Flash News

സ്നേഹവും സേവനവും ജീവിതമാക്കിയ ആയിഷ ചേലപ്പുറം; കണ്ണീരിൽ കുതിർന്ന ജനസാഗരത്തിന്റെ യാത്രാമൊഴി

കൊടിയത്തൂർ: ചില മനുഷ്യരുടെ ജീവിതം അവർ വഹിച്ച പദവികളേക്കാൾ വലിയതാകുന്നത് അവർ സ്പർശിച്ച മനസ്സുകളുടെ എണ്ണത്തിലാണ്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വെസ്റ്റ് കൊടിയത്തൂർ വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും, പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ടുമായിരുന്ന ആയിഷ ചേലപ്പുറം അത്തരമൊരു വ്യക്തിത്വമായിരുന്നു.

ശനിയാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയ ആയിഷ ചേലപ്പുറത്തിൻ ആയിരങ്ങൾ കണ്ണീരോടെ നൽകിയ യാത്രാമൊഴി, അവർ സമൂഹത്തിൽ നേടിയെടുത്ത സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും തെളിവായി മാറി.

മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയ്ക്ക് ഭൗതികശരീരം ചെറുവാടി പൊറ്റമ്മലിലെ വസതിയിലെത്തിയതുമുതൽ വീട് ജനസാഗരമായി. അവസാനമായി ഒരുനോക്ക് കാണാൻ എത്തിയവരുടെ നിര അര കിലോമീറ്ററിലധികം നീണ്ടുനിന്നു. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല, ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ആയിഷയുടെ സഹായമോ സ്നേഹമോ അനുഭവിച്ച അനേകരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.

രണ്ടുതവണ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ആയിഷയുടെ പൊതുപ്രവർത്തനം ജനകീയതയുടെ മറ്റൊരു പേരായിരുന്നു. ആദ്യ ടേമിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായും പിന്നീട് വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായും പ്രവർത്തിച്ച അവർ, സ്വന്തം വാർഡിന്റെ അതിരുകൾക്കപ്പുറം പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് നേതൃത്വം നൽകി. ഭരണ-പ്രതിപക്ഷ വേർതിരിവുകൾക്കപ്പുറം എല്ലാവരെയും ചേർത്തുപിടിച്ച വികസന കാഴ്ചപ്പാടാണ് അവരെ വേറിട്ടുനിർത്തിയത്.

പൊറ്റമ്മൽ പ്രദേശത്തെ വൈദ്യുതി വോൾട്ടേജ് പ്രശ്നം പരിഹരിക്കാൻ ട്രാൻസ്ഫോർമർ സ്ഥാപിക്കേണ്ടിവന്നപ്പോൾ അതിനാവശ്യമായ ഭൂമി സ്വന്തം സ്ഥലത്ത് നിന്ന് വിട്ടുനൽകാൻ മടിക്കാത്ത മനസ്സും ആയിഷയുടെ പൊതുസേവന മനോഭാവത്തിന്റെ ഉദാഹരണമാണ്.

പൊതുപ്രവർത്തനത്തിനൊപ്പം പാലിയേറ്റീവ് സേവനരംഗത്തും അവർ സജീവസാന്നിധ്യമായിരുന്നു. രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസമാകുന്ന സേവനപ്രവർത്തനങ്ങളിലും മയ്യിത്ത് പരിപാലന പ്രവർത്തനങ്ങളിലുമെല്ലാം മുൻനിരയിൽ പ്രവർത്തിച്ചു. വനിതാ-ശിശുക്ഷേമ പ്രവർത്തനങ്ങളിലും ചൂലൂർ സി.എച്ച്. സെന്ററിന്റെ വനിതാ വിഭാഗം ക്യാപ്റ്റനായും അവർ നിർവഹിച്ച സേവനങ്ങൾ സമൂഹത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു.

ജീവിതത്തെ ആഘോഷമാക്കാൻ അറിയുന്ന വ്യക്തിയുമായിരുന്നു ആയിഷ. യാത്രകളെ ഏറെ ഇഷ്ടപ്പെട്ട അവർ, ഓരോ യാത്രയും നർമം കലർത്തി മറ്റുള്ളവരുമായി പങ്കുവെക്കുമായിരുന്നു. നല്ലൊരു ഗായികയായിരുന്ന അവർ ഭിന്നശേഷിക്കാരായ കുട്ടികളുടെയും പാലിയേറ്റീവ് രോഗികളുടെയും വിനോദയാത്രകളിൽ പാട്ടിലൂടെ സന്തോഷവും പ്രതീക്ഷയും പകർന്നിരുന്നു. സേവനത്തിനൊപ്പം സന്തോഷവും പങ്കുവെക്കാമെന്ന് അവർ ജീവിതത്തിലൂടെ തെളിയിച്ചു.

അടുത്തിടെയാണ് ചൂലൂർ സി.എച്ച്. സെന്ററിന്റെ നേതൃത്വത്തിൽ വനിതാ വളണ്ടിയർമാർക്കായി സംഘടിപ്പിച്ച സഞ്ചരിക്കുന്ന സേവന ക്യാമ്പിന്റെ പ്രധാന സംഘാടകരിൽ ഒരാളായി അവർ പ്രവർത്തിച്ചത്. അവസാന നിമിഷംവരെ സേവനത്തിന്റെ തിരക്കിലായിരുന്ന ജീവിതമാണ് അപകടം അപ്രതീക്ഷിതമായി അവസാനിപ്പിച്ചത്.

ആയിഷയുടെ വിയോഗവാർത്തയറിഞ്ഞ് വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ നേതാക്കളും ജനപ്രതിനിധികളും പൊതുപ്രവർത്തകരും വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ ഡൽഹിയിൽ നിന്നുതന്നെ ബന്ധുക്കളെ ബന്ധപ്പെട്ട് അനുശോചനം അറിയിച്ചു.

ഒരു ജനപ്രതിനിധി എന്നതിലുപരി, ബന്ധങ്ങൾക്ക് വില കൽപ്പിച്ച മനുഷ്യസ്നേഹി, സേവനത്തെ ജീവിതമാക്കിയ സാമൂഹിക പ്രവർത്തക, പാട്ടിലൂടെയും പുഞ്ചിരിയിലൂടെയും പ്രതീക്ഷ പകർന്ന സഹയാത്രിക—ഇങ്ങനെയാണ് ആയിഷ ചേലപ്പുറത്തെ ജനങ്ങൾ ഓർക്കുന്നത്. ജനഹൃദയങ്ങളിൽ അവർ നേടിയ സ്ഥാനം ഒരു പദവിക്കും നൽകാനാകാത്ത ബഹുമതിയാണ്. ആ സ്നേഹത്തിന്റെ സാക്ഷ്യമായിരുന്നു അവരുടെ ഖബറടക്കച്ചടങ്ങിൽ ഒഴുകിയെത്തിയ ആയിരങ്ങൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)