന്ന ആസ്ബറ്റോസ് സീറ്റുകളും, ചുഴലിക്കാറ്റിൽ പറന്നു പൊങ്ങി ചെരിപ്പ് മുതൽ ഉടുത്ത ഡ്രസ്സുകളിലും ശ്രവണപുടങ്ങളിൽ വരെ പറന്നെത്തുന്ന പൊടിമണ്ണും അത്യാധുനിക കെട്ടിടങ്ങൾക്ക് വഴി മാറി.

 അധ്യാപകരുടെ അടി കിട്ടാതിരിക്കാൻ നോക്കണമെങ്കിൽ ഇത്തിരി പാടാണ്. ഒരാൾ മധുരിക്കുന്ന അടി ഓർമ്മകൾ അയവിറക്കുന്നുണ്ട്. അധ്യാപകന് കുട്ടിയെ എങ്ങനെയെങ്കിലും ഒന്ന് അടിക്കണം. ഉപമയുടെ ലക്ഷണം പറയാൻ പറഞ്ഞപ്പോൾ അത് പറഞ്ഞു കൊടുത്തു. അടുത്ത ചോദ്യം ഉൽപ്രേക്ഷയുടെ ലക്ഷണം ചോദിച്ചു. അതും പറഞ്ഞു കൊടുത്തു.ഒന്നും കൂടെ വേഗത്തിൽ രണ്ടും പറയാൻ പറഞ്ഞു.സാർ രണ്ട് അടി തന്നു.കുട്ടി ചോദിച്ചു :" ഇതൊക്കെ പഠിച്ചിട്ട് ജീവിതത്തിൽ വല്ല കാര്യവും ഉണ്ടോ" പിന്നെ അടിയുടെ പൂരം ആയിരുന്നു. 

ഇന്ന് അടിച്ചാൽ പ്രശ്നമാകുമെങ്കിൽ മുമ്പുകാലത്ത് അടിക്കാഞ്ഞാൽ പ്രശ്നമായിരുന്നു. ഇംഗ്ലീഷ് അധ്യാപിക ഇംഗ്ലീഷ് കോപ്പി എഴുതാത്തത് കൊണ്ട്.പിറ്റേ ദിവസം അഞ്ചു പേജ് ഇമ്പോസിഷൻ എഴുതാൻ പറഞ്ഞു. എഴുതിയത് എടുക്കാൻ മറന്നു.പിന്നെ 10 പേജ് എഴുതാൻ പറഞ്ഞു. എഴുതാതെ രക്ഷയില്ല, മുഴുവൻ പേജിലും ടീച്ചറുടെ പേര് എഴുതി കാണിച്ചു. ചെറുപുഞ്ചിരിയോടെ ടീച്ചർ പറഞ്ഞു "അക്ഷരത്തെറ്റ് ഇല്ലാതെ എഴുതിയില്ലേ" അതിനുശേഷം ടീച്ചറുമായി സൗഹൃദത്തിലായി.

 

 മുമ്പുകാലത്തെ സ്കൂൾ ശിക്ഷകൾ ഇത്തിരി കഠിനമായിരുന്നു. പുറത്തുനിർത്തുക, ബെഞ്ചിൽ കയറ്റി നിർത്തുക,ഏത്തം ഇടീക്കുക,തവളച്ചാട്ടം ചാടിക്കുക ഇങ്ങനെ പലതും. പുറത്തു നിർത്തുന്ന പരിപാടി ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു.എല്ലാ വിദ്യാലയത്തിലും രണ്ടു മൂന്ന് ഡിസിപ്ലിൻ അധ്യാപകരുണ്ടാവും. പരീക്ഷക്ക് കോപ്പിയടിക്കുന്ന കാര്യം കുറിക്കുന്നുണ്ട്. ബെഞ്ചിന്റെ അറ്റത്തിരിക്കുന്നവന്റെ ഉത്തര പേപ്പറിൽ നോക്കി എഴുതിയും അവന്റെ പേപ്പർ മൊത്തം വലിച്ചും എഴുതിക്കൂട്ടുന്ന മാർക്കുകളായിരുന്നു അധികവും ഉണ്ടാവാറ്. ചില അധ്യാപകർ പരീക്ഷാഹാളിൽ വന്നാൽ അനങ്ങാൻ വിടാറില്ല.നോ രക്ഷ.

 പാത്രത്തിലും പൊതിയിലുമായി  കൊണ്ടുവരുന്ന ഉച്ചഭക്ഷണത്തിന് ഒത്തിരി കഥ പറയാനുണ്ട്. പറങ്കിമാവിൻ കൊമ്പിലോ ചുവട്ടിലോ ഇരുന്നു ഭക്ഷണം കഴിച്ച് നീരുറവുകളിലും അയൽപക്കത്തുള്ള കിണറുകളിലും പോയി കൈ കഴുകുന്ന അവസ്ഥ. പെൺകുട്ടികൾ പാറപ്പുറത്തിരുന്നാണ് ഭക്ഷണം കഴിക്കാറ്. പലരും പരസ്പരം പങ്കുവെക്കുന്നു.പുളി അച്ചാറിന്റെയും നാരങ്ങ മിട്ടായിയുടെയും ഉപ്പിലിട്ടതിന്റെയും രുചിയുള്ള സൗഹൃദങ്ങൾ ഓർമ്മകളായി.

 സ്കൂളിൽ നിന്നു പോയ പഠനയാത്രയും പിന്നീട് സഹപാഠികൾ കൂടി പോയ ഉല്ലാസയാത്രയും പ്രതിപാദിക്കുന്നുണ്ട്. യുവജനോത്സവത്തിന്റെയും കലാമേളയുടെയും അനുഭവങ്ങൾ അയവിറക്കുന്നു.

 എല്ലാ അധ്യാപകരും പല തരത്തിലുള്ള കഴിവുള്ളവരായിരുന്നു. വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാൻ അവരെല്ലാം നല്ല ശ്രമം നടത്തിയിരുന്നു. തെക്കൻ കേരളത്തിൽ നിന്നും വന്ന ചില അധ്യാപകർക്ക് കോഴിക്കോടൻ സംസാരഭാഷ അത്ര വശമില്ലായിരുന്നു. അതോർത്ത് കുട്ടികൾ ചിരിക്കാറുണ്ടെങ്കിലും പഠിപ്പിക്കാനുള്ള അവരുടെ ആത്മാർത്ഥതയുടെ മുന്നിൽ അതൊരു പ്രശ്നമേ ആയിരുന്നില്ല. മ്യൂസിക്കും തുന്നലും ഡ്രോയിങ്ങും പി ടി യും മറ്റും വിദ്യാർത്ഥികളിൽ നന്നായി സ്വാധീനം ചെലുത്തിയിരുന്നു. ഇതിൽ കൊടുത്ത കവിതകൾ ആസ്വാദ്യകരമാണ്.

 23 പേജുകളിൽ ഓട്ടോഗ്രാഫ് ഒരുക്കിയിരിക്കുന്നു. പേരും ഫോട്ടോയും ചെറു കുറിപ്പും ചിലരുടെ ഫോൺ നമ്പറും നൽകി  മനോഹരമാക്കി യിരിക്കുന്നു. ഫോസ്മറീസ് കാഴ്ചകൾ എന്ന പേരിൽ കൊടുത്ത പേജുകളിൽ നേരത്തെ നടന്ന പൂർവവിദ്യാർഥി സംഗമം ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തതാണ്. രണ്ട് ഗ്രൂപ്പ് ഫോട്ടോകളും കൊടുത്തിട്ടുണ്ട്. ഇവ ബാല്യകാലത്തെ ഓർത്തെടുക്കാൻ പര്യാപ്തമാകുന്നു.പല രാജ്യങ്ങളിലും പലയിടത്തുമായി തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളിൽ കഴിയുന്നവരാണ് ഫോസ്മറീസിൽ അണിനിരക്കുന്നത്. എന്തുകൊണ്ടും മനോഹരമാണ് നെഞ്ചകം.

---------------------------------------

 എ ആർ കൊടിയത്തൂർ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)